തിരുവല്ല : ജില്ലാ ആസ്ഥാനത്തേക്കുള്ള തിരുവല്ല - കുമ്പഴ സംസ്ഥാന പാതയിൽ 11.5 കോടിയുടെ നവീകരണ ജോലികൾ തുടങ്ങി. തിരുവല്ല മുതൽ നടക്കുന്ന നവീകരണ ജോലികളിൽ കലുങ്കുകളുടെ പുനർനിർമ്മാണമാണ് തുടങ്ങിയത്. മഞ്ഞാടി പള്ളിയുടെ മുന്നിലും ജോസീസ് ബേക്കറിക്ക് മുന്നിലുമാണ് കലുങ്ക് പൊളിച്ചുപണിയുന്നത്. മണ്ണുമാന്തിയുടെ സഹായത്തോടെ കുഴിയെടുത്തു. റോഡിന്റെ പകുതിഭാഗത്തെ കലുങ്ക് പൊളിച്ച് കോൺക്രീറ്റ് ചെയ്തശേഷം 20 ദിവസത്തിനുശേഷം ബാക്കി ഭാഗം പൊളിക്കും. മഞ്ഞാടിയിൽ 100 മീറ്ററിനുള്ളിൽ രണ്ടിടത്തും ഒന്നിച്ച് പണികൾ നടത്തുന്നതിനാൽ ഗതാഗതകുരുക്ക് അനുഭവപ്പെടുന്നുണ്ട്. പണികൾ തീരുന്നതുവരെ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ഒരുവശത്തുകൂടി മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. തിരുവല്ല വൈ.എം.സി.എയ്ക്ക് സമീപം 200 മീറ്റർ ദൂരം ഓടനിർമാണം, തീപ്പനി റെയിൽവേ മേൽപാലത്തിന് താഴെ 50 മീറ്ററോളം പൂട്ടുകട്ടകൾ മാറ്റിയിടുക തുടങ്ങിയ ജോലികളും ഇതോടൊപ്പം ചെയ്യുന്നുണ്ട്.
രണ്ടുഘട്ടമായി നവീകരണം
തിരുവല്ല മുതൽ വള്ളംകുളം പാലം വരെ 4.3 കോടി രൂപയുടെയും വള്ളംകുളം പാലം മുതൽ കോഴഞ്ചേരി പാലം വരെ 7.2 കോടി രൂപയുടെയും 2 പ്രവൃത്തികളായാണ് നവീകരണം നടത്തുന്നത്. നിലവിലുള്ള ടാറിംഗിന്റെ മുകളിൽ ബി.സി ടാറിങ്ങാണ് നടത്തുന്നത്. വള്ളംകുളം പാലം മുതൽ കോഴഞ്ചേരി പാലം വരെയുള്ള ഭാഗം ഇരവിപേരൂർ സെക്‌ഷന്റെ കീഴിലാണ് ചെയ്യുന്നത്. റോഡിന്റെ ലെവൽസ് എടുക്കുന്ന ജോലി കുമ്പനാട് വരെ ചെയ്തപ്പോഴാണ് ജല അതോറിറ്റി റോഡുവശത്ത് പൈപ്പ് ഇടുന്ന ജോലി തുടങ്ങിയത്. ഇതു പൂർത്തിയായാൽ മാത്രമേ ലെവൽസ് എടുത്തു തീർക്കാൻ കഴിയൂ. 2016ലാണ് ടി.കെ റോഡ് ആദ്യമായി ബി.എം ബി.സി ടാറിംഗ് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |