കൊല്ലം: അരുമ മൃഗങ്ങളുടെ ചികിത്സയ്ക്ക് മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ ഇന്ന് മുതൽ വീട്ടുപടിക്കലെത്തും. ഇത്തിക്കര, കൊട്ടാരക്കര, ചവറ ബ്ലോക്കുകളിൽ മൊബൈൽ യൂണിറ്റുകളും കൊല്ലം കേന്ദ്രീകരിച്ച് ഒരു സർജറി യൂണിറ്റുമാണ് ജില്ലയിൽ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കുക.
പ്രത്യേക പരിശീലനം നേടിയ ഡോക്ടർമാർ, ഡ്രൈവർ കം അറ്റൻഡർ എന്നിവർ മൊബൈൽ യൂണിറ്റിലുണ്ടാവും. ചവറ ബ്ലോക്കിലെ വാഹനം അരിനല്ലൂർ മൃഗാശുപത്രിയിലും ഇത്തിക്കരയിലെ വാഹനം ചാത്തന്നൂർ മൃഗാശുപത്രിയിലും കൊട്ടാരക്കര യൂണിറ്റ് കുഴിക്കാട് വെറ്ററിനറി ഡിസ്പെൻസറിയിലുമാണ് ക്യാമ്പ് ചെയ്യുക.
ടോൾഫ്രീ നമ്പറിൽ 24 മണിക്കൂറും വിളിച്ച് സേവനം ബുക്ക് ചെയ്യാം. വൈകിട്ട് 6 മുതൽ രാവിലെ 5 വരെയാണ് പ്രവർത്തനം.
ക്യു ആർ കോഡ് സ്കാൻ ചെയ്ത് ബിൽ അടയ്ക്കാം. നിലവിൽ ചടയമംഗലം, അഞ്ചൽ ബ്ളോക്കുകളിൽ മൊബൈൽ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ആരംഭിക്കുന്ന പുതിയ സർജറി യൂണിറ്റിന്റെ സേവനം രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ലഭ്യമാണ്.
ഫ്ളാഗ് ഓഫ് കൊല്ലത്ത്
സംസ്ഥാനത്ത് ആരംഭിച്ച വെറ്ററിനറി മൊബൈൽ - സർജറി യൂണിറ്റുകളുടെ ഫ്ലാഗ് ഓഫ് കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ അദ്ധ്യക്ഷനായി. ചവറ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരിൽ, കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ്, നഗരസഭ കൗൺസിലർ ബി.ഷൈലജ, മൃഗസംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ ഡോ. ഡി.ഷൈൻകുമാർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എ.എൽ.അജിത്ത്, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. എസ്.പ്രമോദ്, ഡെപ്യുട്ടി ഡയറക്ടർ ഡോ. ഷീബ.പി.ബേബി, ഡോ. ആർ.ബിന്ദു എന്നിവർ സംസാരിച്ചു.
ടോൾഫ്രീ നമ്പർ
1962
ബ്ളോക്ക് പഞ്ചായത്തുകൾ പദ്ധതി വിഹിതം ഉപയോഗിച്ച് മരുന്നുകൾ കൂടി വാങ്ങി നൽകിയാൽ സേവനം കർഷകർക്ക് ഏറെ ആശ്വാസകരമാകും.
ജെ.ചിഞ്ചുറാണി, മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |