കൊല്ലം: ഡിപ്പാർട്ട്മെന്റ് സംവരണത്തിന്റെ ആനുകൂല്യം ഇല്ലാതെ സംസ്ഥാനത്തെ ആദ്യ വനിത ഇൻസ്പെക്ടറായി കൊല്ലത്തുകാരി ടി.എസ്.സേതുലക്ഷ്മി ഇന്ന് നക്ഷത്രമണിയും. എക്സൈസ് സേനയിൽ നിലവിൽ ഡയറക്ട് റിക്രൂട്ട്മെന്റിൽ എത്തിയ രണ്ട് വനിത എക്സൈസ് ഇൻസ്പെക്ടർമാരുണ്ട്. ഡിപ്പാർട്ട്മെന്റ് സംവരണത്തിലായിരുന്നു നേരത്തെ സേനയുടെ ഭാഗമായിരുന്ന ഇവരുടെ നിയമനം. ഇവർക്ക് പിന്നാലെ എത്തുന്ന സംസ്ഥാനത്തെ മൂന്നാമത്തെ വനിതാ എക്സൈസ് ഇൻസ്പെക്ടർ എന്ന അടയാളപ്പെടുത്തലും സേതുലക്ഷ്മിക്ക് സ്വന്തം.
തൃശൂർ എക്സൈസ് അക്കാഡമിയിൽ ടി.എസ്.സേതുലക്ഷ്മി അടക്കം 84 എക്സൈസ് ഇൻസ്പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡ് ഇന്ന് നടക്കും. റാങ്ക് ലിസ്റ്റിൽ മൂന്നാം സ്ഥാനക്കാരിയായായ ടി.എസ്. സേതുലക്ഷ്മിക്കായിരുന്നു പി.എസ്.സിയുടെ എക്സൈസ് ഇൻസ്പെക്ടർ ട്രെയിനി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക്. എന്നാൽ മാർക്കിൽ പിന്നിലായിരുന്ന രണ്ടുപേർ സ്പോർട്സ് വെയിറ്റേജിൽ റാങ്ക് ലിസ്റ്റിൽ മുന്നിലെത്തി. എങ്കിലും അഡ്വൈസ് സീനിയോറിറ്റി പ്രകാരം സേതുലക്ഷ്മിക്ക് തന്നെയാണ് റാങ്ക് ലിസ്റ്റിൽ നിന്നുള്ള ആദ്യ നിയമനം.
എറണാകുളം തമ്പിപറമ്പിൽ വീട്ടിൽ സത്യപാലന്റെയും ലതികയുടെയും മകളാണ് സേതുലക്ഷ്മി. ചവറ കെ.എം.എം.എല്ലിലെ ഡെപ്യൂട്ടി മാനേജർ വടക്കൻ മൈനാഗപ്പള്ളി ശ്രീകുലം വീട്ടിൽ അഭിലാഷ് സുധാകരനെ വിവാഹം കഴിച്ചാണ് കൊല്ലത്തെത്തിയത്. അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് പാസായി. ഇതിനിടെ കാമ്പസ് റിക്രൂട്ട്മെന്റിലൂടെ പ്രമുഖ സ്വകാര്യ കമ്പനിയിൽ ജോലി ലഭിച്ചു. രണ്ടുവർഷത്തിന് ശേഷം ജോലി രാജിവച്ച് സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പരിശീലനം ആരംഭിച്ചു. 2021 സിവിൽ സർവീസ് പരീക്ഷയുടെ അഭിമുഖം വരെയെത്തി. ഇതിനിടയിൽ വനിതാ പൊലീസ് എസ്.ഐ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചു. പൊലീസ് അക്കാഡമിയിൽ എസ്.ഐ പരിശീലനത്തിലിരിക്കെയാണ് വനിതാ എക്സൈസ് ഇൻസ്പെക്ടറായി നിയമനം ലഭിച്ചത്.
സിവിൽ സർവീസ് സ്വപ്നം ഉപേക്ഷിച്ചിട്ടില്ല. ഭർത്തൃവീട്ടുകാരുടെ ശക്തമായ പിന്തുണയാണ് വിജയത്തിന്റെ കരുത്ത്.
ടി.എസ്.സേതുലക്ഷ്മി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |