കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനു പുറപ്പെടുന്ന കരിപ്പൂരിൽ നിന്നുള്ള ആദ്യ സംഘം നാളെ പുലർച്ചെ 1.10ന് യാത്ര തിരിക്കും. ഈ വിമാനത്തിലേക്കുള്ള തീർത്ഥാടകർ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഹജ്ജ് ക്യാമ്പിലെത്തും. ആദ്യ സംഘത്തിന് ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, എയർപോർട്ട് ഉദ്യോഗസ്ഥർ, വൊളണ്ടിയർമാർ ചേർന്ന് ഊഷ്മള വരവേൽപ്പ് നൽകും.
എയർപോർട്ടിലെ പില്ലർ നമ്പർ അഞ്ചിലാണ് തീർത്ഥാടകർ ആദ്യമെത്തുക. ഇവിടെ എയർ ഇന്ത്യ എക്സ്‌പ്രസ് പ്രത്യേകമായി ഒരുക്കിയ കൗണ്ടറിൽ ലഗേജ് കൈമാറിയ ശേഷം ക്യാമ്പ് രജിസ്‌ട്രേഷന്റെ ഭാഗമായി തീർത്ഥാടകരുടെ പേര്, കവർ നമ്പർ, യാത്രാ തീയതി, വിമാന നമ്പർ എന്നിവ രേഖപ്പെടുത്തിയ പ്രത്യേക കളറിലുള്ള ബാഡ്ജ് നൽകും. ശേഷം ഹജ്ജ് കമ്മിറ്റി ഒരുക്കിയ പ്രത്യേക വാഹനത്തിൽ തീർത്ഥാടകരെ ഹജ്ജ് ക്യാമ്പിലെത്തിക്കും. തീർത്ഥാടകർക്കും യാത്രയാക്കാനെത്തുന്നവർക്കും വിശ്രമിക്കുന്നതിനായി ഹജ്ജ് ഹൗസ് മുറ്റത്ത് പ്രത്യേക പന്തൽ സജ്ജീകരിച്ചിട്ടുണ്ട്.
തീർത്ഥാടർക്ക് ക്യാമ്പിൽ താമസം, ഭക്ഷണം, പ്രാർത്ഥനാ തുടങ്ങിയവക്കായി പുരുഷന്മാർക്കും സ്ത്രീകൾക്കും വിശാലമായ വെവ്വേറ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹാജിമാർക്ക് ആവശ്യമായ സഹായങ്ങൾക്കായി വൊളന്റിയർമാരുടെ സേവനവും ലഭ്യമാക്കും.
ആദ്യ വിമാനത്തിലെ യാത്രക്കാർ നിസ്‌കാരം, ഭക്ഷണം എന്നിവയ്ക്ക് ശേഷം രാത്രി ഒമ്പതോടെ ഹജ്ജ് ക്യാമ്പിൽ നിന്നും എയർപോർട്ടിലേക്ക് തിരിക്കും. പുലർച്ചെ 01.10ന് 77 പുരുഷന്മാരും 95 സ്ത്രീകളുമുൾപ്പടെ 172 തീർത്ഥാടകരുമായി വിമാനം ജിദ്ധയിലേക്ക് പറക്കും. സൗദി സമയം പുലർച്ചെ 4.40ന് ജിദ്ദയിലെത്തും.
രണ്ടാമത്തെ വിമാനം ശനിയാഴ്ച വൈകിട്ട് 4.30 ന് പുറപ്പെട്ട് സൗദി സമയം രാത്രി എട്ടിന് ജിദ്ദയിലെത്തും. 87 പുരുഷന്മാരും 86 സ്ത്രീകളുമാണ് ഇതിൽ യാത്രയാവുക.
കരിപ്പൂർ ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം വൈകിട്ട് ഏഴിന് മന്ത്രി വി.അബ്ദുറഹ്മാൻ നിർവ്വഹിക്കും.
ഞായറാഴ്ച മൂന്ന് വിമാനങ്ങൾ സർവ്വീസ് നടത്തും. പുലർച്ചെ 1.5 നും രാവിലെ 8.5 നും വൈകിട്ട് 4.30 നുമാണ് വിമാനങ്ങൾ പുറപ്പെടുക. ഇതിലേക്കുള്ള തീർത്ഥാടകർ യഥാക്രമം ശനിയാഴ്ച രാവിലെ 10 മണി, ഉച്ചയ്ക്ക് 2.30, വൈകുന്നേരം 4.30ന് ക്യാമ്പിൽ എത്തിച്ചേരും.
ഹജ്ജ് ക്യാമ്പിന്റെ ദൈനംദിന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ വിവിധ സമിതികളുടെ സംയുക്ത റിവ്യൂ മീറ്റിംഗ് എല്ലാ ദിവസവും വൈകുന്നേരം ചേരും.
31 വിമാനങ്ങളാണ് കരിപ്പൂരിൽ നിന്നും സർവ്വീസ് നടത്തുക. തീർത്ഥാടകരുടെ മടക്കയാത്ര ജൂൺ 25ന് ആരംഭിക്കും.
ഹജ്ജ് ക്യാമ്പ് 2025 ഹാജിമാരുടെ അടിയന്തര ശ്രദ്ധയ്ക്ക്
നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് വിമാന സർവ്വീസുകൾക്ക് എയർ ട്രാഫിക്ക് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ചില സർവ്വീസുകൾക്ക് താഴെ പറയുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നതായി എയർലൈൻസ് അധികൃതർ അറിയിച്ചു. കോഴിക്കോട് എയർപോർട്ടിൽ നിന്നു മേയ് 10ന് പുറപ്പെടുന്ന (ഐ.എക്സ് 3011, ഐ.എക്സ് 3031) വിമാനത്തിലെ ഹാജിമാർക്ക് പരമാവധി 30 കിലോ ലഗേജ് മാത്രമേ അനുവദിക്കൂ (15 കിലോയുടെ 2 ബാഗ് വീതം). ഹാൻഡ് ബാഗിന്റെ ഭാരം പരമാവധി ഏഴ് കിലോയായിരിക്കും.
ഒരു കാരണവശാലും അനുവദിച്ചതിൽ നിന്നും കൂടുതൽ ഭാരം അനുവദിക്കില്ല. ലഗേജിൽ പുതുതായി വന്നിരിക്കുന്ന നിർദ്ദേശങ്ങൾ ഹാജിമാർ കൃത്യമായി പാലിക്കണമെന്ന് അറിയിക്കുന്നു.
തുടർന്നുള്ള ദിവസങ്ങളിലെ വിവരങ്ങൾ എയർലൈൻസിൽ നിന്ന് ലഭിക്കുന്ന മുറയ്ക്ക് പിന്നീട് അറിയിക്കുന്നതായിരിക്കും. ഹാജിമാർക്കുള്ള എല്ലാ നിർദ്ദേശങ്ങളും അവരുടെ ഫ്‌ളൈറ്റിലെ സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർ മുഖേന അറിയിക്കുന്നതായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |