തൃശൂർ : പൂരപ്പിറ്റേന്ന് രാത്രി തിരുവമ്പാടി - പാറമേക്കാവ് ഭഗവതിമാരും മറ്റ് ഘടക ക്ഷേത്രങ്ങളും ചടങ്ങുകൾ പൂർത്തിയാക്കി കൊടിയിറക്കിയതോടെ ഇത്തവണത്തെ പൂരത്തിന് പരിസമാപ്തി. കഴിഞ്ഞ ഏതാനും വർഷമായി പൂരത്തിന് മുമ്പ് തുടങ്ങുന്ന വിവാദങ്ങൾ പൂരം കഴിഞ്ഞിട്ടും തീരാത്ത സാഹചര്യമായിരുന്നു. എന്നാൽ ഇത്തവണ പൂരം സംഘാടനത്തിന് ജനങ്ങളുടെ നൂറിൽ നൂറ് മാർക്കാണ്. കഴിഞ്ഞവർഷത്തെ പൂരം അലങ്കോലപ്പെട്ടതിന്റെ വിവാദം ഇപ്പോഴും തുടരുകയാണ്. സാമ്പിൾ മുതൽ പിറ്റേന്ന് ഉച്ചയ്ക്ക് പകൽ വെടിക്കെട്ട് വരെ ജില്ലാ ഭരണകൂടവും പൊലീസും ദേവസ്വങ്ങളും അതിനൊപ്പം ഘടകക്ഷേത്രങ്ങളും ചേർന്ന് നടത്തിയ ഏകോപനവും ശ്രദ്ധ നേടി.
ജില്ലാ ഭരണകൂടത്തിന് അഭിനന്ദന പ്രവാഹം
കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിലായിരുന്നു ഔദ്യോഗിക ക്രമീകരണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. പെസോയുടെ നിയന്ത്രണം മറി കടക്കുന്നതിന്റെ ഭാഗമായി ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാരമുപയോഗിച്ചാണ് വെടിക്കെട്ട് നടത്തിയത്. അതിനുപുറമേ ഏത് വകുപ്പും തീരുമാനമെടുക്കുന്നത് കളക്ടർ അറിഞ്ഞ ശേഷമേ പാടൂള്ളൂവെന്ന നിർദ്ദേശം നിർണായകമായി. എല്ലായിടത്തും കളക്ടർ നടത്തിയ ഇടപെടലും സൗഹൃദങ്ങളും പൂരം നടത്തിപ്പിന് ഗുണകരമായി. രണ്ട് മാസം മുമ്പ് കൃത്യമായ യോഗം ചേർന്നു. വനം വകുപ്പിന്റെ പ്രവർത്തനവും ശ്രദ്ധേയമായിരുന്നു. പൂരദിവസം രാവിലെ മുതൽ പിറ്റേന്ന് ഉച്ചവരെ വിശ്രമം പോലുമില്ലാതെ കളക്ടറുടെ സാന്നിദ്ധ്യവും പൂരത്തിലുണ്ടായി. സബ് കളക്ടർ അഖിൽ വി.മേനോൻ, എ.ഡി.എം ടി.മുരളി, തഹസിദാർ ടി.ജയശ്രീ എന്നിവരുടെ നേതൃത്വം ശ്രദ്ധേയമായി.
കൈയടി നേടി പൊലീസ്
പൂരം അലങ്കോലപ്പെട്ടതിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന പൊലീസ് പക്ഷേ ഇത്തവണ നൂറിൽ നൂറ് മാർക്ക് നേടി. നാലായിരം പൊലീസുകാരെയാണ് സുരക്ഷയ്ക്ക് നിയോഗിച്ചിരുന്നത്. എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവും ഉണ്ടായില്ല. ഡി.ഐ.ജി എസ്.ഹരിശങ്കർ, സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, എ.സി.പി സലീഷ് എൻ.ശങ്കർ, സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി കെ.സി.സേതു, ജില്ലയിലെ മറ്റ് ഡിവൈ.എസ്.പിമാരായ വി.കെ.രാജു, സി.എസ്.സിനോജ്, സന്തോഷ് കുമാർ തുടങ്ങി പൂരം നടത്തിപ്പിൽ പരിചയസമ്പന്നരായവരുടെ സാന്നിദ്ധ്യവും ശ്രദ്ധേയമായി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വെങ്കിടേഷിന്റെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു. തേക്കിൻകാട് മൈതാനിയിലും സ്വരാജ് റൗണ്ടിൽ മുഴുവനായും കേൾക്കാവുന്ന മൈക്ക് അനൗൺസ്‌മെന്റ് സംവിധാനവും പ്രയോജനപ്രദമായി. സാമ്പിൾ വെടിക്കെട്ട് മുതൽ ഉപചാരം ചൊല്ലി പിരിയും വരെയുള്ള തത്സമയ അറിയിപ്പുമുണ്ടായി.
മന്ത്രിമാരുടെ സാന്നിദ്ധ്യം ശ്രദ്ധേയം
പൂരം നടത്തിപ്പിൽ മന്ത്രിമാരുടെ ഇടപെടലും നിർണായകമായി. ദേവസ്വംമന്ത്രി വി.എൻ.വാസൻ പൂർണസമയം ഉണ്ടായിരുന്നു. മന്ത്രി കെ.രാജൻ, മന്ത്രി ആർ.ബിന്ദു എന്നിവരുടെ നേതൃത്വവുമുണ്ടായിരുന്നു. സാമ്പിൾ മുതൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും നടത്തിപ്പിന് നേതൃത്വം നൽകി.
മികച്ച സേവനവുമായി അഗ്‌നിശമനസേനയും
തൃശൂർ: പൂരത്തിൽ മികച്ച സേവനവുമായി അഗ്‌നിശമനസേനാവിഭാഗവും. തേക്കിൻകാട് മൈതാനം,തൃശൂർ റൗണ്ട് എന്നിങ്ങനെ രണ്ട് സെക്ടറായി തിരിച്ചുള്ള സുരക്ഷാക്രമീകരണത്തിൽ ഒരു റീജണൽ ഫയർ ഓഫീസർ,രണ്ട് ജില്ലാ ഫയർ ഓഫീസർമാർ,11 സ്റ്റേഷൻ ഓഫീസർമാർ,നാല് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം.12 മൊബൈൽ ടെൻഡർ വാഹനവും,11 ആംബുലൻസും ക്രമീകരിച്ചിരുന്നു. തിരക്കിൽപ്പെട്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 163 പേരെ ആശുപത്രിയിലെത്തിച്ചത് സേനയുടെ ആംബുലൻസിലാണ്. ആന ഇടഞ്ഞ് പരിക്കേറ്റവരിൽ 13 പേർക്ക് സഹായവുമായി സേനയെത്തി. ഉപചാരം ചൊല്ലി പിരിയുന്നതും തുടർന്ന് നടന്ന വെടിക്കെട്ടിനിടയിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെയും സേന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ ആക്ട്‌സ്, സേവാഭാരതി, കോർപറേഷൻ, വടക്കുംനാഥൻ വാക്കേഴ്‌സ് ക്ലബ്ബ് എന്നിവരുടെ സേവനവും ഉണ്ടായിരുന്നു.
തൃശൂർ പൂരം ആദ്യമായാണ് നേരിട്ട് ആസ്വദിക്കുന്നത്. അതുകൊണ്ട് മനോഹരമായി പൂരത്തിന്റെ പൊലിമ ഒട്ടും ചോർന്നുപോകാതെ നടത്തണമെന്നത് വലിയൊരു കടമയും ആഗ്രഹവുമായി. പൂരത്തിന്റെ മികച്ച നടത്തിപ്പിനായി അഹോരാത്രം പ്രവർത്തിച്ച എല്ലാവർക്കും, ഒപ്പം നിന്ന് സഹകരിച്ച പൂര പ്രേമികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.
അർജുൻ പാണ്ഡ്യൻ
കളക്ടർ
പൂരം ഇത്രയും ഭംഗിയായി നടത്താൻ സാധിച്ചത് ജനങ്ങളുടെ സൗഹൃദവും സഹകരണവും മൂലമാണ്. തിക്കും തിരക്കും നിയന്ത്രിക്കാനുള്ള പൊലീസ് ക്രമീകരണങ്ങളിൽ പൊതുജനങ്ങളുടെ സഹകരണം എടുത്തുപറയേണ്ടതാണ്.
ആർ.ഇളങ്കോ
സിറ്റി പൊലീസ് കമ്മിഷണർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |