ചിറയിൻകീഴ്: മുതലപ്പൊഴിയിൽ ഇന്നലെ ചന്ദ്രഗിരി ഡ്രഡ്ജർ, ഡ്രഡ്ജിംഗ് ആരംഭിച്ചു. ഇന്നലെ വൈകിട്ടോടെയാണ് ഡ്രഡ്ജിംഗ് ആരംഭിച്ചത്. അഴിമുഖത്തുനിന്ന് മാറ്റുന്ന മണൽ താഴംമ്പള്ളി ഭാഗത്താണ് നിക്ഷേപിക്കുന്നത്. താഴംമ്പള്ളി ഭാഗത്തെ പുലിമുട്ടിന്റെ മുകളിലൂടെ കടത്തിവിട്ടിരുന്ന സോയിൽ പൈപ്പ് വി ആകൃതിയിൽ മടങ്ങി കിടന്നതിനാൽ നല്ല പ്രഷറിൽ പമ്പിംഗ് നടത്താൻ കഴിഞ്ഞില്ല.
തുടർന്ന് ഡ്രഡ്ജിംഗ് നിറുത്തിവച്ച് സോയിൽ പൈപ്പ് നേരെയാക്കാനുളള ശ്രമം ആരംഭിച്ചു. രാത്രിയോടെ ഈ ജോലികൾ പൂർത്തിയാക്കി ഇന്ന് മുതൽ പൂർണ തോതിൽ ഡ്രഡ്ജിംഗ് ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. പകൽ മാത്രമാണ് നിലവിൽ ഡ്രഡ്ജിംഗ് നടത്താൻ പദ്ധതി.
അഴിമുഖത്ത് 20 മീറ്റർ വീതിയിലും അഞ്ചുമീറ്റർ താഴ്ചയിലുമാണ് ആദ്യഘട്ടത്തിൽ മണൽ ഡ്രഡ്ജ് ചെയ്യുന്നത്. ഡ്രഡ്ജ് ചെയ്യേണ്ട സ്ഥലം ഹാർബർ എൻജിനിയറിംഗ് വകുപ്പ് മാർക്ക് ചെയ്ത് ഡ്രഡ്ജിംഗ് പ്രതിനിധികൾക്ക് നൽകിയിട്ടുണ്ട്. ഈ കനാലിലൂടെ താങ്ങുവല വള്ളങ്ങൾക്ക് സുഖമായി കടന്നുപോകാൻ സാധിക്കും.
മണിക്കൂറിൽ 400 ക്യൂബിക് മീറ്റർ മണലും 10 മീറ്റർ താഴ്ചയിലും ഡ്രഡ്ജ് ചെയ്യാൻ കപ്പാസിറ്റി ഉള്ളതാണ് ഈ ഡ്രഡ്ജർ. എത്ര ദിവസം കൊണ്ട് മണൽ നീക്കം സാദ്ധ്യമാകൂവെന്ന് ഡ്രഡ്ജറിന്റെ പവർ കൂടി പരിശോധിച്ച ശേഷം മാത്രമേ പറയാനാവൂ.
ഡ്രഡ്ജിംഗ് ആരംഭിച്ചതോടെ മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾക്ക് വിരാമമായിരിക്കുകയാണ്. സംയുക്ത സമരസമിതിയുടെയും അനിശ്ചിതകാല സമരം ഇന്നലെ അവസാനിച്ചു. സമരം പൂർണമായി പിൻവലിച്ചില്ലെന്നും മണൽ നീക്കത്തിന്റെ പ്രവർത്തനം വിലയിരുത്തി ഇനിയും വീഴ്ചയുണ്ടായാൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു
ഫോട്ടോ ക്യാപ്ഷൻ: മുതലപ്പൊഴിയിൽ ചന്ദ്രഗിരി ഡ്രഡ്ജർ ഡ്രഡ്ജിംഗ് ആരംഭിച്ചപ്പോൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |