കൊല്ലം: ഇരവിപുരത്ത് തീരദേശ ഹൈവേയുടെ അലൈൻമെന്റ് മാറ്റുന്നു. ഇരവിപുരം പള്ളിനേര് മുതൽ താന്നി ലക്ഷ്മിപുരം തോപ്പ് വരെ പൂർണമായും കടൽത്തീരത്ത് കൂടി പോകുന്ന തരത്തിലാണ് മാറ്റം. ഇതോടെ നിർദ്ദിഷ്ട ഹൈവേയുടെ നീളം അര കിലോമീറ്ററോളം കുറയും.
കൊല്ലത്ത് നിന്ന് വരുമ്പോൾ പള്ളിനേര് ഭാഗത്തെത്തി അവിടെ നിന്ന് ഇരവിപുരം പാലത്തിനടുത്തേക്ക് തിരിഞ്ഞ് കൊല്ലം തോടിന്റെ കരയിലൂടെ താന്നി ലക്ഷ്മിപുരം തോപ്പിൽ എത്തുന്ന തരത്തിലാണ് നിലവിലെ അലൈൻമെന്റ്. നേരത്തെ തീരപ്രദേശത്ത് നിരവധി വീടുകളുണ്ടായിരുന്നു. അത്രയും വീടുകൾ പൊളിച്ചുനീക്കുന്നത് ഒഴിവാക്കാനാണ് അലൈൻമെന്റ് ഈ ഭാഗത്ത് കൊല്ലം തോടിന്റെ കരയിലൂടെയാക്കിയത്. തീരത്തുണ്ടായിരുന്ന വീടുകളിൽ പലതും കടലാക്രമണത്തിൽ തകർന്നു. കുറച്ചധികം പേർ പുനർഗേഹം പദ്ധതിയിൽ പുതിയ വാസസ്ഥലം ലഭിച്ച് സ്ഥലം ഉപേക്ഷിച്ചു പോയി. അതുകൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തിൽ അലൈൻമെന്റ് പൂർണമായും തീരപ്രദേശത്ത് കൂടിയാക്കുമ്പോൾ കാര്യമായ പൊളിച്ചുനീക്കൽ വേണ്ടിവരില്ല.
സാമൂഹ്യാഘാത പഠനം ഉടൻ
പുതിയ അലൈൻമെന്റ് അടിസ്ഥാനമാക്കി ആദ്യം കല്ലിടും
പിന്നാലെ ഇരവിപുരം ഉൾപ്പെടുന്ന തീരദേശ ഹൈവേയുടെ ഒന്നാം റീച്ചിലെ സാമൂഹ്യാഘാത പഠനം
തങ്കശേരി മുതൽ നീണ്ടകര വരെയുള്ള ഒന്നാം റീച്ചിലെ സാമൂഹ്യാഘാത പഠന റിപ്പോർട്ടായി
റിപ്പോർട്ട് വൈകാതെ വിദഗ്ദ്ധ സമിതി പരിശോധിക്കും
തുടർന്ന് റിപ്പോർട്ട് സർക്കാരിന് നൽകും
25 വർഷം മുമ്പ് തകർന്ന റോഡ്
പള്ളിനേര് മുതൽ കടപ്പുറത്ത് കൂടി ലക്ഷ്മിപുരം തോപ്പിന് അടുത്തുവരെ ഉണ്ടായിരുന്ന റോഡ് കാൽനൂറ്റാണ്ട് മുമ്പ് കടലാക്രമണത്തിൽ തകർന്നതാണ്. തീരദേശ റോഡ് നവീകരണത്തിന്റെ ഭാഗമായി ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ നേതൃത്വത്തിൽ പള്ളിനേര് മുതൽ 1.20 കിലോമീറ്റർ നീളത്തിൽ 3 മീറ്റർ വീതിയുള്ള റോഡ് ഇപ്പോൾ തെളിക്കുന്നുണ്ട്. ടെട്രോപോഡുകൾ അടുക്കി ഇത്രയും ഭാഗത്ത് തീരവും ബലപ്പെടുത്തുന്നുണ്ട്. 200 മീറ്റർ കൂടി തെളിച്ചാൽ ലക്ഷ്മിപുരം ഭാഗത്ത് എത്തും. വീണ്ടും തെളിഞ്ഞ ഈ റോഡ് തീരദേശ ഹൈവേയുടെ ഭാഗമാക്കി 14 മീറ്ററിൽ വികസിപ്പിക്കാനാണ് ആലോചന.
ഒന്നാം റീച്ച്
കാപ്പിൽ മുതൽ തങ്കശേരി വരെ
ഏറ്റെടുക്കുന്നത് 25 ഹെക്ടർ
സ്ഥലമേറ്റെടുക്കൽ കുറയും
പൊളിക്കേണ്ട വീടുകളും കുറയും
നിലവിലെ നീളം
17.8 കിലോ മീറ്റർ
അലൈൻമെന്റ് മാറുമ്പോൾ
17.3 കിലോ മീറ്റർ
പ്രദേശവാസികൾ ആദ്യഘട്ടം മുതൽ ആവശ്യപ്പെടുന്ന തരത്തിലുള്ള മാറ്റമാണ് വരുന്നത്. തീരപ്രദേശത്ത് കൂടിയാകുമ്പോൾ സ്ഥലം ഏറ്റെടുക്കൽ കുറയും. തീരവും ബലപ്പെടും.
സുനിൽ ജോസ്, കൗൺസിലർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |