തൃശൂർ : രാജ്യത്ത് ആദ്യമായി ട്രാൻസ്‌ജെൻഡർ നയം ആവിഷ്‌കരിച്ച കേരളം അവരുടെ മാനസിക പിന്തുണയ്ക്കായി ക്രൈസിസ് ഇന്റർവെൻഷൻ സെന്റർ എന്ന പേരിൽ കേന്ദ്രം ആരംഭിക്കും. എറണാകുളം കാക്കനാട് ആരംഭിക്കുന്ന കേന്ദ്രത്തിലൂടെ അവരുടെ സാമൂഹിക ഉന്നമനമാണ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസം മുതൽ ആരോഗ്യ സംരക്ഷണം വരെയും സ്വയംതൊഴിൽ- നൈപുണ്യ പരിശീലനം മുതൽ വിവാഹ ധനസഹായം വരെയും ലക്ഷ്യമിട്ടാണ് കേന്ദ്രം പ്രവർത്തിക്കുക. സമൂഹത്തിൽ നിന്ന് ട്രാൻസ്‌ജെൻഡർ വ്യക്തികൾ സാമൂഹികമായി പലവിധ അതിക്രമങ്ങളാണ് നേരിടുന്നത്. സാമൂഹികമായി പിന്തുണയില്ലാത്തതിനാൽ ഉയർന്ന മാനസിക സമ്മർദ്ദം അനുഭവിക്കേണ്ടി വരുന്നുണ്ട്. കുടുംബങ്ങളിൽ നിന്ന് പലപ്പോഴും ഒറ്റപ്പെടുന്നതും പതിവാണ്. ഇത്തരം പ്രതിസന്ധികളിൽ ആവശ്യമായ ഇടപെടൽ നടത്താനും, പരാതികൾക്ക് പരിഹാരം കാണാനും നിലവിൽ മറ്റ് സംവിധാനങ്ങൾ ഇല്ല. ഈ കേന്ദ്രം അത്തരം ഇടപെടലിന് ഉപകരിക്കും.
ഉടൻ സേവനം
ലൈംഗിക പീഡനങ്ങൾ, ശാരീരിക അതിക്രമങ്ങൾ, മാനസികപീഡന അതിക്രമങ്ങൾ, ഗാർഹികപീഡനങ്ങൾ, ആരോഗ്യ സംബന്ധിയായ പ്രശ്‌നങ്ങൾ കൊണ്ടുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ തുടങ്ങിയ വിവിധങ്ങളായ പ്രതിസന്ധികളിൽ, ട്രാൻസ്‌ജെൻഡർ വ്യക്തികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ലഘൂകരിക്കാനാണ് സംവിധാനം. പ്രതിസന്ധിയിൽ അകപ്പെടുന്ന വ്യക്തിക്ക് പെട്ടെന്നു വേണ്ട പരിചരണവും, പ്രതിസന്ധി തരണം ചെയ്ത് സാധാരണ നിലയിലേക്ക് മടങ്ങാൻ സഹായവും നൽകും.
മറ്റ് സേവനങ്ങൾ
24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലൈൻ നമ്പർ
കൗൺസിലർമാരുടെ സേവനം
പൊലീസ്, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളുമായുള്ള ഏകോപനം
പ്രകൃതി ദുരന്തങ്ങളും പകർച്ചവ്യാധികളും പോലുള്ള അടിയന്തിര ഘട്ടങ്ങളിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് കൈത്താങ്ങ്
സർക്കാരും ട്രാൻസ്ജെൻഡർമാരും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |