കോഴിക്കോട്: ഒരു കാലത്ത് കോഴിക്കോടിനെ സുന്ദരമാക്കിയിരുന്ന കനോലി കനാൽ ഇന്ന് കോർപ്പറേഷനിലെ കൊതുകുവളർത്തു കേന്ദ്രം !. വെെകുന്നേരങ്ങൾ ചെലവിടാൻ സരോവരം ബയോ പാർക്കിലെത്തുന്ന സന്ദർശകർ ദുർഗന്ധത്തിൽ വീർപ്പുമുട്ടുകയാണ്. വാഹനയാത്രക്കാർക്കു പോലും മൂക്കു പൊത്തേണ്ട സ്ഥിതി. ഫാക്ടറിയിൽ നിന്ന് ഒഴുകിയെത്തിയ മലിനജലം പോലെ കറുത്ത വെള്ളമാണ്. കനാൽവഴിയിൽ ആശുപത്രി ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളും വീടുകളും വിനോദ കേന്ദ്രവുമുണ്ട്. ദുർഗന്ധം ബിസിനസിനെ ബാധിക്കുന്നതായി വ്യാപാരികൾ പറയുന്നു. സമീപത്തെ കിണറുകളും കുടിവെള്ള സ്രോതസുകളും മലിനപ്പെടുന്നതായും ആക്ഷേപമുണ്ട്. വേനൽ കടുത്തതോടെയാണ് നീരൊഴുക്ക് പൂർണമായും നിലച്ചത്. വെള്ളം കുറഞ്ഞതോടെ കനാലിന്റെ പലഭാഗത്തും മൺതിട്ടകളും അടിഞ്ഞു കൂടിയ മാലിന്യവും കാണാം. കനാൽ കല്ലായി പുഴയോട് ചേരുന്ന ഭാഗത്തടക്കം വലിയ മണൽത്തിട്ടകളുണ്ട്. കനാൽ ശുചീകരണത്തിന് നേരത്തെ പലതവണ കോർപ്പറേഷന്റെയും ജില്ല ഭരണകൂടത്തിന്റെയും പ്രചാരണം നടത്തിയിരുന്നു. ജനകീയ പങ്കാളിത്തത്തോടെ ശുചിയാക്കി സംരക്ഷിക്കാനായിരുന്നു പദ്ധതി. ഒന്നും നടപ്പായില്ല. മനസു വച്ചാൽ പഴയ പ്രതാപത്തിലേക്ക് കനോലി കനാലിനെ കൊണ്ടുവരാനാകുമെന്ന് നഗരവാസികൾ പറയുന്നു.
എങ്ങനെ കനോലി കനാൽ
കോഴിക്കോട് കളക്ടറായിരുന്ന കനോലി സായിപ്പാണ് മലബാറിലെ നദികളെ ബന്ധിപ്പിച്ച് ജലഗതാഗത മാർഗമുണ്ടാക്കാൻ തീരുമാനിച്ചത്. പൊന്നാനി മുതൽ ചാവക്കാട് വരെയുള്ളവയെ സംയോജിപ്പിക്കുന്ന കനാലുകളുണ്ടാക്കി. ആദ്യപടിയായി കല്ലായിപ്പുഴയെ എലത്തൂർ പുഴയുമായി ബന്ധിപ്പിക്കുന്ന കനാലുണ്ടാക്കി. ഇതാണ് കനോലി കനാൽ. സാമൂതിരി രാജാവും മറ്റ് ഭൂവുടമകളും കനാൽ നിർമ്മാണത്തിന് സൗജന്യമായി സ്ഥലം വിട്ടുകൊടുത്തു. ആദ്യകാലത്ത് എലത്തൂർ - കല്ലായി കനാലെന്നാണ് അറിയപ്പെട്ടിരുത്.
ഒഴുക്ക് നിലച്ച ചില സ്ഥലങ്ങൾ
പുതിയറ
അരയിടത്തുപാലം
സരോവരം പാർക്ക്
എരഞ്ഞിപ്പാലം
കാരപ്പറമ്പ്
ഇപ്പോൾ ഒഴുക്കു നിലച്ച ദുർഗന്ധ കനാൽ. തോണികളും ചങ്ങാടങ്ങളും സജീവമായിരുന്ന കനാൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |