ഏറ്റുമാനൂർ : എം.സി റോഡിൽ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിന് സമീപം നിയന്ത്രണംവിട്ട കാർ മിനി ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വള്ളിക്കാട് ക്ലാമറ്റം മല്ലിക തോട്ടത്തിൽ മെജോ ജോണി (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തേയ്ക്ക് വരുകയായിരുന്ന കാർ എതിർ ദിശയിൽ എത്തിയ മിനി ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പൂർണമായും തകർന്ന കാറിനുള്ളിൽ കുടുങ്ങിക്കിടന്നവരെ നാട്ടുകാരും, പൊലീസും, ഫയർഫോഴ്സും ചേർന്ന് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള മാർഗമദ്ധ്യേ മെജോയുടെ മരണം സംഭവിച്ചു. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. പിതാവ് : പരേതനായ ജോണി. മാതാവ് : മേരി ജോണി. സഹോദരൻ: ടിജോ മല്ലികത്തോട്ടം. സംസ്കാരം പിന്നീട്. അപകടത്തെ തുടർന്ന് ഏറ്റുമാനൂർ - എറണാകുളം റൂട്ടിൽ ഗതാഗതം തടസം നേരിട്ടു. റോഡിനു നടുവിൽ കിടന്നിരുന്ന വാഹനങ്ങൾ നീക്കിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിക്കാനായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |