കോഴിക്കോട്: വേനൽമഴ കിട്ടിയിട്ടും മനസ് കുളിരാതെ ക്ഷീരകർഷർ. ചൂടിൽ പാലിലെ കൊഴുപ്പിന്റെ അളവ് കുറയുന്നതാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. കൊഴുപ്പിന്റെ തോത് അനുസരിച്ചാണ് ക്ഷീരസംഘങ്ങൾ പാൽ വില നിശ്ചയിക്കുന്നത്. ചെറുകിട കർഷകരാണ് ഏറെ കഷ്ടത്തിലായിരിക്കുന്നത്. ഭക്ഷണക്രമത്തിലുണ്ടായ മാറ്റമാണ് പ്രധാന കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഭക്ഷണത്തിൽ നാരുകളുടെ അംശം കുറയുന്നത് പാലിന്റെ അളവിനെ ബാധിക്കും. പ്രധാനമായും പച്ചപ്പുല്ലാണ് ഇതിനായി ഉപയോഗിക്കുന്നത്. വേനലിൽ പച്ചപ്പുല്ല് ലഭ്യത കുറവ് വലിയ വെല്ലുവിളിയായി. സങ്കരയിനം പശുക്കളിൽ ചൂടുകാലത്ത് ''സമ്മർ സ്ട്രെസ്'' അനുഭവപ്പെടുന്നത് പാലിന്റെ അളവ് കുറയുന്നതിന് കാരണമാകുന്നു. കാലിത്തീറ്റ ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കളുടെ വില വർദ്ധനവും പാൽ ഉത്പാദനത്തിലുണ്ടായ കുറവും ക്ഷീരകർഷകർക്ക് തിരിച്ചടിയാവുകയാണ്. ഒരു ചാക്ക് (50 കിലോ) കാലിത്തീറ്റക്ക് 1500 രൂപയും ഒരു ചാക്ക് തവിടിന് 1400 രൂപയും ഒരു കെട്ട് വൈക്കോലിന് 300 രൂപയുമാണ് വില. മാർക്കറ്റിൽ 55-70 രൂപവരെയാണ് പാലിന് വിലയെങ്കിലും കർഷകന് 35-40 രൂപവരെയാണ് ലഭിക്കുന്നത്.
ജില്ലയിൽ 255 സംഘങ്ങൾ
ക്ഷീര വികസന വകുപ്പിന് കീഴിൽ 255 സഹകരണ സംഘങ്ങളാണ് കോഴിക്കോട് ജില്ലയിലുള്ളത്. മിൽമയിൽ രജിസ്റ്റർ ചെയ്തവർക്ക് ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 250 രൂപ സബ്സിഡി നൽകുന്നുണ്ട്. ഒരു കിലോ കാലിത്തീറ്റയ്ക്ക് 1.5 രൂപയും മിൽമ സബ്സിഡിയായി നൽകുന്നുണ്ട്. ഒരു ലിറ്റർ പാലിന് ഇൻസെന്റീവായി മാർച്ചിൽ നാല് രൂപ 50 പെെസയാണ് നൽകിയത്. മിൽമയുടെ പ്രവർത്തന ലാഭത്തിനനുസരിച്ച് ഈ തുകയിൽ വ്യത്യാസമുണ്ടാകും. ഇതുകൊണ്ട് മാത്രം പ്രയാസങ്ങൾ തീരുന്നില്ലെന്നാണ് കർഷകർ പറയുന്നത്. കന്നുകാലികളുടെ ഇൻഷ്വറൻസിന്റെ പ്രീമിയം വർദ്ധിപ്പിച്ചതും ക്ഷീര കർഷകർക്ക് ഉണ്ടായിരുന്ന ഇൻഷ്വറൻസ് പരിരക്ഷ വെട്ടിക്കുറച്ചതും പ്രതിസന്ധി രൂക്ഷമാകാൻ കാരണമായി.
'' പാലിൽ കൊഴുപ്പിന്റെ അളവ് കുറയുന്നത് വിലയിടിവിന് കാരണമായി. ഇൻസെന്റീവും സബ്സിഡിയും നൽകുന്നതിലെ കാലതാമസം പരിഹരിക്കണം. മിൽമയും ക്ഷീര വികസന വകുപ്പും നിലവിൽ നൽകുന്ന സബ്സിഡികൾ വർദ്ധിപ്പിച്ചാൽ മാത്രമേ മുന്നോട്ട് പോകാൻ സാധിക്കൂ.
- ചന്ദ്രൻ , ക്ഷീരകർഷകൻ കൊയിലാണ്ടി
'' ജനിതക ഘടനയും ലാക്റ്റേഷൻ സമയവും കാലാവസ്ഥയുമെല്ലാം പാലിന്റെ അളവിനെയും ഗുണമേന്മയെയും ബാധിക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് മതിയായ മാർഗനിർദ്ദേശവും നൽകുന്നുണ്ട്.
- ഡോ. മുഹമ്മദ് ( വെറ്ററിനറി ഓഫീസർ മിൽമ, കോഴിക്കോട് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |