കൊച്ചി: നാലു ദിവസം മുൻപ് എറണാകുളത്തെ ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായ യുവതികളിലൊരാൾ ഒരു മാസം മുമ്പ് സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ ഇര. അന്യസംസ്ഥാനത്തെ ഗോഡൗണിൽ ഹിന്ദി സംസാരിക്കുന്നയാൾ മാനഭംഗപ്പെടുത്തിയെന്ന് യുവതി മൊഴി നൽകിയതിനെ തുടർന്ന് വനിതാ മജിസ്‌ട്രേറ്റിന്റെ നിർദ്ദേശപ്രകാരം കെൽസ ഇടപെട്ടാണ് യുവതിയെ കമ്മട്ടിപ്പാടത്തെ ഷെൽട്ടർഹോമിൽ എത്തിച്ചത്.
മേയ് ഏഴിനാണ് ആലുവ സ്വദേശിയായ 20 കാരിക്കൊപ്പം പീഡനക്കേസിൽ ഇരയായ യുവതി വാർഡൻമാരുടെ കണ്ണ് വെട്ടിച്ച് കടന്നത്. എറണാകുളത്ത് മാതാവിനൊപ്പം താമസിച്ചിരുന്ന യുവതിയെ ഫെബ്രുവരിയിൽ വീട്ടിൽ നിന്ന് കാണാതായിരുന്നു. തിരോധാനവുമായി ബന്ധപ്പെട്ട് സെൻട്രൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഏപ്രിൽ 10ന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വനിതാ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി മൊഴിയെടുത്തത്. ദിവസങ്ങളോളം അസമിലായിരുന്ന സമയത്താണ് പീഡനത്തിന് ഇരയായതെന്നുമായിരുന്നു മൊഴി. പീഡനക്കേസിൽ സെൻട്രൽ പൊലീസിന്റെ അന്വേഷണം തുടരുന്നതിനിടെയാണ് ഷെൽട്ടർഹോമിൽ നിന്ന് അപ്രത്യക്ഷയായത്. ഇക്കാര്യം പൊലീസ് കെൽസയെ അറിയിച്ചിട്ടുണ്ട്.
യുവതികളുടെ തിരോധാനം നിലവിൽ കടവന്ത്ര പൊലീസാണ് അന്വേഷിക്കുന്നത്. ഇരുവരും കമ്മട്ടിപാടത്ത് നിന്ന് വവേകാനന്ദ റോഡ് വരെ നടന്നുവരുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിന് ശേഷമുള്ള ദൃശ്യങ്ങൾ ലഭ്യമല്ല. ഒപ്പം കാണാതായ 20കാരിയെ മൂന്ന് ദിവസം മുമ്പ് ഏലൂർ പൊലീസാണ് ഷെൽട്ടർഹോമിലെത്തിച്ചത്. ഇരുവരുടെയും കൈവശം മൊബൈൽ ഫോണും പണവുമില്ലെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും പൊലീസ് പൂർണമായി വിശ്വസിക്കുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |