കോന്നി : 60 വയസുകഴിഞ്ഞവരെ ആനുകൂല്യം നൽകാതെ പിരിച്ചുവിടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് അടവി ഇക്കോ ടൂറിസം പദ്ധതിയിലെ ജീവനക്കാർ നടത്തുന്ന സമരം നാല് ദിവസം പിന്നിട്ടു. പ്രവർത്തനം മുടങ്ങിയതോടെ അടവിയിലെത്തുന്ന സഞ്ചാരികൾ നിരാശരായി മടങ്ങുകയാണ്. സീസൺ സമയമായതിനാൽ ലക്ഷങ്ങളുടെ നഷ്ടമാണ് വനംവകുപ്പിന് ഉണ്ടാവുന്നത്. അവധി സമയത്ത് സ്കൂൾ കുട്ടികളും സർക്കാർ ജീവനക്കാരും ധാരാളമായി എത്തുന്ന വേളയിലാണ് അടവിയുടെ പ്രവർത്തനം മുടങ്ങിയിരിക്കുന്നത്.
25 തുഴച്ചിൽക്കാരും 34 മറ്റുജീവനക്കാരും ഉൾപ്പെടെ 59 തൊഴിലാളികളാണ് അടവിയിൽ 2014 മുതൽ ജോലി ചെയ്യുന്നത്. എലിമുള്ളം പ്ലാക്കൽ, മണ്ണിറ, തണ്ണിത്തോട് വന സംരക്ഷണ സമിതി അംഗങ്ങളാണ് ഈ തൊഴിലാളികൾ. 60 വയസ് കഴിഞ്ഞ 11 പേരെയാണ് കഴിഞ്ഞ ബുധനാഴ്ച പിരിച്ചുവിട്ടുകൊണ്ടുള്ള വനംവകുപ്പിന്റെ ഉത്തരവ് ഇറങ്ങിയത്. ഇതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ സമരം നടത്തുകയായിരുന്നു. പിരിച്ചുവിട്ടവർക്ക് നഷ്ടപരിഹാരവും പെൻഷനും നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇത് അംഗീകരിക്കാൻ വനംവകുപ്പ് തയ്യാറായില്ല.
ഇന്ന് വീണ്ടും ചർച്ച
സമരം തുടങ്ങിയ ബുധനാഴ്ച കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.എസ്.മനോജ് തൊഴിലാളികളുമായി ഒത്തുതീർപ്പ് ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. മൂന്ന് തൊഴിലാളികൾ മാത്രമാണ് ചർച്ചയിൽ പങ്കെടുത്തത്. പ്രശ്നം പരിഹരിക്കാൻ ഇന്ന് 11ന് കോന്നി ഡി എഫ് ഒ തൊഴിലാളി സംഘടന നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
അടവി കുട്ടവഞ്ചി സവാരി
നാലുപേർ അടങ്ങുന്ന ഒരു സവാരിക്ക് : 600 രൂപ
സാധാരണ ദിവസങ്ങളിൽ 50 മുതൽ 75 വരെ സവാരികൾ ഉണ്ടാകും. അവധി ദിവസങ്ങൾ 200 ഓളം സവാരികളും നടക്കും.
പദ്ധതിയുടെ ഭാഗമായി രണ്ട് ഭക്ഷണശാലകൾ പ്രവർത്തിക്കുന്നുണ്ട്. പേരുവാലിയിൽ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ബാംബൂ ട്രീ ഹൗസുകളിലും സന്ദർശകർ ഏറെ എത്തുന്നു. ദിവസവും 25,000 രൂപയുടെ വരുമാനമുള്ള വിനോദസഞ്ചാരകേന്ദ്രമാണിത്.
സഞ്ചാരികൾ നിരാശരായി മടങ്ങി
സമരം തുടങ്ങിയ ബുധനാഴ്ച കെ എസ് ആർ ടി സിയുടെ ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽ എത്തിയ മൂന്ന് ബസുകളിലെ വിനോദസഞ്ചാരികൾ നിരാശരായി മടങ്ങി. അടവി അടഞ്ഞതോടെ കെ എസ് ആർ ടി സിയുടെ ഗവി ഉല്ലാസയാത്ര നിലച്ച മട്ടാണ്. പത്തനംതിട്ടയിൽ നിന്ന് അടവി വഴി പോകുന്ന ഗവി യാത്രയാണ് ഇല്ലാതായത്.
തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകി
പിരിച്ചുവിടുവാൻ വനംവകുപ്പ് തയ്യാറാകണം.
സജി (പ്രസിഡന്റ് എലിമുള്ളംപ്ലാക്കൽ വന സംരക്ഷണ സമിതി )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |