ആലപ്പുഴ: നെല്ല് സംഭരണത്തിൽ പി.ആർ.എസ് വായ്പയുമായി ബന്ധപ്പെട്ട ബാങ്കുകളുടെ ധാരണാപത്രം പുതുക്കുന്നതിൽ അനിശ്ചിതത്വം തുടരവേ, മുൻ സീസണുകളിൽ നെല്ല് സംഭരിച്ച വകയിൽ സപ്ളൈകോയ്ക്ക് കിട്ടാനുള്ളത് 2049.02 കോടി. കേന്ദ്ര വിഹിതം 1108.9 കോടി. സംസ്ഥാന വിഹിതം 940.12 കോടി. പുഞ്ചകൃഷിയുടെ നെല്ല് സംഭരണം അവസാന ഘട്ടത്തിലെത്തിയിട്ടും ആദ്യറൗണ്ടിൽ സംഭരിച്ച നെല്ലിന്റെ വിലപോലും ഇതുമൂലം സപ്ളൈകോയ്ക്ക് വിതരണം ചെയ്യാനാകുന്നില്ല. മുഖ്യമന്ത്രി ഇടപെടുമെന്നാണ് പ്രതീക്ഷ.
അതേസമയം, ഈ സീസണിൽ ജോലിക്കൂലി ഉൾപ്പെടെ പുതുക്കി നിശ്ചയിച്ച് ഉത്തരവിറക്കിയിട്ടും നെൽവില ഉയർത്താനോ കൈകാര്യച്ചെലവ് വർദ്ധിപ്പിച്ച് കർഷകരെ സംരക്ഷിക്കാനോ സർക്കാർ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. കേന്ദ്രം സംഭരണവില വർദ്ധിപ്പിച്ചപ്പോഴൊക്കെ അതിന് ആനുപാതികമായി സംസ്ഥാന വിഹിതം പലപ്പോഴും കുറച്ചതും കർഷകർക്ക് തിരിച്ചടിയായി. 2015-16ൽ ഒരു കിലോ നെല്ലിന് 7.40 രൂപയായിരുന്നു സംസ്ഥാന വിഹിതം. ഇപ്പോഴത് 6.37 രൂപയായി കുറഞ്ഞു. കേന്ദ്ര വിഹിതം 14.10 രൂപയിൽനിന്ന് പത്തു വർഷംകൊണ്ട് 21.83 രൂപയായി വർദ്ധിച്ചപ്പോഴാണ് സംസ്ഥാന വിഹിതം 6.37 ആയി കുറഞ്ഞത്.
സംഭരണ വിലയും കേന്ദ്ര,
സംസ്ഥാന വിഹിതങ്ങളും
(വർഷം, സംഭരണവില,കേന്ദ്രവിഹിതം,
സംസ്ഥാന വിഹിതം ക്രമത്തിൽ. വില രൂപയിൽ)
2017-18..........23.30, 15.50, 7.80
2018-19 .........25.30, 17.50, 7.80
2019-20..........26.95, 18.15, 8.80
2020-21..........27.48, 18.68, 8.80
2021-22 ........ 28.00, 19.40, 8.60
2022-23 ........ 28.20, 20.40, 7.80
2023-24......... 28.20, 21.83, 6.37
2024-25..........28.20, 21.83, 6.37
''സപ്ളൈകോയ്ക്ക് നൽകാനുള്ള കുടിശിക കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ലഭ്യമാക്കണം. ഉത്പാദനച്ചെലവിന് ആനുപാതികമായി നെല്ലിന്റെ വിലയും കൈകാര്യച്ചെലവും വർദ്ധിപ്പിക്കണം. സംസ്ഥാന വിഹിതം കുറയ്ക്കുന്നത് അംഗീകരിക്കാനാകില്ല
-അനിൽകുമാർ,
കൈനകരി,
നെൽകർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |