ആലപ്പുഴ: ഓരുവെള്ള ഭീഷണിയും വരൾച്ചയും വേനൽമഴയും ഉൾപ്പടെയുള്ള പ്രതിസന്ധികൾ നേരിട്ട പുഞ്ചക്കൃഷിയിൽ കർഷകർക്കുണ്ടായത് സർവകാല
വിള നഷ്ടം. വിളവെടുപ്പ് അവസാനഘട്ടത്തിലെത്തി നിൽക്കെ, കഴിഞ്ഞ വർഷത്തെ പുഞ്ചകൃഷിയുമായി താരതമ്യം ചെയ്യുമ്പോൾ ഒരുഹെക്ടറിന് കുറഞ്ഞത് 20 ക്വിന്റൽ നെല്ലിന്റെ കുറവുണ്ടായെന്നാണ് കണക്കുകൂട്ടൽ. ഇതോടെ ഇനി എങ്ങനെ മുന്നോട്ട് പോകുമെന്നറിയാതെ ഉഴലുകയാണ് കർഷകർ.
ഡിസംബറിലെ വൃശ്ചിക വേലിയേറ്റത്തിൽ പാടങ്ങളിൽ ഉപ്പുവെള്ളം നിറഞ്ഞത് നെല്ലിന്റെ വളർച്ചയില്ലാതാക്കി എന്നുമാത്രമല്ല, കതിരിന്റെ തൂക്കം കുറയാനും പതിര് കൂടാനും കാരണമായി. പതിരിന്റെ അളവ് അധികരിച്ചതോടെ അരിവീഴ്ച കുറവെന്ന കാരണത്താൽ മില്ലുകാർ അധിക കിഴിവ് ആവശ്യപ്പെടുകയും സംഭരണത്തിന് വിസമ്മതിച്ചതും നെല്ലിനെ എടുക്കാച്ചരക്കാക്കി.
പാടങ്ങളിൽ ആഴ്ചകളോളം കൂട്ടിയിട്ടിരുന്ന നെല്ല് ഉണക്കി കൂടി ഭാരം കുറഞ്ഞും ശക്തമായ വേനൽ മഴയിൽ ഈർപ്പതോത് ഉയർന്നും ഒടുവിൽ മില്ലുകാരുടെ ഇഷ്ടത്തിന് തൂക്കികൊടുക്കേണ്ട ഗതികേടിലായ കർഷകർക്ക് സംഭരണ വിലയും ലഭിക്കാത്ത സ്ഥിതിയിലാണ്.പുഞ്ചക്കൃഷിയുടെ നെല്ലിന്റെ വില കൂടി ലഭിക്കാതെ വന്നതോടെ രണ്ടാം കൃഷിക്ക് എവിടെ നിന്ന് പണം കണ്ടെത്തുമെന്നറിയാതെ വലയുകയാണ് കുട്ടനാട്ടിലെ കർഷകർ.
നഷ്ടത്തിൽ കലാശിക്കുന്ന നെൽ കൃഷി
1.നെല്ല് കൊയ്ത് കളങ്ങളിലെത്തിയാൽ ഒരു ക്വിന്റലിന് സപ്ലൈകോയ്ക്ക് നൽകാൻ വാരു കൂലിയുംചുമട്ടു കൂലിയും വള്ളക്കൂലിയും അട്ടികൂലിയും അടക്കം ശരാശരി കുറഞ്ഞത് 260 രൂപ ചെലവ് വരും. കേവലം 12 രൂപയാണ് കൈകാര്യ ചെലവായി സപ്ലൈക്കോ കർഷകർക്ക് നൽകുന്നത്
2.കിഴിവായി നൽകുന്ന നെല്ലിന്റെ ചെലവുകളും കർഷകൻ കണ്ടെത്തണം. അങ്ങനെ വരുമ്പോൾ, ഒരു ക്വിന്റലിന് 260 രൂപ പ്രകാരം ഒരു കിലോനെല്ലിന് 2.60രൂപ കർഷകൻ കണ്ടെത്തേണ്ടി വരും.അധികമായി നൽകുന്ന ഓരോ കിലോ നെല്ലിനുംനെൽ വിലയായ 28.20രൂപയും കൈകാര്യചെലവായ 2.60രൂപയും ചേർത്ത് 30.80 രൂപയാണ് നഷ്ടം സഹിക്കേണ്ടി വരുന്നത്
3.ഒരു ഏക്കറിൽ നിന്ന് ശരാശരി 20 ക്വിന്റൽ വിളവ് ലഭിക്കുമ്പോൾ ഒരു കിലോ കിഴിവ് കൊടുത്താൽ 616 രൂപ ഏക്കറിന് നഷ്ടമാകും. ഇത് യഥാക്രമം രണ്ട് കിലോയ്ക്ക് 1,232, അഞ്ച് കിലോയ്ക്ക് 3,080 രൂപ എന്നക്രമത്തിൽ നഷ്ടമാകും
4.കൃഷി വകുപ്പിന്റെ കണക്കുകൾ പ്രകാരം വിശാല കുട്ടനാടിന്റെ ഭാഗമായ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഏകദേശം 50,000 ഹെക്ടർ സ്ഥലത്താണ് നെൽകൃഷിയുള്ളത്. ശരാശരി 2 കിലോ നെല്ല് കിഴിവായി വാങ്ങുമ്പോൾ കർഷകന് നഷ്ടമാകുന്നത് 15.40കോടി രൂപയാണ്
ഇടിവ് കുത്തനെ
(വർഷം, കർഷകർ, ഉത്പാദനം )
2021-22........ 3,09,845.................. 7.48 ലക്ഷം ടൺ
2023-24.........1,98,463 ..................5.6 ലക്ഷം ടൺ
കർഷകരുടെ കുറവ്: 1,11,382
ഉത്പാദന നഷ്ടം: 1.88 ലക്ഷംടൺ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |