പാലക്കാട്: ജില്ലയിലെ പടിഞ്ഞാൻ മേഖല നെൽക്കൃഷി ഉപേക്ഷിക്കാനൊരുങ്ങുന്നു. ഓരോ സീസണിലും സപ്ലൈകോയ്ക്ക് അളന്ന നെല്ലിന്റെ വില ലഭിക്കാനുള്ള കാലതാമസവും മറ്റ് സാങ്കേതിക ബുദ്ധിമുട്ടുകളും വന്യമൃഗ ശല്യവും കാരണമാണ് കർഷകർ നെൽകൃഷിയിൽ നിന്ന് പിന്തിരിയുന്നത്. കർഷകർ പലരും ഇത്തവണ കപ്പ, വാഴ പോലുള്ള കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഓണക്കാലത്തിന് ശേഷം നേന്ത്രക്കായയ്ക്ക് മികച്ച വില ലഭ്യമായത് പലരേയും വാഴക്കൃഷിയിലേക്കും തിരിയാൻ പ്രേരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ തവണ അളന്ന നെല്ലിന് പി.ആർ.എസ് ലഭിച്ചില്ലെന്ന് മാത്രമല്ല വില എന്ന് കിട്ടുമെന്ന് നിശ്ചയവുമില്ലാത്തത് കർഷകരെ ഏറെ ദുരിതത്തിലാക്കുന്നുണ്ട്.
അളന്ന നെല്ലിന്റെ വില കിട്ടുന്നില്ല
കനറ ബാങ്കിൽ അക്കൗണ്ടുള്ള കർഷകർക്ക് നെല്ലിന്റെ വില കൊടുക്കാതായിട്ട് മാസമായി. പലരും ബ്രാഞ്ചിൽ പോയി അന്വേഷിക്കുമ്പോൾ കൃത്യമായ ഉത്തരം നൽകാൻ അധികൃതർ വിമുഖത കാണിക്കുകയാണെന്ന് കർഷകർ പരാതിപ്പെടുന്നു. കരാർ കാലാവധി കഴിഞ്ഞതോടെയാണ് ഏപ്രിൽ ഒന്നുമുതൽ കനറാ ബാങ്ക് പി.ആർ.എസ് വായ്പാവിതരണം നിറുത്തിവെച്ചത്.
കാലങ്ങളായി നെൽകർഷകർ പലവിധ ബുദ്ധിമുട്ടുകളും സഹിച്ചാണ് കൃഷിചെയ്യുന്നത്. കൃഷിഭവൻ നൽകിയ വിത്ത് ഉപയോഗിച്ച് കൃഷിചെയ്തവരോട് നെല്ല് മട്ടയല്ലെന്ന് പറഞ്ഞ് നെല്ലെടുക്കാതെപോയ മില്ലുകാരുണ്ടെന്ന് പേരടിയൂർ പാടശേഖരസമിതി ഭാരവാഹികൾ പറയുന്നു. കൊയ്ത്തിനുശേഷം നെല്ല് കയറ്റാൻ വണ്ടി വരാത്ത പ്രശ്നവുമുണ്ട്. വീട്ടിലെ വരാന്തയിലും പാറയിലും പാതയോരത്തും ചാക്കിലാക്കിയ നെല്ല് ടാർപ്പായകൊണ്ട് മൂടി ലോറി വരുന്നതും കാത്തിരിപ്പാണ് പല കർഷകരും. മഴയും പന്നിശല്യവും ഇവർക്ക് ഭീഷണിയാണ്. ഗുണമേന്മയുടെ പേരിൽ നെല്ലിന്റെ അളവിൽ മില്ലുകാർ കുറവ് വരുത്തുന്നതും പതിവാണ്. ആദ്യകാലങ്ങളിൽ സപ്ലൈകോ അധികൃതരാണ് ഗുണമേന്മ നോക്കിയിരുന്നതെങ്കിൽ ഇപ്പോൾ മില്ലുകാരും ഇത് പരിശോധിക്കുന്നു. ക്വിന്റലിൽ നാലഞ്ച് കിലോവരെ കുറവ് പലപ്പോഴും വരുത്താറുണ്ടെന്ന് സെയ്തലവി പറയുന്നു.
ഏക്കറിന് സർക്കാർ നിശ്ചയിച്ചതിലും അധികം വിളവ് ലഭിച്ചാലും മില്ലുകാരെകൊണ്ട് എടുപ്പിക്കുക എന്നത് ശ്രമകരമാണ്. കഴിഞ്ഞ തവണ 22-23 രൂപക്കാണ് അധികനെല്ല് അളന്നുപോയത്. പല സ്ഥലങ്ങളിലും മില്ലുകാർ നേരിട്ടുവരാതെ ഏജന്റുമാരാണ് നെല്ലെടുക്കാൻ വരുന്നത് എന്നതും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |