കോന്നി : ഓപ്പറേഷൻ സിന്തൂർ ഇന്ത്യയ്ക്ക് അഭിമാനമാകുമ്പോൾ, 1962ലെ ഇന്ത്യാ - ചൈന യുദ്ധത്തിൽ പങ്കെടുത്ത കോന്നി സ്വദേശികളായ രണ്ടു ധീരജവാന്മാരുടെ സ്മരണയിലാണ് നാട്. ഒരാളെ യുദ്ധത്തിൽ കാണാതാവുകയും മറ്റൊരാൾ ജീവിക്കുന്ന രക്തസാക്ഷിയാവുകയും ചെയ്തു. കോന്നി ചൈനമുക്ക് മേപ്രത്ത് രാമചന്ദ്രൻനായർ, മണ്ണാറത്തറയിൽ വേണുഗോപാലൻ നായർ എന്നിവരായിരുന്നു ആ ധീരയോദ്ധാക്കൾ. രാമചന്ദ്രൻ നായരുടെ ബന്ധുവായിരുന്നു വേണുഗോപാലൻ നായർ. ഇന്ത്യൻ കരസേനയിൽ സിഗ്നൽ വിഭാഗത്തിലായിരുന്നു ഇരുവരും.
രാമചന്ദ്രൻ നായർ ജോലിയിൽ പ്രവേശിച്ച് അധികം കഴിയും മുമ്പ് യുദ്ധത്തിന് പോകേണ്ടിവന്നു. വേണുഗോപാലൻ നായരും സേനയിൽ ഇതേ റജിമെന്റിൽ ഉണ്ടായിരുന്നു. ഇരുവരും സിഗ്നൽ വിഭാഗത്തിലായതിനാൽ യുദ്ധ മുനമ്പിലേക്കായിരുന്നു ആദ്യം പോകേണ്ടത്.
1962 ലെ ചൈനയുടെ ആക്രമണത്തിൽ ഇന്ത്യൻ സേന ചിതറിപ്പോയി. വേണുഗോപാലൻ നായർ മുറിവുപറ്റി യുദ്ധഭൂമിയിൽ വീണു. പിന്നീട് ദിവസങ്ങൾക്കുശേഷമാണ് അദ്ദേഹത്തിനു ജീവനുണ്ടെന്ന് കണ്ട് ഇന്ത്യൻസേന രക്ഷപ്പെടുത്തിയത്. 9 ദിവസമാണ് ജവാന്മാരുടെ ജഡങ്ങൾക്കരികിൽ വെള്ളം മാത്രം കുടിച്ച് വേണുഗോപാലൻ നായർ കഴിഞ്ഞത്. ജീവൻ തിരിച്ചുകിട്ടിയെങ്കിലും സ്നോബൈറ്റ് വന്ന് കാലിലെ പത്തുവിരലും അറ്റുപോയി. അദ്ദേഹത്തിന്റെ സഹോദരിയുടെ വിവാഹത്തിന്റെ തലേന്നാണ് കാണാനില്ലെന്ന വിവരവുമായി വീട്ടിൽ കമ്പിസന്ദേശം വന്നത്. പിന്നീട് വിരലുകളില്ലാത്ത കാലുമായാണ് അദ്ദേഹം ജന്മനാടായ കോന്നിയിൽ തിരികെ എത്തിയത്. പിന്നീട് വിവാഹിതനുമായി. വീരസേവനത്തെ മാനിച്ച് അദ്ദേഹത്തിന് കെ എസ് ഇ ബിയിൽ ജോലി നൽകി. 1991 സെപ്റ്റംബറിൽ മരിച്ചു. രാമചന്ദ്രൻനായർ അവിവാഹിതനായിരുന്നു. അദ്ദേഹത്തിന്റെ ആശ്രിതർക്ക് രാജ്യം സഹായങ്ങൾ നൽകിയെങ്കിലും യുദ്ധഭൂമിയിൽ കാണാതായ മകനെക്കുറിച്ചുള്ള ഓർമകളുമായി അമ്മ ഭാരതിയമ്മ വീടിനുള്ളിൽ ഒതുങ്ങിയത് നൊമ്പരക്കാഴ്ചയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |