കോട്ടയം : പത്താം ക്ളാസിൽ സംസ്ഥാന തലത്തിൽ മിന്നും വിജയം നേടിയ കോട്ടയം ജില്ലയിൽ പ്ളസ് വൺ അഡ്മിഷന് ടെൻഷൻ വേണ്ട. കുട്ടികൾക്ക് ഇഷ്ട വിഷയങ്ങളും, സ്‌കൂളുകളും തിരഞ്ഞെടുക്കാം. മുഴുവൻപേർക്കും ജില്ലയിലെ സ്‌കൂളുകളിൽ തന്നെ തുടർപഠനം സാദ്ധ്യമാണെന്നാണ് അധികൃതർ പറയുന്നത്. 133 സ്‌കൂളുകളാണുള്ളത്. സർക്കാർ 41, എയ്ഡഡ് 71, അൺഎയ്ഡഡ് 21. കൂടാതെ 33 വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളുമുണ്ട്. ഇതിന് പുറമേയാണ് പോളിടെക്നിക് ഐ.ടി.ഐ സ്ഥാപനങ്ങൾ. സയൻസ് വിഷയങ്ങൾക്കാവും ഇക്കുറിയും ഡിമാൻഡ്. പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായി അപേക്ഷകൾ 14 മുതൽ 20 വരെ ഓൺലൈനായി സമർപ്പിക്കാം. ട്രയൽ അലോട്ട്‌മെന്റ് മേയ് 24 നും , ആദ്യ അലോട്ട്‌മെന്റ് ജൂൺ 2 നും, രണ്ടാം അലോട്ട്‌മെന്റ് ജൂൺ 10 നും, മൂന്നാം അലോട്ട്‌മെന്റ് ജൂൺ 16 നും നടക്കും.
ജൂൺ 18 ന് ക്ലാസ് തുടങ്ങും. ശേഷം പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ഒഴിവുകൾ നികത്തി ജൂലായ് 23 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും. അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താംതരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.
മൂന്നുവിഷയങ്ങൾക്ക് വരെ സേ പരീക്ഷ
ഉപരിപഠനത്തിന് യോഗ്യത നേടാത്ത റഗുലർ വിദ്യാർത്ഥികൾക്കുള്ള സേ പരീക്ഷ 28 മുതൽ ജൂൺ 2 വരെ നടക്കും. ജൂൺ അവസാനം ഫലം പ്രഖ്യാപിക്കും. മൂന്നുവിഷയങ്ങൾക്കുവരെ സേ പരീക്ഷ എഴുതാം. പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്‌കൂളുകളിലെ പ്രവേശനം ഈവർഷം മുതൽ ഏകജാലക സംവിധാനത്തിലൂടെയാണ്.
ആകെ 22,500 സീറ്റുകൾ
ഉപരിപഠനത്തിന് അർഹത നേടിയത് 18,495 വിദ്യാർത്ഥികൾ
9302 ആൺകുട്ടികൾ, 9193 പെൺകുട്ടികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |