കിളിമാനൂർ: വെള്ളല്ലൂർ ഊന്നൻകല്ല് പുല്ലുവിളാകം ശ്രീ ഭദ്ര ദുർഗാ ദേവീ ക്ഷേത്രത്തിലെ അത്തം മഹോത്സവത്തോടനുബന്ധിച്ച് നടത്താനിരുന്ന വേടന്റെ പരിപാടി മുടങ്ങി. പരിപാടി കാണാൻ ഉച്ചയോടെ മുക്കാൽ ലക്ഷത്തോളം പേരാണ് സ്ഥലത്തെത്തിയത്. വൈകിട്ട് 4.30ഓടെ വേടൻ സ്ഥലത്തെത്തി സ്റ്റേജും സൗണ്ട് സിസ്റ്റവും പരിശോധിച്ച് വിശ്രമസ്ഥലത്തേക്ക് മടങ്ങി.എന്നാൽ സ്റ്റേജിന്റെ എൽ.ഇ.ഡി ഡിസ്‌പ്ലേ ടെക്നീഷ്യൻ മരിച്ചതറിഞ്ഞതോടെ പ്രോഗ്രാം വൈകി. ജനത്തിരക്ക് കാരണം വേടന് സ്ഥലത്തെത്താൻ കഴിഞ്ഞില്ല. ഇതോടെ പരിപാടി മുടങ്ങി. വിവരം ഭാരവാഹികൾ മൈക്കിലൂടെ പ്രേക്ഷകരെ അറിയിച്ചതോടെ സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞ് ആരാധകർ പ്രതിഷേധിച്ചു.
അതേസമയം, എൽ.ഇ.ഡി ഡിസ്‌പ്ലേ ടെക്നീഷ്യൻ മരിച്ചതിൽ മനോവിഷമമുണ്ടെന്നും ഈ സാഹചര്യത്തിൽ വേദിയിൽ പാടാൻ മാനസികമായ ബുദ്ധിമുട്ടുണ്ടെന്നും വേടൻ അറിയിച്ചു. മറ്റൊരുദിവസം ഇതേ നാടിന് മുന്നിൽ പാടാൻ വരുമെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങൾക്ക് ശേഷമുള്ള വേടന്റെ ജില്ലയിലെ രണ്ടാമത്തെ പരിപാടിയായിരുന്നു കിളിമാനൂരിൽ നടത്താനിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |