റാപ്പർ വേടനെ അറിയില്ലെന്ന് പറഞ്ഞതിന് ഗായകൻ എംജി ശ്രീകുമാർ നിരവധി ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ സമാന അനുഭവം നേരിടുകയാണ് ഗായകൻ ജാസി ഗിഫ്റ്റ്. വേടനുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് ജാസി ഗിഫ്റ്റിന്റെ പ്രതികരണമാണ് വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്.
പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിനിടെ വേടന്റെ സംഗീതവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ചോദ്യം പോലും ശരിക്ക് കേൾക്കാൻ നിൽക്കാതെ ഫോൺ വന്നതായി കാട്ടിയിട്ട് മറ്റ് പല കാര്യങ്ങളും സംസാരിക്കുകയാണ് ജാസി ഗിഫ്റ്റ് ചെയ്തത്. അഭിമുഖം വൈറലായതിന് പിന്നാലെയാണ് ജാസിക്കെതിരെ വിമർശനം ഉയരുന്നത്.
'വേടനെക്കുറിച്ച് ചോദിച്ചപ്പോൾ ജാസി ഗിഫ്റ്റ് ചെയ്തത് സെൻസ് ഒഫ് ഹ്യൂമറല്ല, വെറും ഈഗോയാണ്, അസൂയയാണ്', 'ഇവരുടെ യഥാർത്ഥ മുഖം തുറന്നുകാണിച്ചതിന് നന്ദി', 'നിലപാടില്ലാത്തവർ, ജാസി ചെയ്തത് മോശമായിപോയി', 'ഇതൊക്കെ തന്നെയാണ് വേടൻ പാട്ടിലൂടെ പറയുന്നത്', 'ജാസിക്ക് ശരിക്കും വേടനെ പേടിയാണ്'- തുടങ്ങിയ കമന്റുകളാണ് അഭിമുഖത്തിന് ലഭിക്കുന്നത്. എംജി ശ്രീകുമാറിനെ വിമർശിച്ചവർ ജാസി ഗിഫ്റ്റിന്റെ കാര്യത്തിൽ എങ്ങനെ പ്രതികരിക്കുന്നതെന്ന് കാണണമെന്ന് ബിഗ് ബോസ് താരം സായ് കൃഷ്ണ പറഞ്ഞതും ശ്രദ്ധനേടുകയാണ്.
അതേസമയം, വേടനെ അറിയില്ലെന്ന് പറഞ്ഞതിൽ കഴിഞ്ഞദിവസം എംജി ശ്രീകുമാർ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. 'ഒരു ചാനൽ എന്നെ വിളിച്ച് ലഹരി ഉപയോഗിച്ച് കൊണ്ട് ഗായകർ പാടുന്നത് ശരിയാണോ എന്ന് ചോദിച്ചതിന്, മറുപടിയായി, എന്റെ സ്വന്തം കാര്യം മാത്രമാണ് മറുപടി പറഞ്ഞത്. അത് മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്. വേടനെ (ഹിരൺ ദാസ് മുരളി) എനിക്ക് സത്യത്തിൽ അറിഞ്ഞുകൂടാ. പരിചയമില്ല. അദ്ദേഹത്തിന്റെ ഷോ നേരിട്ട് കണ്ടിട്ടുമില്ല. ഫേസ്‌ബുക്കിൽ ചില ഭാഗങ്ങൾ കണ്ടിട്ടുണ്ട്. നല്ല ജനപ്രീതി ഉള്ള ഗായകൻ. നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അദ്ദേഹത്തിനും, ബാൻഡിനും എല്ലാ നന്മകളും നേരുന്നു'- എന്നായിരുന്നു എംജി ശ്രീകുമാർ ഒരു ഗാനരചയിതാവായ മൃദുലാ ദേവി എസിന്റെ ഫേസ്‌ബുക്ക് കുറിപ്പിന് മറുപടിയായി വ്യക്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |