തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ സംഘർഷ ബാധിതമായ അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾ ഡൽഹി കേരള ഹൗസിലെത്തി. ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര, സംസ്ഥാന യൂണിവേഴ്‌സിറ്റികളിലെ വിദ്യാർത്ഥികളാണിവർ.
ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി എഴുപത്തഞ്ചോളം വിദ്യാർത്ഥികളാണ് കേരള ഹൗസിലെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വിവിധ വിമാനങ്ങളിലും ട്രെയിനിലുമായി ഇന്നും നാളെ പുലർച്ചെയുമായി നാട്ടിലേക്ക് തിരിക്കും. സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ മലയാളികൾക്കും വിദ്യാർത്ഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് ഡൽഹിയിലെ കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നത്.
അഡീഷണൽ റെസിഡന്റ് കമ്മീഷണർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ കൺട്രോളർ എഎസ് ഹരികുമാർ, ലെയ്സൺ ഓഫീസർ രാഹുൽ കെ ജെയ്സ്വാർ, നോർക്ക ഡെവല്പ്പമെന്റ് ഓഫീസർ ജെ ഷാജിമോൻ, പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി ബൈജു, അസിസ്റ്റന്റ് എഞ്ചിനീയർമാരായ എൻ ശ്രീഗേഷ്, സി മുനവർ ജുമാൻ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ സുനിൽകുമാർ, കെഎസ്ഇബി റെസിഡന്റ് എഞ്ചിനീയർ ഡെന്നീസ് രാജൻ, പിആർഡി അസിസ്റ്റന്റ് എഡിറ്റർ രതീഷ് ജോൺ, അസിസ്റ്റന്റ് ലെയ്സൺ ഓഫീസർമാരായ റ്റിഒ ജിതിൻ രാജ്, പിആർ വിഷ്ണുരാജ്, എസ് സച്ചിൻ, ജയരാജ് നായർ, ആർ അതുൽ കൃഷ്ണൻ എന്നിവരെ കൺട്രോൾ റൂം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചു. കൺട്രോൾ റൂം ഹെൽപ്പ് ലൈൻ നമ്പർ - 01123747079
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |