കടയ്‌ക്കൽ : ഏകദേശം രണ്ട് വർഷം മുമ്പ് റോഡരികിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മുറിച്ച് മാറ്റിയ മരങ്ങൾ വാഹനയാത്രികർക്കും കാൽനടക്കാർക്കും ഒരു പോലെ ബുദ്ധിമുട്ടാകുന്നു. വെള്ളാർവട്ടം കാറ്റാടിമുക്കിൽ നിന്നാണ് മൂന്ന് പാഴ്‌മരങ്ങൾ മുറിച്ച് മാറ്രി അവിടെ തന്നെ ഉപേക്ഷിച്ചത്.സ്ഥിരമായി കിടക്കുന്ന തടികൾക്കിടയിൽ പാമ്പിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ പരിസരവാസികൾ ഭയപ്പാടിലായി. ഈ ഭാഗത്ത് ഇരു ദിശയിൽ നിന്ന് വാഹനങ്ങൾ എത്തുമ്പോഴും തടി പ്രശ്‌നമാകുന്നു. പി.ഡബ്ല്യ.ഡി അധികൃതരെ സമീപത്തെ വീട്ടുകാർ സമീപിച്ച് തടി കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ട് അറിയിച്ചപ്പോൾ ലേലം ചെയ്യാനിട്ടിരിക്കുന്നു എന്ന മറുപടിയാണ് ലഭിച്ചത്.മഴയും വെയിലുമേറ്റ് കിടക്കുന്ന മരങ്ങൾ പല തവണ ലേലത്തിന് വെച്ചെങ്കിലും പിടിക്കാൻ ആളില്ലെന്ന വിവരമാണ് പരിസര വാസികൾക്ക് ലഭിച്ചത്. ഇതോടെ പൊതുമരാമത്ത് വകുപ്പ് തടികൾക്ക് നിശ്ചയിച്ച അടിസ്ഥാന വില കൈയ്യിൽ നിന്ന് അടയ്‌ക്കാൻ പരിസരവാസിയായ ഒരാൾ സമ്മതിച്ചു. എന്നാൽ ഓൺലൈൻ ലേലം വഴിമാത്രമേ ലേലം പിടിക്കാൻ കഴിയു എന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്. തടി ആവശ്യമില്ലെങ്കിലും വേണ്ടി വന്നാൽ പണം മുടക്കി ലേലം കൊള്ളാനും ആ വ്യക്തി തയ്യാറായപ്പോൾ വീണ്ടും സാങ്കേതിക തടസങ്ങൾ പൊതുമരാമത്ത് വകുപ്പ് ഉന്നയിക്കുന്നതായി ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |