കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാനേജർ, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ, സ്റ്റേഷൻ മാസ്റ്റർ ഓഫീസുകൾ എതാനും ദിവസങ്ങൾക്കുള്ളിൽ എയർപോർട്ട് മോഡൽ വികസനത്തിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയായ മൾട്ടി ലെവൽ കാർ പാർക്കിംഗ് ടവറിന് സമീപമുള്ള പുത്തൻ കെട്ടിടത്തിലേക്ക് താത്കാലികമായി മാറ്റും.
ഈ ഓഫീസുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങൾ ഈമാസം അവസാനത്തോടെ പുതിയ ബ്ലോക്കുകളുടെ നിർമ്മാണത്തിനായി പൊളിക്കും. റെയിൽവേ കോടതി മുതൽ ടിക്കറ്റ് ബുക്കിംഗ് ഹാൾ വരെയുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി നിലവിൽ പുതിയ ബ്ലോക്കുകളുടെ നിർമ്മാണം നടക്കുകയാണ്. സ്റ്റേഷൻ മാസ്റ്റർ ഓഫീസ്, ശേഷിക്കുന്ന നിർമ്മാണത്തിനായി വെയിറ്റിംഗ് ഏരിയ എന്നീ കെട്ടിടങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ പൊളിച്ചുനീക്കും.
ഇതോടെ കൊല്ലം റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന പഴയ കെട്ടിടങ്ങളിൽ 90 ശതമാനവും ഓർമ്മയാകും. എയർപോർട്ട് മാതൃകയിലുള്ള വികസനത്തിന്റെ ഭാഗമായി ഒന്നാം പ്രവേശന കവാടത്തിൽ അഞ്ച് നിലകൾ വീതമുള്ള ആറ് പുതിയ ബ്ലോക്കുകളാണ് നിർമ്മിക്കുന്നത്. ഇതിൽ രണ്ടെണ്ണത്തിന്റെ നിർമ്മാണം പൂർണമായും പൂർത്തിയായി. മൂന്നാമത്തേതിന്റെ നിർമ്മാണം പുരോഗമിക്കുന്നു. നാലാമത്തേതിന്റെ പൈലിംഗ് പൂർത്തിയായി. സ്റ്റേഷൻ മാനേജർ ഓഫീസ് മുതലുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കിയ ശേഷം അവിടെയാണ് അഞ്ചും ആറും ബ്ലോക്കുകൾ നിർമ്മിക്കുന്നത്. ഈ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയായ ശേഷം സ്റ്റേഷൻ മാനേജർ, സ്റ്റേഷൻ മാസ്റ്റർ ഓഫീസുകൾ ഇവിടേക്ക് മാറ്റും.
നിർമ്മാണ പുരോഗതി ഇതുവരെ
സർവീസ് കെട്ടിടം പൂർത്തിയായി
പാർക്കിംഗ് ടവറിൽ മിനുക്കുപണികൾ
ഒന്നാം പ്രവേശനകവാടത്തിൽ 6 കെട്ടിടങ്ങൾ
രണ്ടെണ്ണം പൂർത്തിയായി
രണ്ടെണ്ണം പുരോഗമിക്കുന്നു
രണ്ടെണ്ണത്തിന്റെ നിർമ്മാണം ഉടൻ
എയർകോൺകോഴ്സിനുള്ള
പൈലിംഗ് അന്തിമഘട്ടത്തിൽ
ഒന്നാം പ്രവേശനകവാടത്തെയും രണ്ടാം പ്രവേശനകവാടത്തെയും ബന്ധിപ്പിച്ചുള്ള എയർകോൺകോഴ്സിന്റെ പൈലിംഗ് അന്തിമഘട്ടത്തിലെത്തി. ആകെയുള്ള നാല് തൂണുകളിൽ മൂന്നെണ്ണത്തിന്റെ നിർമ്മാണം കഴിഞ്ഞു. ഒന്നാമത്തെ പ്ലാറ്റ്ഫോമിലുള്ള നാലാമത്തെ തൂണിനുള്ള പൈലിംഗ് ഉടൻ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |