കോഴഞ്ചേരി: കോഴഞ്ചേരി പഞ്ചായത്തിൽ 25 കോടി ചെലവിൽ മാർക്കറ്റ് കോംപ്ലക്സ് നിർമ്മിക്കാൻ പദ്ധതി തയാറാവുന്നു. കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിനേറ്റെടുത്ത സ്ഥലത്ത് ടി.കെ റോഡിന് സമാന്തരമായി ബഹുനില കെട്ടിട സമുച്ചയം നിർമ്മിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 25 കോടി രൂപ ചെലവ് വരുന്ന പദ്ധതിയ്ക്ക് നബാർഡ് സാമ്പത്തിക സഹായം ചെയ്യും. 5% തുക പഞ്ചായത്ത് കണ്ടെത്തണം. ഇത് സംബന്ധിച്ച ചർച്ചകൾക്ക് ആന്റോ ആന്റണി എം.പി നേതൃത്വം നല്കി. പദ്ധതി വിഹിതമായി പഞ്ചായത്തിന് 50 ലക്ഷം രൂപ എം പി ഫണ്ടിൽ നിന്ന് അനുവദിക്കാൻ തയാറാണെന്ന് എം.പി അറിയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ് , വൈസ് പ്രസിഡന്റ് മേരി ക്കുട്ടി സി.എം, പഞ്ചായത്തംഗം റാണി കോശി എന്നിവർ പറഞ്ഞു. താഴെ പാർക്കിംഗും , ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനത്തോട് കൂടിയ ചന്ത , അറവു ശാല , മത്സ്യ ചന്ത , കണ്ടെയ്നർ ഡിപ്പോ സൗകര്യങ്ങൾ തുടങ്ങിയവയോടെയാവും വ്യാപാര സമുച്ചയം നിർമ്മിക്കുക . ഇത് സംബന്ധിച്ച വിശദമായ പദ്ധതിരേഖ തയാറാക്കാൻ പഞ്ചായത്ത് പ്രസിഡന്റ് , സെക്രട്ടറി ഉൾപ്പെടുന്ന കമ്മിറ്റിയെ 9ന് ചേർന്ന പഞ്ചായത്ത് സമിതിയുടെ അടിയന്തര യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. എം.പി യുടെ ഓഫീസിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ് ,പഞ്ചായത്തംഗങ്ങളായ സുനിത ഫിലിപ്പ് ,റാണി കോശി ജിജി വർഗീസ് , പഞ്ചായത്ത് സെക്രട്ടറി രേണു , അസിസ്റ്റന്റ് എൻജിനീയർ അരുൺ , നബാർഡ് ഡെപ്യൂട്ടി മാനേജർ വിനോദ് കുമാർ എന്നിവർ പങ്കെടുത്തു. നിലവിലെ സ്റ്റേഡിയത്തോട് ചേർന്നുള്ള സ്ഥലം ഏറ്റെടുത്ത് ആധുനീക സൗകര്യങ്ങളോടെയുള്ള സ്റ്റേഡിയം നിർമ്മിക്കുവാനും പദ്ധതിയുണ്ടെന്ന് ഇവർ അറിയിച്ചു.
................................................
നിർമ്മാണച്ചെലവ് 25 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |