തിരുവനന്തപുരം: അദ്ധ്യക്ഷ സ്ഥാനമൊഴിയില്ലെന്ന നിലപാട് കെ. സുധാകരൻ കടുപ്പിച്ചതും, ഇതിനെ ചില മുതിർന്ന നേതാക്കൾ പിന്തുണച്ചതും കാരണം കെ.പി.സി.സി പുനഃസംഘടനാവിഷയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് സമ്മർദ്ദത്തിൽ. സുധാകരനുള്ള പിന്തുണ ചില നേതാക്കൾ ദേശീയ നേതൃത്വത്തെ നേരിട്ടറിയിച്ചതോടെയാണ് നേതൃമാറ്റ പ്രതിസന്ധിയുടെ ആഴം കൂടിയത്. കോൺഗ്രസിലെ പ്രതിസന്ധി യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ഉലയ്‌ക്കുമെന്ന ആശങ്ക ഘടകകക്ഷികളും പ്രകടിപ്പിച്ചു.
അന്തരീക്ഷം വഷളാവാതിരിക്കാൻ ഹൈക്കമാൻഡ് തീരുമാനം ഇന്നോ നാളെയോ ഉണ്ടാവും. സുധാകരന്റെ പരസ്യപ്രതികരണം ഹൈക്കമാൻഡിനെ ചൊടിപ്പിച്ചെങ്കിലും അദ്ദേഹത്തെ അനുനയിപ്പിച്ചുള്ള തീരുമാനത്തിനാണ് സാദ്ധ്യത. ഇതിനിടെ സുധാകരനെ അനുകൂലിച്ച് എറണാകുളം, കണ്ണൂർ, കോട്ടയം ജില്ലകളിൽ വ്യാപകമായി പോസ്റ്ററുകളും ഫ്ളക്സുകളും നിരന്നിട്ടുണ്ട്. വിവാദങ്ങൾക്കിടയാക്കിയ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ മാറ്രണമെന്നാണ് സുധാകര പക്ഷത്തിന്റെ ആവശ്യം.
തിങ്കളാഴ്ച സുധാകരൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വീട്ടിലെത്തി കണ്ടിരുന്നു. പിന്നാലെ ഇന്നലെ സോണിയാ ഗാന്ധിയുമായി ആന്റണി ഫോണിൽ സംസാരിച്ചു. അദ്ധ്യക്ഷനെ മാറ്റുന്നതിന് പകരം സമ്പൂർണ ഉടച്ചുവാർക്കൽ വേണമെന്നാണ് ആന്റണി നിർദ്ദേശിച്ചത്. ഇതിനോട് സോണിയ യോജിച്ചെന്നും അറിയുന്നു.
പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഡൽഹിയിലുണ്ട്. കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരനെ കെ. സുധാകരൻ ഇന്നലെ വീട്ടിൽ സന്ദർശിച്ചു. മുൻ പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരനും സുധാകരനെ മാറ്റരുതെന്ന അഭിപ്രായമാണ് നേതൃത്വത്തെ അറിയിച്ചത്. ചെന്നിത്തലയും ഡോ. ശശിതരൂരും സമാന അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. മാറ്റത്തെക്കുറിച്ച് പറയാനില്ലെന്നും, സമയമാവുമ്പോൾ അറിയിക്കാമെന്നും സുധാകരൻ ഇന്നലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഇത് അനുനയത്തിന് വഴങ്ങില്ലെന്നതിന്റെ സൂചനയാണ്.
പകരക്കാരനോടും എതിർപ്പ്
പകരക്കാരനായി ആന്റോആന്റണി എം.പിയുടെ പേര് വന്നതാണ് സുധാകര പക്ഷത്തെ കൂടുതൽ ചൊടിപ്പിച്ചത്. കേരളത്തിൽ തലയെടുപ്പുള്ള, വൻ ജനപിന്തുണയുള്ള സുധാകരനെ പോലൊരു നേതാവിന് പകരക്കാരനാവാൻ എങ്ങനെ ആന്റോ ആന്റണിക്ക് കഴിയുമെന്നാണ് അവരുടെ ചോദ്യം. സമുദായ പരിഗണന മാത്രം നോക്കിയാൽ കോൺഗ്രസിനും യു.ഡി.എഫിനും ഗുണം കിട്ടുമോ എന്നും അവർ ചോദിക്കുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വരാനിരിക്കെ അഴിച്ചുപണിയുണ്ടായാൽ പാർട്ടിയിലെ ഇപ്പോഴത്തെ ഐക്യത്തിൽ വിള്ളലുണ്ടാക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |