പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കും
കൊല്ലം: സർക്കാർ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചുള്ള ഭീഷണി സന്ദേശങ്ങളുടെ പശ്ചാത്തലത്തിൽ സിവിൽ സ്റ്റേഷനിലെ സുരക്ഷാക്രമീകരണങ്ങൾ കൂടുതൽ വർദ്ധിപ്പിക്കുമെന്ന് കളക്ടർ എൻ.ദേവിദാസ്. സുരക്ഷാസംവിധാനങ്ങൾ വിലയിരുത്തുന്നതിന് ചേർന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ വിവിധ വകുപ്പുകൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും നൽകി.
പൊതുജനങ്ങൾക്ക് അസൗകര്യമാകാത്ത നിയന്ത്രണങ്ങളാണുണ്ടാകുക. കളക്ടറേറ്റിന്റെ മുൻവശത്ത് പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കും. മറ്റുസൗകര്യങ്ങൾ ഒരുക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ സംയുക്ത പരിശോധന നടത്തും. എയ്ഡ്പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള സാഹചര്യമൊരുക്കാൻ പൊതുമരാമത്ത് വകുപ്പിന് ചുമതല നൽകി.
കളക്ടറേറ്റ് കേന്ദ്രീകരിച്ച് 30 സി.സി ടി.വി ക്യാമറകളും കോടതി പരിസരത്ത് 20 സി.സി ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പ്രവേശനകവാടത്തിന്റെ ദൃശ്യപരിധി ഉറപ്പാക്കി ക്യാമറ സ്ഥാപിക്കും. മാലിന്യനിർമ്മാർജനം മാനദണ്ഡങ്ങൾ പാലിച്ച് നടപ്പാക്കണം. കളക്ടറേറ്റ് പരിസരത്ത് വിവിധ ഇടങ്ങളിലായി കൂട്ടിയിട്ടിരിക്കുന്ന ഉപയോഗശൂന്യമായ ഫർണിച്ചറുകൾ, അലമാര, ഷെൽഫ് തുടങ്ങിയവ ഉടൻ നീക്കും. ഇലക്ട്രോണിക് മാലിന്യങ്ങൾ ഉൾപ്പടെ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ദീർഘക്കാലമായി നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളും മാറ്റും.
അഗ്നിസുരക്ഷാ വകുപ്പ് നടത്തിയ ഫയർ സേഫ്ടി ഓഡിറ്റ് റിപ്പോർട്ട് പ്രകാരമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി. അഗ്നിശമന ഉപകരണങ്ങൾ നിർബന്ധമായും സ്ഥാപിക്കണമെന്നും യഥാസമയം റീഫിൽ ചെയ്ത് സൂക്ഷിക്കണമെന്നും നിർദ്ദേശിച്ചു. എമർജൻസി എക്സിറ്റിൽ സഞ്ചാരം തടസപ്പെടുത്തുന്ന രീതിയിൽ വസ്തുക്കൾ സ്ഥാപിക്കരുതെന്നും വ്യക്തമാക്കി. കോടതി ഉൾപ്പടെ 55 ഓഫീസുകളാണ് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നത്.
ദുരന്തനിവാരണ വകുപ്പ് നടത്തിയ സുരക്ഷാ ഓഡിറ്റിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും ചർച്ച ചെയ്തു. കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ എ.ഡി.എം ജി.നിർമൽകുമാർ, സബ് കളക്ടർ നിഷാന്ത് സിഹാര, ഡെപ്യൂട്ടി കളക്ടർമാർ, ജില്ലാതല ഉദ്യോഗസ്ഥർ, കോടതി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |