കൊല്ലം: നവീകരണത്തിനൊപ്പം മാലിന്യ നിക്ഷേപവും കൂടിയായതോടെ കൊല്ലം തോടിന്റെ ദുരവസ്ഥയ്ക്ക് തെല്ലും മാറ്റമില്ല.
ചരക്ക് നീക്കത്തിനായി ഈ വർഷം അവസാനത്തോടെ കമ്മിഷൻ ചെയ്യപ്പെടുമെന്ന് കരുതുന്ന കോവളം- ബേക്കൽ ജലപാതയിൽ ഉൾപ്പെടുന്ന കൊല്ലം തോട് ആഴം കൂട്ടി വൃത്തിയാക്കി നവീകരിക്കുമ്പാഴും ഒരു വശത്ത് നിന്ന് മാലിന്യം തള്ളി ജലാശയവും പരിസരവും വീണ്ടും വൃത്തികേടാക്കുകയാണ്.
ഇരുമ്പ് പാലത്തിന് വടക്ക് അഷ്‌ടമുടി കായലിന്റെ മുഖപ്പിൽ ആരംഭിക്കുന്ന തോട്ടിൽ, ഇരുമ്പ് പാലം മുതൽ കല്ലുപാലം വരെയുള്ള റീച്ചിന്റെ ഇരുകരകളിലുമാണ് മാലിന്യ നിക്ഷേപം രൂക്ഷമായത്. തോടിന്റെ കരയിൽ താമസിച്ചവരെ പുനരധിവസിപ്പിച്ചതുൾപ്പടെയുള്ള ദുഷ്‌കരമായ ദൗത്യം ലക്ഷ്യം കണ്ടെങ്കിലും നവീകരണത്തിന് ശേഷവും മാലിന്യം തള്ളി ജലാശയം മലിനമാക്കുന്നവരെ പിടികൂടാൻ മാത്രം കഴിയുന്നില്ല. തോട്ടിറമ്പിൽ താമസിച്ചവർ കക്കൂസ് മാലിന്യംവരെ തള്ളിയിരുന്ന തോട് ജലജന്യരോഗങ്ങളുടെ പ്രഭവ കേന്ദ്രമായിരുന്നു. തോട്ടിലെ കുളവാഴയും പായലും പ്ലാസ്‌റ്റിക്കും നീക്കം ചെയ്‌തതോടെ കണ്ണീര് പോലെ തെളിഞ്ഞ തോട് പഴയ പ്രതാപത്തിലേക്ക് എത്തിയപ്പോഴാണ് വീണ്ടും മാലിന്യം വലിച്ചെറിയുന്നത്.
ക്യാമറയുടെ കണ്ണു വെട്ടിക്കുന്നു
താമരക്കുളം, കച്ചേരി ഡിവിഷന്റെ കരകളിലാണ് പ്രശ്‌നം രൂക്ഷം. പൈമലിക്കാവ് ക്ഷേത്രത്തിന് സമീപം കോർപ്പറേഷൻ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചപ്പോൾ മാലിന്യം വലിച്ചെറിയുന്നവർ ക്യാമറയുടെ കണ്ണിൽപ്പെടാതിരിക്കാൻ അല്‌പം മാറി തോട്ടിലേക്ക് വലിച്ചെറിഞ്ഞു തുടങ്ങി.
ഭക്ഷണാവശിഷ്‌ടങ്ങൾ കൂടിയതോടെ തെരുവ് നായ്‌ക്കൾ പ്രദേശത്ത് തമ്പടിക്കുന്നുണ്ട്. അസഹനീയ ദുർഗന്ധവും പടരുന്നു. കാലാവധി കഴിഞ്ഞ മരുന്നുകളും ഇവിടെ വ്യാപകമായി തള്ളുന്നുണ്ട്. മരുന്നുകളുടെ ബാച്ച് നമ്പർ പരിശോധിച്ച് ഈ മരുന്ന് ശേഖരിച്ച ഡ്രഗ് ഡീലറെ കണ്ടെത്താമെങ്കിലും അതിന് അധികൃതർ തയ്യാറാകുന്നില്ല.
തോട് നവീകരിച്ച് ചരക്ക് ഗതാഗതം യാഥാർത്ഥ്യമായാൽ മാറ്റം വരും. എന്നാൽ പ്രവൃത്തികൾ ദീർഘവീക്ഷണത്തോടെയല്ല നടക്കുന്നത്. നഗരത്തിലെ കോഴി വേസ്‌റ്രും മറ്റ് ഇറച്ചി അവശിഷ്‌ടങ്ങളും ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഇവിടെ താമസിക്കുന്നവർ അനുഭവിക്കുന്നു
പി.ബി. ഉണ്ണിക്കൃഷ്‌ണൻ
പ്രവാസി
................................
മാലിന്യക്കൂമ്പാരം ക്ഷേത്രത്തിന്റെ പരിപാവനമായ അന്തരീക്ഷത്തെ ബാധിക്കുമെന്ന് ഭക്തർ ആശങ്കപ്പെടുന്നു.കൂടുതൽ ക്യാമറകൾ സ്ഥാപിക്കണം. കോർപ്പറേഷൻ ഹെൽത്ത് സ്‌ക്വാഡും പൊലീസും നിരീക്ഷണം ശക്തമാക്കണം
ആർ. രാജേഷ്,
സെക്രട്ടറി, പൈമേലിൽക്കാവ് ശ്രീഭദ്രകാളി ദേവി ക്ഷേത്രം
......................................
പ്ലാസ്‌റ്റിക് മാലിന്യങ്ങൾ കൃത്യമായി കോർപ്പറേഷൻ ശേഖരിക്കുന്നില്ല.കൂടെക്കൂടെ തോട് വൃത്തിയാക്കും. വീണ്ടും പഴയപടിയാകും
കെ. മണികണ്‌ഠൻ നായർ
കേരളകൗമുദി ലയൺസ് നഗർ ഏജന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |