മോഹൻലാൽ എന്നെ താരത്തെ സൂപ്പർതാരമാക്കി മാറ്റിയ ചിത്രമാണ് രാജാവിന്റെ മകൻ. 1986ൽ പുറത്തിറങ്ങിയ ഈ സൂപ്പർഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് ആയിരുന്നു. എന്നാൽ രാജാവിന്റെ മകനിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ഇരുവരുടെയും വിജയഗാഥ. തുടർന്ന് വന്ന നമ്പർ 20 മദ്രാസ് മെയിൽ, അപ്പു, ഇന്ദ്രജാലം തുടങ്ങിയ ചിത്രങ്ങളിലൂടെ ഹിറ്റുകൾ വീണ്ടും പിറന്നു. എന്നാൽ അപ്പു എന്ന ചിത്രത്തിന് മുമ്പ് മോഹൻലാലിനെ നായകനാക്കി മറ്റൊരു വലിയ ചിത്രം താൻ പ്ളാൻ ചെയ്‌തിരുന്നതായി വെളിപ്പെടുത്തുകയാണ് ഡെന്നിസ് ജോസഫ്. സാക്ഷാൽ പദ്‌മരാജനായിരുന്നു ആ സിനിമയിൽ ലാലിന്റെ വില്ലനാകുന്നത് എന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത.
ഒരു വലിയ സംഗീതജ്ഞൻ അമേരിക്കയിൽ കച്ചേരിക്ക് പോകുന്നതും തുടർന്നുള്ള അദ്ദേഹത്തിന്റെ തിരോധാനവും ഒക്കെയായിരുന്നു ഇതിവൃത്തം. സംഗീതജ്ഞനെ തേടിപോകുന്ന കൊച്ചുമകനായി മോഹൻലാലും. എന്നാൽ തിരക്കഥ പൂർത്തിയായിട്ടും ആ സിനിമ യഥാർത്ഥ്യമായില്ല. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ രാജാവിന്റെ മകനേക്കാൾ ഹിറ്റാകേണ്ടിയിരുന്ന ആ തിരക്കഥ എന്തുകൊണ്ട് സിനിമയായില്ല എന്നു പറയുകയാണ് ഡെന്നിസ് ജോസഫ്. ഒരു മാദ്ധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.
ഡെന്നിസ് ജോസഫിന്റെ വാക്കുകൾ-
'മനു അങ്കിളിന് ശേഷം അടുത്തതായി ഞാൻ ചെയ്യാനിരുന്ന സിനിമ അപ്പു ആയിരുന്നില്ല. രണ്ട് സിനിമകൾ ഒരേ സമയം സെവൻ ആർട്‌സ് വിജയകുമാർ അമേരിക്കയിൽ എടുക്കാൻ തീരുമാനിച്ചു. ഒന്ന് മോഹൻലാൽ- പ്രിയദർശൻ ടീമിന്റേതാണ്. അക്കരെ അക്കരെ അക്കരെ. മറ്റൊന്ന് ഞാൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നതും. എന്റെ തിരക്കഥ ഏതാണ്ട് പൂർത്തിയായി. പാട്ടും റെക്കോർഡ് ചെയ്‌തു. വലിയ ഒരു സംഗീതജ്ഞൻ അമേരിക്കയിൽ കച്ചേരിക്ക് പോകുന്നതും അദ്ദേഹത്തെ കാണാതാകുന്നതും പിന്നീട് പത്തിരുപത് വർഷങ്ങൾക്ക് ശേഷം കൊച്ചുമകൻ അദ്ദേഹത്തെ തേടിപോകുന്നതുമാണ് കഥ. കൊച്ചുമകൻ മോഹൻലാലാണ്.
പ്രസിദ്ധ സംഗീതജ്ഞരെ പീഡിപ്പിച്ചും തടവിലിട്ടും അവരെ മറ്റ് രീതിയിൽ ബ്ളാക്ക് മെയിൽ ചെയ്‌തും അവരുടെ സൃഷ്‌ടികൾ സ്വന്തമാക്കി വിജയിക്കുന്ന ഒരു ക്രിമിനൽ ജീനിയസിന്റെ കഥയാണ് ഞാൻ എഴുതിയത്. മുത്തച്ഛന്റെ വേഷത്തിൽ ആദ്യം നെടുമുടി വേണുവിനെയാണ് ഉദ്ദേശിച്ചതെങ്കിലും പിന്നീട് സുബിൻ മേത്തയെ പോലൊരാൾ വേണമെന്ന് തോന്നി. ഇന്ത്യൻ വംശജനായ പാശ്ചാത്യ സംഗീതജ്ഞൻ. 500 പീസ് ഓർക്കസ്‌ട്രയൊക്കെ വച്ച് ഭീകരമായി സംഗീതം ഒരുക്കുന്നു. ഒരു ക്രിമിനൽ ജീനിയസ്. ആ റോളിൽ ആരെ അഭിനയിപ്പിക്കും എന്ന് ആശങ്കയായി. അവസാനം ഒരാൾ മനസിലെത്തി. തീരുമാനം വിജയകുമാറിനോട് പറഞ്ഞു. വിജയകുമാറിനും സന്തോഷമായി. അദ്ദേഹം സമ്മതിക്കുമെങ്കിൽ ഓകെ എന്നു പറഞ്ഞു. ഞാൻ മനസിൽ കണ്ടത് പദ്‌മരാജനെയായിരുന്നു. അദ്ദേഹത്തെ കണ്ട് കാര്യം പറഞ്ഞപ്പോൾ, പപ്പേട്ടന് ആദ്യം തമാശ തോന്നി പിന്നീട് സമ്മതിച്ചു.
ഒരുദിവസം പപ്പേട്ടൻ എന്നെ വിളിച്ചു. എനിക്ക് രാത്രിയിൽ കിടന്നിട്ട് ഉറക്കം വരുന്നില്ല. അഭിനയിക്കണം എന്ന് നീ പറഞ്ഞപ്പോൾ ആദ്യം സമ്മതിച്ചെങ്കിലും പിന്നെ ഒരു സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട റോൾ ആദി മധ്യാന്തം ഉള്ള ഒരു വില്ലൻ റോൾ അഭിനയിക്കുക എന്നു പറഞ്ഞാൽ പേടി തോന്നുന്നു. എന്നെ ഒഴിവാക്കണം എന്നു പറഞ്ഞു. ഞങ്ങൾ നിരാശരായി വേറെ ആളെ നോക്കാൻ തീരുമാനിച്ചു. എന്നാൽ ആസിനിമ നടന്നില്ല. എന്റെ സിനിമയ്‌ക്ക് കുറച്ചുകൂടി വിപുലമായ സൗകര്യങ്ങൾ വേണം. അത്ര സൗകര്യം ഒരുക്കിയെടുത്ത് അമേരിക്കയിൽ സിനിമ ചെയ്യാൻ നിർമ്മാതാവിന്റെ സ്ഥിതിയും സന്നാഹവും പോരാതെ വന്നു. ആ പ്രോജക്‌ട് അങ്ങനെ ഉപേക്ഷിച്ചു'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |