കൊല്ലം: സംസ്ഥാന സർക്കാർ വിഹിതമായ മട്ട അരിയെ ചൊല്ലി തൊട്ടടുത്തുള്ള റേഷൻ കടക്കാർ തമ്മിൽ തർക്കം പതിവാകുന്നു. വെള്ള മട്ട മാത്രം സ്റ്റോക്കുള്ള റേഷൻകടകളിലെ ഉപഭോക്താക്കൾ പോർട്ടബിലിറ്റി സംവിധാനം ഉപയോഗിച്ച് തൊട്ടടുത്തുള്ള കടകളിൽ പോയി ചുവന്ന മട്ടഅരി വാങ്ങുന്നതാണ് കാരണം.
നേരത്തെ ചുവന്ന നിറത്തിലുള്ള മട്ടഅരി മാത്രമാണ് റേഷൻകടകളിൽ എത്തിയിരുന്നത്. എഫ്.സി.ഐയിൽ നിന്നുള്ള വെള്ള പുഴുക്കലരി വാങ്ങാത്തവരും നിലവാരമുള്ള ചുവന്ന മട്ടഅരി വാങ്ങുമായിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി ചുവന്ന മട്ടയ്ക്ക് പകരം വെള്ള മട്ടഅരിയാണ് ജില്ലയിലെ എൻ.എഫ്.എസ്.എ ഗോഡൗണുകളിലേക്ക് എത്തുന്നത്.
ഒരുതവണ വാങ്ങിയവർ രണ്ടാമത് എത്തുമ്പോൾ വെള്ള മട്ട വേണ്ടെന്ന് തീർത്തുപറയുകയാണെന്ന് റേഷൻകടക്കാർ പറയുന്നു. മട്ട അരിയെന്ന പേരിൽ വെള്ള പുഴുക്കലരി കൊടുത്ത് കബിളിപ്പിക്കുന്നുവെന്നാണ് പല ഉപഭോക്താക്കളുടെയും പരാതി. തൊട്ടടുത്ത കടയിൽ ചുവന്ന മട്ടയരി കൂടുതൽ സ്റ്റോക്കുള്ളത് കാർഡ് ഉടമകളുടെ സംശയം ഇരട്ടിപ്പിക്കുന്നു. അവർ ചോദിച്ച് ചെല്ലുമ്പോൾ ചുവന്ന മട്ടയരി നൽകുന്നുമുണ്ട്.
എത്തുന്ന ചുവന്ന മട്ടയരി കൃത്യമായി തുല്യയളവിൽ വിതരണം ചെയ്യാതെ ചില കടകൾക്ക് കൂട്ടിയും മറ്റ് ചിലർക്ക് കുറച്ചും ഗോഡൗണുകളിൽ നിന്ന് വിതരണം ചെയ്യുന്നതാണ് ഇതിന്റെ കാരണം. എൻ.എഫ്.എസ്.എ ഗോഡൗണുകളിലെ ഉദ്യോഗസ്ഥർ ഇഷ്ടക്കാർക്ക് കൂടുതൽ നൽകുന്നുവെന്നാണ് ഒരുവിഭാഗം റേഷൻ വ്യാപാരികളുടെ പരാതി.
മട്ടഅരി സംസ്ഥാന വിഹിതം
നെല്ല് കർഷകരിൽ നിന്ന് ഏറ്റെടുക്കുന്നത്
സംഭരിക്കുന്നത് സപ്ലൈകോ
സംസ്കരണം സ്വകാര്യ മില്ലുകളിൽ
അരിയാക്കി സപ്ലൈകോയ്ക്ക് നൽകും
സംസ്ഥാന സർക്കാർ വിഹിതമായി വിതരണം
ചുവന്ന മട്ട
ചുവന്ന നിറം, രൂചി കൂടുതൽ
കഞ്ഞിക്കും ചോറിനും നല്ലത്
ഉപഭോക്താക്കൾക്ക് വൻ പ്രിയം
വെള്ള മട്ട
വെള്ള നിറം, രുചി കുറവ്
വേവ് കൂടുതലെന്ന് പരാതി
ഉപഭോക്താക്കൾ വാങ്ങുന്നില്ല
ചുവന്ന മട്ടയില്ലാത്താവരുടെ
കമ്മിഷൻ ഇടിയുന്നു
വിവിധ വിഭാഗം കാർഡ് ഉടമകൾക്കുള്ള ഭക്ഷ്യവിഹിതത്തിൽ മട്ടഅരി, പുഴുക്കലരി, പച്ചരി, ഗോതമ്പ് എന്നിവയുടെ അളവ് ഓരോ താലൂക്കിലും വ്യത്യസ്തമാണ്. എൻ.എഫ്.എസ്.എ ഗോഡൗണിലെ സ്റ്റോക്ക് അനുസരിച്ചാണ് ഇവയുടെ വിതരണത്തിനുള്ള അളവ് ക്രമീകരിക്കുന്നത്. ഒരു കിലോ അരിക്ക് രണ്ട് രൂപയാണ് റേഷൻ വ്യപാരിക്കുള്ള കമ്മിഷൻ. ചുവന്ന മട്ട കിട്ടാത്ത റേഷൻകടക്കാർക്ക് കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ മട്ടഅരി വിതരണത്തിൽ നിന്നുള്ള കമ്മിഷൻ വലിയളവിൽ കുറഞ്ഞിരിക്കുകയാണ്.
റേഷൻ വ്യാപാരികളുടെ പരാതി സപ്ലൈകോ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വെള്ളത്തവിടുള്ള അരിയാണ് വെള്ള മട്ടയായി വരുന്നതെന്നാണ് വിശദീകരണം.
പൊതുവിതരണ വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |