തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുരളീധരന്റെ തോൽവിക്ക് പിന്നാലെയുണ്ടായ വിവാദങ്ങളൊഴിഞ്ഞു നിൽക്കേ, കെ.പി.സി.സി പുനഃസംഘടനയിൽ സ്ഥാനമില്ലാതെ ടി.എൻ.പ്രതാപൻ പുറത്ത്. ലോക്‌സഭയിൽ തൃശൂരിൽ കെ.മുരളീധരനായി സീറ്റ് ഒഴിഞ്ഞതിനെ തുടർന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റായി നിയമിതനായ പ്രതാപന് സ്ഥാനനനഷ്ടം തിരിച്ചടിയാകും.
തിരഞ്ഞെടുപ്പിൽ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പോകുകയും ബി.ജെ.പി സ്ഥാനാർത്ഥിയായ സുരേഷ് ഗോപി ജയിക്കുകയും ചെയ്തു. തോൽവിക്ക് കാരണം പ്രതാപനും ജോസ് വള്ളൂരും കാര്യമായി പ്രവർത്തിക്കാത്തതാണെന്ന് കെ.മുരളീധരൻ ഉന്നതനേതാക്കളെ അറിയിച്ചിരുന്നു.
തോൽവിക്ക് ശേഷം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റായ പ്രതാപനെതിരെയും നടപടിയെടുക്കണമെന്ന് ആവശ്യമുയർന്നു. ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ജോസ് വള്ളൂരിനെ മാറ്റിയെങ്കിലും പ്രതാപനെതിരെ നടപടിയെടുത്തിരുന്നില്ല. പ്രതാപൻ അവസാന നിമിഷം പിന്മാറിയതോടെയാണ് കെ.മുരളീധരനെ സ്ഥാനാർത്ഥിയാക്കിയത്.
കോൺഗ്രസുകാർ കാലുവാരിയതാണ് തോൽവിക്ക് കാരണമെന്ന് മുരളീധരൻ ഉന്നത നേതാക്കളെ അറിയിച്ചിരുന്നു. ഡി.സി.സി പ്രസിഡന്റുണ്ടായിരുന്നിട്ടും വലിയ കാര്യമുണ്ടായിരുന്നില്ലെന്നും കെ.മുരളീധരൻ പരസ്യമായി പ്രതികരിച്ചു. അന്വേഷണ കമ്മിഷൻ നടത്തിയ തെളിവെടുപ്പിൽ പ്രതാപനും ജോസ് വള്ളൂരിനുമെതിരെ പരാതികളും ഉയർന്നിരുന്നു. ജോസ് വള്ളൂരിനെ മാറ്റിയ ശേഷം മാസങ്ങളോളം തൃശൂരിന് ഡി.സി.സി പ്രസിഡന്റിനെ നിയമിച്ചിരുന്നില്ല. തങ്ങളെ യാതൊരു ആവശ്യവുമില്ലാതെയാണ് മാറ്റിയതെന്ന മുൻ ഡി.സി.സി പ്രസിഡന്റിന്റെയും പ്രതാപന്റെയും എതിർപ്പിനെ തുടർന്നാണ് അനിശ്ചിതത്വം നിലനിന്നത്.
പ്രതിഷേധം ഫലം കണ്ടു
തന്നെ വിളിച്ചുവരുത്തി തൃശൂരിൽ നാണം കെടുത്തിയതിനെതിരെ പ്രതാപനടക്കമുള്ള നേതാക്കൾക്കെതിരെ കടുത്ത പ്രതിഷേധത്തിലായിരുന്നു മുരളീധരൻ. സമയം വരുമ്പോൾ കാണാമെന്നും അടുത്ത അനുയായികൾക്ക് മുരളീധരൻ സൂചന നൽകിയിരുന്നു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ടി.എൻ.പ്രതാപനെയും മാറ്റിയതോടെ മുരളീധരന്റെ പരാതിക്ക് ഏതാണ്ട് പരിഹാരമായി.
ടാജറ്റിന് മുരളിയുടെ പിന്തുണ
മുരളീധരൻ അടക്കമുള്ളവരുടെ പിന്തുണയോടെയാണ് ജോസഫ് ടാജറ്റ് പ്രസിഡന്റായത്. ഇതിനെതിരെ പല പരാതികൾ ഉയർന്നെങ്കിലും സംസ്ഥാന നേതൃത്വവും എ.ഐ.സി.സിയും അതൊന്നും പരിഗണിച്ചില്ല. പുതിയ പ്രസിഡന്റായി ജോസഫ് ടാജറ്റിനെ നിയമിച്ചതോടെ കോൺഗ്രസിന്റെ പ്രവർത്തനം കൂടുതൽ സജീവമായി. പാർട്ടിയിലെ സ്ഥാനം നഷ്ടപ്പെട്ടെങ്കിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുറപ്പിക്കാനുള്ള നീക്കങ്ങളിലായിരിക്കും ഇനി ടി.എൻ.പ്രതാപന്റെ ശ്രദ്ധ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |