കൊല്ലം: നിർമ്മാണം 95 ശതമാനത്തോളം പൂർത്തിയായ കുരീപ്പുഴയിലെ സ്വീവേജ് പ്ലാന്റ് അതിവേഗം കമ്മിഷൻ ചെയ്യാൻ തൊട്ടടുത്തുള്ള രണ്ട് ഡിവിഷനുകളായ കുരീപ്പുഴയിലും വള്ളിക്കീഴിലും വാക്വം സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പൈപ്പ് ലൈൻ ശൃംഖല സ്ഥാപിക്കാൻ ആലോചന.
പദ്ധതി തയ്യാറാക്കുന്നതിന് മുന്നോടിയായി മേയറുടെ നേതൃത്വത്തിലുള്ള സംഘം അടുത്തയാഴ്ച ഹൈദരാബാദിലെ വാക്വം സ്വീവേജ് ശൃംഖല പരിശോധിക്കും. പള്ളിത്തോട്ടം മേഖലയിൽ നിലവിൽ സ്വീവേജ് പൈപ്പ് ലൈൻ സ്ഥാപിക്കൽ പുരോഗമിക്കുകയാണ്.
മാലിന്യം പമ്പിംഗ് സ്റ്റേഷനുകളിലേക്ക് ഒഴുകാൻ നിശ്ചിത ചരിവിലാണ് പൈപ്പ്ലൈനുകൾ തുടർച്ചയായി ഇടുന്നത്. ചരിവ് ഉറപ്പാക്കാൻ ദൂരം പിന്നിടുന്നത് അനുസരിച്ച് കൂടുതൽ ആഴത്തിൽ പൈപ്പ് സ്ഥാപിക്കേണ്ടി വരും. അതിന് കൂടുതൽ സമയമെടുക്കും. ഈ സാഹചര്യത്തിലാണ് വേഗത്തിൽ പൈപ്പിടൽ പൂർത്തിയാക്കാവുന്ന വാക്വം സാങ്കേതിക വിദ്യയെക്കുറിച്ച് ആലോചിക്കുന്നത്.
നഗരഹൃദയത്തിലെ ആറ് മേഖലകളിൽ സ്വീവേജ് ശൃംഖല സ്ഥാപിക്കാൻ മാത്രമാണ് നിലവിൽ പദ്ധതിയുള്ളത്. പൈപ്പുകൾക്ക് പുറമേ സംഭരണ കിണർ, പമ്പിംഗ് സ്റ്റേഷൻ എന്നിവയും സ്ഥാപിക്കണം. ബാക്കി അഞ്ച് പമ്പിംഗ് സ്റ്റേഷനുകളിൽ നിന്ന് ഇരുമ്പ് പാലത്തിന് അടുത്തുള്ള പമ്പിംഗ് സ്റ്റേഷനിൽ മാലിന്യം എത്തിക്കും. അവിടെ നിന്ന് പമ്പ് ചെയ്താണ് കുരീപ്പുഴയിൽ എത്തിക്കുന്നത്. ഇത്രയും പ്രവൃത്തികൾ പൂർത്തിയാകാൻ കുറഞ്ഞത് രണ്ട് വർഷമെങ്കിലും വേണ്ടിവരും. കരാർ നടപടികൾ നീണ്ടാൽ അതിലേറെ സമയമെടുക്കും.
വാക്വം സാങ്കേതികവിദ്യ
പൈപ്പിൽ ഒഴുകേണ്ട സ്ഥലത്തേക്ക് സമ്മർദ്ദം
ഇടയ്ക്കുള്ള വാക്വം സ്റ്റേഷനുകൾ സമ്മർദ്ദം ശക്തമാക്കും
ട്രീറ്റ്മെന്റ് പ്ലാന്റിൽ വലിച്ചെടുക്കും
കൂടുതൽ ആഴത്തിൽ പൈപ്പിടേണ്ട
വളരെക്കുറച്ച് ജലം മതി
പൈപ്പിടലിന് കുറഞ്ഞ സമയം
പമ്പരാഗത സ്വീവേജ് ശൃംഖല
പൈപ്പിടുന്നത് നിശ്ചിത ചരിവിൽ
ഒഴുക്കിന് കൂടുതൽ ജലം വേണം
ഇടയ്ക്ക് ഒഴുക്ക് തടസപ്പെടാം
അറ്റകുറ്റപ്പണി പ്രയാസകരം
6 സംഭരണ കിണറുകളും
പമ്പിംഗ് സ്റ്റേഷനുകളും
പള്ളിത്തോട്ടം- ഭാഗികം
താമരക്കുളം- ഭാഗികം
വാടി- തുടങ്ങിയില്ല
കരുമാലിൽ -80 ശതമാനം
ഇരുമ്പുപാലം- തുടങ്ങിയില്ല
ആശ്രാമം- തുടങ്ങിയില്ല
ഹൈദരാബാദിലെ വാക്വം സ്വീവേജ് ശൃംഖലയുടെ പ്രവർത്തനം പരിശോധിച്ച ശേഷം ഇവിടെ രണ്ട് ഡിവിഷനിൽ നടപ്പാക്കുന്ന കാര്യത്തിൽ തുടർ ആലോചന നടത്തും.
നഗരസഭാ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |