തമിഴ്നാട്ടിലേക്കും കർണ്ണാടകയിലേക്കും തിരുവനന്തപുരത്തേയ്ക്കും അടക്കം നൂറുകണക്കിന് ബസുകൾ കയറിയിറങ്ങുന്ന തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് അനുദിനം സ്ഥലപരിമിതി കൊണ്ട് വീർപ്പുമുട്ടുകയാണ്.
അവധിക്കാലവും തൃശൂർ പൂരത്തിന്റെ തിരക്കുകളുമായതോടെ ബസുകൾ നിറഞ്ഞ് തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ബ്ളോക്കായി.
രാത്രികളിൽ ദീർഘദൂരബസുകൾ നിറയുന്നതിനാൽ യാത്രക്കാർക്ക് നടക്കാൻ പോലും സ്ഥലമില്ലാതായി. ബസുകൾ സ്റ്റാൻഡ് വിട്ട് പോകാനും പാടുപെടുകയാണ്. ഇടപ്പള്ളി - മണ്ണുത്തി ദേശീയപാതയിൽ നിർമ്മാണപ്രവർത്തനങ്ങൾ കാരണം വൻ ഗതാഗതക്കുരുക്കായതിനാൽ ബസുകൾ വൈകിയാണെത്തുന്നത്. പലപ്പോഴും എല്ലാ ബസുകളും ഒരുമിച്ചെത്തും. അപ്പോൾ സ്റ്റാൻഡിൽ കയറാൻ പോലും കഴിയില്ല. തൃശൂർ - കുറ്റിപ്പുറം പാതയിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. അതുകൊണ്ടു തന്നെ കോഴിക്കോട് ഭാഗത്തുനിന്നുളള ബസുകളും കൂട്ടത്തോടെയെത്തും.
കഴിഞ്ഞ ഒക്ടോബറിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പുനരുദ്ധാരണത്തിന് തീരുമാനമായെങ്കിലും ആറുമാസമായിട്ടും യാതൊരു നടപടിയുമുണ്ടായില്ല. വേണ്ടത്ര ഇരിപ്പിടമില്ലെന്ന് വർഷങ്ങളായുളള പരാതിയാണ്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് നവീകരണ നടപടികൾക്ക് വേഗം കൂട്ടുന്നതിന്റെ മുന്നോടിയായി യാത്രക്കാർക്ക് ശീതീകരിച്ച മുറി ഒരുക്കിയത് അൽപ്പം ആശ്വാസമായിട്ടുണ്ട്. കോഴിക്കോട് അടക്കമുള്ള സ്റ്റേഷനുകളിലേതു പോലെ പണം കൊടുത്ത് ഉപയോഗിക്കാവുന്ന മുറിയാണിത്. പക്ഷേ, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പൂരം കാണാനെത്തുന്നവരെ നട്ടം തിരിക്കും. രാത്രികളിൽ നായ്ക്കളുടെ ശല്യവുമുണ്ട്. കുടിവെള്ളത്തിനായുള്ള ഫിൽറ്ററുകൾപോലും വൃത്തിഹീനമാണ്. ശൗചാലയങ്ങളിലും വൃത്തിയും വെടിപ്പുമില്ല. സ്റ്റാൻഡിനുള്ളിൽത്തന്നെ ഉപയോഗിക്കാനാവാതെ സ്ഥലംമുടക്കി ബസുകളുണ്ട്. ഇവ നീക്കാൻ അധികൃതർ തയ്യാറായിട്ടില്ല. സ്റ്റാൻഡിന്റെ പ്രവേശന ഭാഗത്ത് മിൽമയുടെ പൂട്ടിയ ഭക്ഷണശാലയും ഭക്ഷണശാലയാക്കി മാറ്റിയ പഴയ ബസ് പ്രവർത്തിക്കാതെ വഴി തടസപ്പെടുത്തുന്നുണ്ട്.
പൂരത്തിരക്കിൽ...
പൂര ദിവസങ്ങളിൽ പ്രത്യേകമായി കെ.എസ്.ആർ.ടി.സി യുടെ 65 സ്‌പെഷ്യൽ സർവീസുകൾ നടത്താൻ തീരുമാനിച്ചിരുന്നു. പൂരത്തിന്റെ ഗതാഗത സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി റവന്യു മന്ത്രി കെ.രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിലായിരുന്നു തീരുമാനം. പൂര ദിവസങ്ങളിൽ വൈകീട്ടും വെടിക്കെട്ടിന് ശേഷവും സ്വകാര്യ ബസ് സർവീസുകൾ കുറവുള്ള സ്ഥലങ്ങളിലേക്കും കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസ് നടത്താനും സ്ഥിരം കെ.എസ്.ആർ.ടി.സി സർവീസുകൾക്ക് പുറമെ ജില്ലയിലെ ഉൾപ്രദേശങ്ങളിലേക്ക് പ്രത്യേക സർവീസുകൾ ഏർപ്പെടുത്താനും തീരുമാനിച്ചിരുന്നു. പക്ഷേ തിരക്കിന് ഒട്ടും കുറവുണ്ടായില്ല. ശക്തന്‍ സ്റ്റാന്റില്‍ നിന്നും കെ.എസ്.ആർ.ടി.സിയുടെ സേവനം ഏർപ്പെടുത്തി. പരമാവധി സര്‍വ്വീസുകൾ നടത്താമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റർമാരും അറിയിച്ചിരുന്നു.
സാമ്പിൾ വെടിക്കെട്ടുദിവസം തൃശൂർ ഡിപ്പോയിൽനിന്നുള്ള പ്രാദേശിക സർവീസുകളുണ്ടായിരുന്നു. പക്ഷേ, തിരക്ക് എന്നിട്ടും കുറഞ്ഞില്ല. കുടമാറ്റം കാണാൻ എത്തുന്നവർക്കായാണ് ദീർഘദൂര സർവീസ് ഏർപ്പെടുത്തിയത്. തിരിച്ചും സർവീസുണ്ടായിരുന്നു. വെടിക്കെട്ടിന് എത്തുന്നവർക്കായും ദീർഘദൂര സർവീസുകളും ഒരുക്കി. കോഴിക്കോട്, പെരിന്തൽമണ്ണ, പാലക്കാട്, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ സർവീസുകൾ ഉണ്ടായിരുന്നത്. പക്ഷേ, സ്റ്റാൻഡിന്റെ പുനർനിർമ്മാണം ഇനിയും ഉണ്ടായില്ലെങ്കിൽ തിരക്ക് ഒരിക്കലും ഒഴിയില്ലെന്നാണ് യാത്രക്കാർ പറയുന്നത്.
എന്ന് പണി തുടങ്ങും
സ്റ്റാൻഡിന്റെ നിർമ്മാണച്ചെലവ് ഏതാണ്ട് 20 കോടിയാകുമെന്നാണ് കണക്കുകൂട്ടന്നത്. ഒരു ദിവസം തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തുന്ന ബസുകൾ 1,200 ലേറെയുണ്ട്. ഡിപ്പോയിലെ മാത്രം ബസുകൾ 61 എണ്ണവും. അതുകൊണ്ടു തന്നെ ആയിരക്കണക്കിന് യാത്രക്കാരാണ് ഈ സ്റ്റാൻഡിലൂടെ കടന്നുപോകുന്നത്. പക്ഷേ, ഭൗതികസാഹചര്യങ്ങൾ ഇത്രയേറെ കുറവുളള മറ്റൊരു സ്റ്റാൻഡില്ലെന്നാണ് യാത്രക്കാർ പറയുന്നത്.
കടലാസ് കെട്ടുകളും മാറാലയും മാലിന്യവും നിറഞ്ഞ് പതിറ്റാണ്ടുകളായി പൊട്ടിപ്പൊളിഞ്ഞ കെട്ടിടമാണുളളത്. എല്ലാ മഴക്കാലത്തും ആഴം കൂടുന്ന കുഴികൾ, ഫയൽ നിറഞ്ഞ മേശകളും ചോർച്ച പടരുന്ന ഭിത്തികളും വീഴാറായ കോൺക്രീറ്റ് മേൽക്കൂരയും, തിങ്ങി ഞെരുങ്ങി നിൽക്കുന്ന യാത്രക്കാർ, നിറുത്തിയിടാനും തിരികെപോകാനും നട്ടം തിരിയുന്ന ബസ് ഡ്രെെവർമാർ ഇതൊക്കെയാണ് തൃശൂർ കെ.എസ്.ആർ.ടിസി ബസ് സ്റ്റാൻഡിലെ കാഴ്ചകൾ. ഉത്സവകാലങ്ങളിൽ ബസുകളുടെ എണ്ണവും യാത്രക്കാരുടെ എണ്ണവും കൂടിയിട്ടും സ്റ്റാൻഡിന് യാതൊരു മാറ്റവുമുണ്ടാകാറില്ല.
സ്റ്റാൻഡിനെ അടിമുടി മാറ്റാൻ ലക്ഷ്യമിട്ടുളള മാസ്റ്റർ പ്ലാൻ സമർപ്പിച്ച് ഏഴ് വർഷം കഴിയുമ്പോഴും ആരും തിരിഞ്ഞുനോക്കാതെ വെള്ളക്കെട്ടിലും കുഴികളിലും നിരങ്ങി നീങ്ങുന്ന ബസുകളും യാത്രക്കാരുമായി തൃശൂർ സ്റ്റാൻഡ് എന്ന് 'കട്ടപ്പുറത്ത്' നിന്ന് ഇറങ്ങുമെന്നാണ് യാത്രക്കാർ ചോദിക്കുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന പദ്ധതികളാണ്. തുടക്കത്തിൽ സർക്കാരിന്റെ വലിയ പിന്തുണയുമുണ്ടായിരുന്നു.
കൊവിഡ് വ്യാപനവും കെ.എസ്.ആർ.ടി.സിയുടെ അനാസ്ഥയുമായതോടെ പദ്ധതി മറന്ന മട്ടായി. കെ.എസ്.ആർ.ടി.സി എം.ഡിയും ഉയർന്ന ഉദ്യോഗസ്ഥരും പലവട്ടം സ്ഥലം സന്ദർശിച്ചു. സാമ്പത്തിക പ്രശ്‌നമോ സ്ഥലലഭ്യതയുടെ പ്രശ്‌നമോ ഒന്നും വികസനത്തെ ബാധിക്കില്ലെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉറപ്പും നൽകിയെങ്കിലും, എല്ലാ ഉറപ്പും പാഴായി.
റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിച്ചായിരുന്നു ആദ്യഘട്ടത്തിൽ വികസനം ലക്ഷ്യമിട്ടത്. എം.എൽ.എ ഫണ്ടിൽ നിന്ന് പണം അനുവദിക്കാമെന്നും വ്യക്തമാക്കി. റെയിൽവേയുമായി നടത്തിയ ചർച്ചയിലും അനുകൂല നിലപാടായിരുന്നു. പക്ഷേ, തുടർച്ചയുണ്ടായില്ല. അന്യസംസ്ഥാന ബസുകൾ ശക്തൻ നഗറിൽ നിറുത്തിയിടാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. പണി തുടങ്ങിയാൽ ശക്തൻ കേന്ദ്രീകരിച്ച് താത്കാലിക സ്റ്റാൻഡും ലക്ഷ്യമിട്ടിരുന്നു. സ്ഥലപരിമിതി കാരണം ചിലപ്പോൾ ബസുകൾക്ക് എത്താനാകാത്ത നിലയുണ്ട്. മൾട്ടി ആക്‌സിൽ വോൾവോ ബസുകൾ സ്റ്റാൻഡിനുള്ളിലെ തിരക്കിൽ കുരുങ്ങുന്നതും പതിവാണ്. രാത്രിയിലും പുലർച്ചെയുമാണ് തിരക്കേറെയുളളത്.
യാത്രക്കാരുടെയും ബസുകളുടെയും എണ്ണത്തിൽ മുന്നിലാണെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ പതിറ്റാണ്ടായി പിന്നിലാണ് സ്റ്റാൻഡ്.
ഇന്ത്യൻ ഓയിൽ കോർപറേഷൻ പമ്പ് സ്ഥാപിച്ചത് സ്ഥലമില്ലായ്മ പ്രതിസന്ധി കൂട്ടി. പമ്പിനായി തെക്കെ കവാടം അടച്ചതിനാൽ ബസുകൾക്ക് സ്റ്റാൻഡിലെത്താൻ തടസമായി. ഡിപ്പോയിലെ ബസുകൾ കൈകാര്യം ചെയ്യാനുള്ള സൗകര്യം സ്റ്റേഷനിൽ ഇല്ല. ശൗചാലയങ്ങളുടെ കാര്യവും ശോചനീയമാണ്. ആവശ്യത്തിന് വെളളം പോലുമില്ലെന്ന് യാത്രക്കാർ പറയുന്നു. ദുർഗന്ധവും മാലിന്യവും കാത്തിരിപ്പു കേന്ദ്രത്തിൽ സീറ്റിനടിയിലെ പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളും യാത്രക്കാർക്ക് ഇടയിലൂടെ പായുന്ന തെരുവുനായ്ക്കളും എലികളുമെല്ലാം ഇവിടെ കാണാം.
ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാൽ സ്റ്റാൻഡ് കേന്ദ്രീകരിച്ച് ലഹരി മാഫിയകളുടേയും സാമൂഹിക വിരുദ്ധരുടെയും ശല്യവും രാത്രികാലങ്ങളിൽ രൂക്ഷമാണ്. രാത്രിയിൽ അന്യസംസ്ഥാനങ്ങളിലേക്ക് നിരവധി വിദ്യാർത്ഥികളാണ് തൃശൂരിൽ നിന്ന് പോകുന്നത്. പുലർച്ചെവരെ അന്യസംസ്ഥാനങ്ങളിലേക്കുളള വിദ്യാർത്ഥികളുടേയും ഉദ്യോഗാർത്ഥികളുടേയും ഒഴുക്കുണ്ടാകും. ഇവർക്കും സുരക്ഷയുമില്ല. ഇതുപോലൊരു കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ് തൃശൂരിൽ മാത്രമെന്ന് ആവർത്തിക്കുന്നവരാണ് ഏറെയും...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |