ആലപ്പുഴ: സാധാരണ നൂറ് രൂപയ്ക്ക് മുകളിൽ സർവീസ് ചാർജ്ജ് വരുന്ന വിവിധ ഓൺലൈൻ സേവനങ്ങൾ സൗജന്യമായി നൽകി സഹായകമാവുകയാണ് എന്റെ കേരളം പ്രദർശന മേളയിൽ ഐ.ടി മിഷന്റെയും അക്ഷയയുടെയും സ്റ്റാളുകൾ. ആധാർ കാർഡിൽ നമ്പർ അപ്ഡേറ്റ് ചെയ്യുക, പേര് തിരുത്തുക, പുതിയ കാർഡ് എടുക്കുക, ഫോട്ടോ അപ്ഡേറ്റ് ചെയ്യുക തുടങ്ങി ഐ.ടി വകുപ്പിന്റെ ഒട്ടേറെ സേവനങ്ങളാണ് പൊതുജനങ്ങൾക്കായി ലഭ്യമാക്കുന്നത്. ഇതിനകം സൗജന്യ ആധാർ സേവനങ്ങൾ മാത്രം അഞ്ഞുറിലധികം ആളുകൾ പ്രയോജനപ്പെടുത്തി.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കെ-സ്മാർട്ട് സേവനങ്ങൾ, റേഷൻ കാർഡ്, ജനന-മരണ, രജിസ്‌ട്രേഷൻ തുടങ്ങി എല്ലാ സർക്കാർ ഓൺലൈൻ സേവനങ്ങളും ബന്ധപ്പെട്ട സംശയങ്ങളും വിവരങ്ങളുമെല്ലാം സ്റ്റാളിൽനിന്ന് ചോദിച്ച് മനസിലാക്കാം. ഭക്ഷ്യ സുരക്ഷാ ലൈസൻസുകൾ, തിരഞ്ഞെടുപ്പ് കാർഡുകൾ, ലൈസൻസ് പുതുക്കൽ തുടങ്ങി നൂറിലധികം സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
സർക്കാരിന്റെ സൗജന്യ വൈഫൈ പദ്ധതിയായ കെ ഫൈ പൊതുജനങ്ങൾക്ക് പരിചയപെടുത്തുന്നതിന് ഐ ടി സ്റ്റാൾ പവലിയന്‍ പരിസരത്തു സൗജന്യ വൈഫൈ സൗകര്യവുമുണ്ട്.
സംസ്ഥാന ഐ ടി മിഷന്റെ വിവിധ ഇ-ഗവേണൻസ് പദ്ധതികളായ ഇ-ഡിസ്ട്രിക്, പേപ്പർ രഹിത ഫയൽ സംവിധാനമായ ഇ-ഒഫീസ് തുടങ്ങിയ വിവിധ പദ്ധതികളും സ്റ്റാളിൾ പരിചയപ്പെടുത്തുന്നുണ്ട്. ജില്ലയിലെ 205 അക്ഷയ കേന്ദങ്ങളിലെയും സംരംഭകരുടെ ഫോൺ നമ്പരും വിവരങ്ങളും സ്റ്റാളിൽ നിന്ന് ലഭിക്കും. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ ക്രിക്കറ്റ് കളിക്കുന്നതിനുള്ള ഗെയിം സോണും ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |