തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ തിളക്കംകുറഞ്ഞ് തലസ്ഥാന ജില്ല. വിജയശതമാനം ഏറ്റവും കുറഞ്ഞ റവന്യുജില്ലയുടെ പട്ടികയിലാണ് തിരുവനന്തപുരം ഇടംനേടിയത്. 98.59 ശതമാനം.കഴിഞ്ഞ വർഷത്തെ 99.08 ശതമാനത്തിൽ നിന്ന് ഇത്തവണ 0.49 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് വിജയശതമാനം കുറവുള്ള വിദ്യാഭ്യാസജില്ല ആറ്റിങ്ങലാണ്. 98.28 ശതമാനം.
വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ ഏറ്റവും കുറവുള്ള മൂന്ന് സ്കൂളുകളുടെ പട്ടികയിലും തിരുവനന്തപുരം ഇടംനേടി. ഫോർട്ട് ഗവ.സംസ്കൃതം എച്ച്.എസിൽ ഒരു വിദ്യാർത്ഥിയാണ് പരീക്ഷയെഴുതിയത്. വിജയശതമാനം കുറവുള്ള സർക്കാർ സ്കൂളുകളിൽ ഗവ.എച്ച്.എസ് കരിക്കകം (73.68 %) ഉൾപ്പെടുന്നു.അതേസമയം,ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതിയ സ്കൂളുകളിൽ രണ്ടാം സ്ഥാനത്ത് തിരുവനന്തപുരമുണ്ട്, പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ് (1562 വിദ്യാർത്ഥികൾ).
ഇത്തവണ 34,314 പേർ പരീക്ഷ എഴുതിയതിൽ 33,831 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. 483 പേർ പരാജയപ്പെട്ടു. 4,938 പേർ എല്ലാ വിഷയത്തിനും എപ്ളസ് നേടി. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ എപ്ളസുകാർ ഉള്ളത്. 1,940 പേർ. തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ 1,321 പേരും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ 1,677 പേരും എല്ലാ വിഷയത്തിനും എപ്ളസ് നേടി.
നൂറ് ശതമാനത്തിലും കുറവ്
നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിലും ജില്ലയിൽ ഗണ്യമായ കുറവുണ്ടായി. കഴിഞ്ഞ വർഷം 182 സ്കൂളുകൾ 100 ശതമാനം വിജയം നേടിയപ്പോൾ ഇത്തവണ 152 സ്കൂളുകളാണ് നേട്ടമുണ്ടാക്കിയത്. 63 സർക്കാർ സ്‌കൂളുകളും 42 എയ്ഡഡ് സ്‌കൂളുകളും 47 അൺ എയ്ഡഡ് സ്‌കൂളുകളും ഇതിൽ ഉൾപ്പെടുന്നു. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലാണ് വിജയശതമാനം കൂടുതൽ- 98.92 ശതമാനം. തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ 98.66 ശതമാനവും ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ 98.28 ശതമാനവുമാണ് വിജയം.
ഉപരിപഠനത്തിന് യോഗ്യത നേടിയവർ
വിദ്യാഭ്യാസ ജില്ല ആൺകുട്ടികൾ പെൺകുട്ടികൾ ആകെ ശതമാനം
തിരുവനന്തപുരം 5246 5417 10663 98.66
ആറ്റിങ്ങൽ 6497 6325 12822 98.28
നെയ്യാറ്റിൻകര 5296 5050 10346 98.92
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |