പാട്ന: ഹോംഗാർഡ് റിക്രൂട്ട്‌മെന്റിനെത്തിയ യുവതിയെ ആംബുലൻസിൽവച്ച് കൂട്ടമാനഭംഗത്തിനിരയാക്കിയതായി പരാതി. ബീഹാറിലെ ഗയ ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം. സംഭവത്തിൽ ആംബുലൻസ് ഡ്രൈവറായ വിനയ്‌കുമാർ, ടെക്നീഷ്യൻ അജിത്കുമാർ എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ഹോംഗാർഡ് റിക്രൂട്ട്‌മെന്റിന്റെ ഭാഗമായുള്ള ശാരീരികക്ഷമതാ പരിശോധനയ്ക്കാണ് 26കാരി ബോധ്ഗയയിലെ മിലിട്ടറി പൊലീസ് ഗ്രൗണ്ടിലെത്തിയത്. പരിശോധനയ്ക്കിടെ യുവതി ബോധരഹിതയായി വീണു. അധികൃതർ സ്ഥലത്തുണ്ടായിരുന്ന ആംബുലൻസിൽ യുവതിയെ ആശുപത്രിയിലേക്ക് അയച്ചു. എന്നാൽ, യാത്രയ്ക്കിടെ ആംബുലൻസിൽവച്ച് ചിലർ തന്നെ ഉപദ്രവിച്ചെന്ന്
യുവതി പറയുന്നു. ആ സമയം താൻ അർദ്ധബോധാവസ്ഥയിലായിരുന്നുവെന്നും മൂന്നോ നാലോ പേർ തന്നെ ഉപദ്രവിച്ചെന്നും പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ബോധ്ഗയ പൊലീസ് കേസെടുത്തു. പിന്നാലെ കേസ് പ്രത്യേക അന്വേഷണസംഘത്തിനുവിട്ടു. അറസ്റ്റിലായവരെ ചോദ്യംചെയ്തുവരികയാണെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ബീഹാറിലെ ക്രമസമാധാന നില തകർന്നതായി ലോക്‌ജനശക്തി പാർട്ടി (രാം വിലാസ്) എം.പി ചിരാഗ് പാസ്വാൻ വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |