മലപ്പുറം: നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ വളാഞ്ചേരി നഗരസഭ, മാറാക്കര, എടയൂർ, ആതവനാട് എന്നീ നാല് തദ്ദേശ സ്ഥാപന പരിധിയിൽ കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ച ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഉത്തരവിട്ടു. വളാഞ്ചേരി നഗരസഭയിലെ തോണിക്കൽ, താണിയപ്പൻ കുന്ന്, കക്കാട്ടുപാറ, കാവുംപുറം എന്നീ ഡിവിഷനുകളും മാറാക്കര പഞ്ചായത്തിലെ മജീദ് കണ്ട് (വാർഡ് ഒമ്പത്), മലയിൽ, നീരടി എന്നീ വാർഡുകളും എടയൂർ പഞ്ചായത്തിലെ വലാർത്തപടി വാർഡും ആതവനാട് പഞ്ചായത്തിലെ കരിപ്പോൾ വാർഡുമാണ് കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചത്.
കണ്ടെയ്‌മെന്റ് സോണുകളിലെ പ്രത്യേക നിയന്ത്രണങ്ങൾ
പൊതുജനങ്ങൾ കൂട്ടം കൂടാൻ പാടുള്ളതല്ല.കണ്ടെയ്‌മെന്റ് പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകിട്ട് ആറു മണിവരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു. മെഡിക്കൽ സ്റ്റോറുകൾക്ക് ഈ നിയന്ത്രണം ബാധകമല്ല. കണ്ടെയ്‌മെന്റ് സോണുകളിൽ മദ്റസകൾ, അംഗനവാടികൾ എന്നിവ പ്രവർത്തിക്കാൻ പാടില്ല.
ജില്ലയിലെ പൊതു നിയന്ത്രണങ്ങൾ
നിപ രോഗ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ രോഗം ജില്ലയിലെ പൊതു നിന്ത്രണങ്ങൾ കൊണ്ടുവന്നു. അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് നിയന്ത്രങ്ങൾ കൊണ്ടുവന്നത്.
1. പൊതുജനങ്ങൾ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.
2. പുറത്തിറങ്ങുന്ന സമയത്തും, യാത്രകളിലും, മറ്റ് കൂടിച്ചേരലുകളിലും നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കേണ്ടതാണ്.
3. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾ, അദ്ധ്യാപകർ എന്നിവർ പ്രവൃത്തി സമയങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കേണ്ടതാണ്.
4. കല്യാണം, മരണം, മറ്റ് ആഘോഷങ്ങൾ എന്നിവയിലും കൂടിച്ചേരലുകൾ പരമാവധി കുറക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.
5. പനി മുതലായ രോഗ ലക്ഷണങ്ങൾ കാണുന്ന സമയത്ത് സ്വയം ചികിത്സ പാടില്ല. ഒരു രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടണം.
6. പക്ഷികൾ, വവ്വാലുകൾ, മറ്റ് ജീവികൾ കടിച്ചതോ, ഫലവൃക്ഷങ്ങളിൽ നിന്ന് താഴെ വീണ് കിടക്കുന്നതോ ആയ പഴങ്ങൾ യാതൊരു കാരണവശാലും കഴിക്കാൻ പാടുള്ളതല്ല. പഴം, പച്ചക്കറികൾ എന്നിവ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
7. പനി, ഛർദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്ന പക്ഷം രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതും ഇവ പകരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ 04832736320, 04832736326 എന്നീ നമ്പരുകളിൽ വിളിച്ച് അറിയിക്കേണ്ടതുമാണ്.
8 ജില്ലയിൽ നടന്ന വരുന്ന ഉത്സവങ്ങൾ, മേളകൾ എന്നിവയോട് അനുബന്ധിച്ചുള്ള പ്രദർശന മേളകളിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കുമ്പോൾ മാസ്ക് ധരിച്ചും, അണുവിമുക്തമാക്കിയിട്ടും മാത്രമേ പ്രവേശിപ്പിക്കാവൂ.
9. ആശുപത്രികളിൽ രോഗികളെ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |