കോഴിക്കോട്: ' തണുത്ത് വിറങ്ങലിക്കുന്ന കാർഗിലിൽ നിന്ന് പാകിസ്ഥാനെ തുരത്തിയെങ്കിൽ പുതിയ സാഹചര്യത്തെ നിഷ്പ്രയാസം നേരിടും ഇന്ത്യൻ സൈനികർ. ഇന്ത്യയെന്നത് ജാതിക്കും മതത്തിനുമപ്പുറം 144 കോടി ജനതയുടെ അഭിമാനമാണ്. അത് മറക്കുന്നതാണ് പാക്കിസ്ഥാന്റെ പ്രശ്‌നം...' പറയുന്നത് ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ കാർഗിൽ യുദ്ധ പോരാളി അശോകൻ. യുദ്ധം അവസാനത്തിലേക്ക് കടന്ന് ഇന്ത്യ ത്രിവർണ പതാക കാർഗിലിൽ ഉയർത്തുന്നതിന് തൊട്ടു മുമ്പ് മൈൻ പൊട്ടിത്തെറിച്ച് കാൽപാദം നഷ്ടമായ ജവാനാണ് കോഴിക്കോട് നടുവണ്ണൂർ കോട്ടൂർ ശ്രീലകത്തിൽ റിട്ട.നായിക് വി.എം.അശോകൻ. ഇപ്പോൾ കോഴിക്കോട് മെഡിക്കൽകോളജിലെ സെക്യൂരിറ്റി ജീവനക്കാരനാണ്.
ഓർമകളിലൂടെ......
' 1999 ഫിബ്രവരി 20. അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹരി വാജ്‌പേയ് ഡൽഹിയിൽ നിന്ന് ലാഹോറിലേക്ക് ഒരു ബസ് യാത്ര നടത്തിയിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാന ഉടമ്പടിയിൽ ഒപ്പുവെക്കാൻ 'വാഗാ അതിർത്തി കടന്നെത്തിയ പ്രധാനമന്ത്രിയെ സ്വീകരിച്ചത് പാക് പ്രാധാനമന്ത്രി നവാ ഷെരീഫ്. എന്നാൽ ഈ സമയം മറ്റൊരു ഭാഗത്ത് പാക് പട്ടാള മേധാവി പർവേശ് മുഷറഫ് ഇന്ത്യൻ മണ്ണിലേക്ക് നുഴഞ്ഞ് കയറാനുള്ള പദ്ധതി ഒരുക്കുകയായിരുന്നു. 1971 ലെ യുദ്ധത്തിനു ശേഷം ഇന്ത്യയും പാകിസ്ഥാനും ഒരു ഉമ്പടിയിൽ ഒപ്പ് വെച്ചിരുന്നു. ശൈത്യകാലങ്ങളിൽ കശ്മീരിലെ മലനിരകളിൽ പട്ടാളക്കാർ താഴ്ന്ന പ്രദേശങ്ങളിലേക്ക് പോകുക. കാരണം ലോകത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശമാണ് കാർഗിലിലെ ദ്രാസ് സെക്ടർ. . 'നവംബർ മുതൽ മാർച്ച് വരെയാണ് ഇവിടെ മഞ്ഞ് വീഴുന്ന കാലം. 1999 ഏപ്രിൽ മാസം ഒരു ആട്ടിടയൻ കറുത്ത വസ്ത്രം ധരിച്ച് 10 ഓളം പേർ ഭക്ഷണ പദാർത്ഥങ്ങളുമായി അതിർത്തി പ്രദേശമായ ദ്രാസ് സെക്ടറിലെ ഒരു കുന്നിൻ പ്രദേശത്തേക്ക് കയറുന്നത് ശ്രദ്ധയിൽപ്പെടുന്നു. ഇയാൾ സൈന്യത്തെ അറിയിക്കുന്നു. ഉടൻ സൈന്യം പരിശോധന നടത്തിയപ്പോൾ കാർഗിലിലെ തന്ത്ര പ്രധാന മേഖലകളായ ദ്രാസ്, ബട്ടാലിക്ക് 'ടൈഗർ ഹിൽ, മുഷ്‌ക്കോ ഗാട്ടി ടോളോളിംഗ് എന്നീ മലനിരകൾ പാക് പട്ടാളവും തീവ്രവാദികളും പിടിച്ചടക്കിയതായി അറിയുന്നത്. ഈ സ്ഥലങ്ങളൊക്കെ ഒരാഴ്ചക്കകം ഒഴിഞ്ഞ് തരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അത് പാക് പട്ടാളമല്ല കശ്മീർ തീവ്രവാദികളാണെന്ന് അവർ വാദിച്ചു. അതോടെ യുദ്ധം പ്രഖ്യാപിച്ചു. രണ്ടുമാസവും മൂന്നാഴ്ചയും രണ്ട് ദിവസവും യുദ്ധത്തിന്റെ നാളുകളായിരുന്നു. അതിനിടെയാണ് യുദ്ധഭൂമിയിൽ വെച്ച് ഒരു മൈൻ പൊട്ടിത്തെറിച്ച് എന്റെ ഇടതുകാൽപാദം തകർന്നുപോയത്. കാലിലേക്ക് നോക്കുമ്പോൾ പാദമില്ലെങ്കിലും കാർഗിലുണ്ടല്ലോ എന്ന ആശ്വാസത്തിലും അഭിമാനത്തിലുമായിരുന്നു നാട്ടിലേക്കുള്ള മടക്കമെന്നും അശോകൻ ഓർക്കുന്നു. രാജ്യം നിർണായകമായൊരു യുദ്ധമുഖത്തിരിക്കുമ്പോൾ അശോകനെപ്പോലുള്ള പോരാളികൾ ഇന്ത്യയുടെ ആവേശമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |