കോന്നി: ഉത്പാദനം കൂടിയതോടെ കെതച്ചക്കയുടെ വില കുത്തനെ ഇടിഞ്ഞു. വേനൽ മഴ കൂടുതൽ ലഭിച്ചതാണ് ഉത്പാദനം കൂടാൻ കാരണം.
പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം പഴുത്ത കൈതച്ചക്കയ്ക്ക്
20 ദിവസംകൊണ്ട് കിലോയ്ക്ക് 26 രൂപയാണ് കുറഞ്ഞത്. നിലവിൽ പഴുത്തതിന് 27 രൂപയും പച്ചയ്ക്ക് 24 രൂപയും സ്പെഷ്യൽ പച്ചയ്ക്ക് 26 രൂപയുമാണ് വില. മർച്ചന്റ്സ് അസോസിയേഷന്റെ കണക്കുപ്രകാരം പൈനാപ്പിൾ പഴം, പച്ച, സ്പെഷ്യൽ പച്ച എന്നിവയ്ക്ക് യഥാക്രമം 24 , 26 രൂപ നിരക്കിലായിരുന്നു കഴിഞ്ഞ ആഴ്ച വ്യാപാരം.
കഴിഞ്ഞ മൂന്നുവർഷത്തേക്കാൾ കുറഞ്ഞ നിരക്കിലാണ് ഇപ്പോഴത്തെ വില. പൈനാപ്പിൾ പഴത്തിന്റെ വില 2021-ലെ നിരക്കിലേക്ക് എത്തി. സാധാരണ ഏപ്രിൽ, മേയ് മാസങ്ങളിൽ മികച്ച വില ലഭിക്കുന്നതാണ്. ഒരവസരത്തിൽ പഴത്തിന്റെ വില 60 രൂപവരെ എത്തുമെന്ന പ്രതീക്ഷയെ തുടച്ചുമാറ്റിയത് വേനൽമഴയാണന്ന് കർഷകർ പറയുന്നു.
മഴ ശക്തമായത് ഉത്പാദനം ഉയർത്തി. കൂടാതെ, ചെലവും കുറഞ്ഞു. 2021-ൽ പഴത്തിന്റെ വില 27 രൂപ വരെ എത്തിയിരുന്നു. പിന്നീട് ഓരോവർഷവും വില ഉയർന്നുവരികയായിരുന്നു. കഴിഞ്ഞവർഷം കിലോയ്ക്ക് വില 65 രൂപയ്ക്കുമുകളിൽ എത്തിയിരുന്നു. ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ ഉത്പാദിപ്പിക്കുന്ന കൈതച്ചക്കകൾ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കും, വിദേശരാജ്യങ്ങളിലേക്കുമാണ് കയറ്റുമതി ചെയ്യുന്നത്.
മലയോരത്ത് വ്യാപക കൃഷി
ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ പുതിയ റബർ തൈകൾ പ്ലാന്റ് ചെയ്യുന്ന തോട്ടങ്ങളിൽ നാലുവർഷത്തെ ഇടവേള കൃഷിയായി വ്യാപകമായ തോതിൽ കൈതച്ചക്ക കൃഷി ചെയ്യുന്നു. മൂവാറ്റുപുഴ, വാഴക്കുളം മേഖലയിലെ കൈതച്ചക്ക കർഷകരാണ് ഇവിടെ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നത്. കന്നാര എന്ന് വിളിക്കുന്ന മൗറീഷ്യസ് ഇനം കൈതയാണ് ഇവിടെ കൂടുതലായി കൃഷി ചെയ്യുന്നത്.
ഇത്തവണ വേനൽ മഴയിൽ ഉണ്ടായ വർദ്ധനവ് കൈതച്ചക്ക വില കുറയാൻ കാരണമായി.
ടിജി എബ്രഹാം ( കൈതച്ചക്ക കർഷകൻ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |