വിതുര: വിതുര പഞ്ചായത്തിലെ മണലിയിലെ ജനവാസമേഖലയിൽ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ ഒറ്റയാൻ ആനയിറങ്ങി. ഇവിടെ നിലയുറപ്പിച്ച കാട്ടാനയെ ആദിവാസികൾ തുരത്തി കാട്ടിനുള്ളിലേക്ക് വിട്ടു. വനമേഖലയോട് ചേർന്ന പ്രദേശമായതിനാൽ വനത്തിൽനിന്നും കാട്ടാനയിറങ്ങുക പതിവാണ്. ഉപജീവനത്തിനായി നടത്തിയിരുന്ന പ്രദേശത്തെ കൃഷിമുഴുവൻ ഇതിനകം കാട്ടാന നശിപ്പിച്ചു. കർഷകർക്ക് പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമുണ്ട്. വനവിഭവങ്ങൾ ശേഖരിക്കുവാൻ കാട്ടിനുള്ളിൽ കയറുവാൻ കഴിയാത്ത അവസ്ഥയാണ്.
ഒരാഴ് മുൻപ് മണലി സ്വദേശി രാജേന്ദ്രൻനായരെ വീടിന് സമീപം കാട്ടുപോത്ത് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു, നേരത്തേ വനത്തിനുള്ളിലെ നദിയിൽ മീൻ പിടിക്കാൻ പോയ മണലി കൊമ്പ്രാംകല്ല് പെരുമ്പാറയടി ആദിവാസി കോളനിയിൽ ഡി.ശിവാനന്ദൻ കാണിക്കാണിക്ക് (46) കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.
ഭീതിയിൽ
മണലിയിൽ ഇറങ്ങിയ ഒറ്റയാൻ രണ്ടാഴ്ച മുൻപ് തേവിയോട് കുണ്ടയം മേഖലയിൽ ഇറങ്ങി ഭീതിപരത്തിയിരുന്നു. വനപാലകരും, നാട്ടുകാരും ചേർന്ന് തുരത്തി വിട്ടെങ്കിലും രണ്ട് ദിവസം കഴിഞ്ഞ് പേപ്പാറ മേഖലയിൽ ഒറ്റയാൻ എത്തിയിരുന്നു. മുൻപ് പുലിയും ഇറങ്ങി ആടിനെ കൊന്നിരുന്നു.
ആനക്കിടങ്ങ് ആവിയായി
മണലി മേഖലയിലെ കാട്ടാനശല്യത്തിന് തടയിടുന്നതിനായി ആനക്കിടങ്ങും വൈദ്യുതിവേലിയും സ്ഥാപിക്കുമെന്ന വനപാലകരുടെ പ്രഖ്യാപനം കടലാസിലുറങ്ങുകയാണ്. കാട്ടുമൃഗശല്യം തടയണമെന്നാവശ്യപ്പെട്ട് ഫോറസ്റ്റ് പടിക്കൽ അനവധിതവണ സമരം നടത്തിയെങ്കിലും ഫലമില്ല. മന്ത്രിക്കും, എം.പി.ക്കും എം.എൽ.എക്കും ത്രിതലപഞ്ചായത്തുകൾക്കും നിവേദനം നൽകിയിട്ടും നടപടികൾ സ്വീകരിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |