തൃശൂർ: പ്രളയം വന്നാലും പേമാരി വന്നാലും എന്തിനേറെ ഒന്ന് ഇടിവെട്ടിയാൽ പോലും വൈദ്യുതി വകുപ്പിലെ ജീവനക്കാർക്ക് പണിയേറെയാണ്. രാവും പകലുമില്ലാത്ത സേവനം, വൈദ്യുതിലൈനുകൾക്കിടയിൽ പതിയിരിക്കുന്ന അപകടം വേറെ. ഇതെല്ലാം പരിഗണിച്ചാണ് വൈദ്യുതി ബോർഡിലെ ജീവനക്കാർക്ക് ശമ്പളം നിശ്ചയിക്കുന്നത്. എന്നാൽ, ഇതേ പണിയെടുക്കുന്ന തൃശൂർ കോർപറേഷനിലെ വൈദ്യുതി ജീവനക്കാർ ഇപ്പോഴും വാങ്ങുന്നത് 2013ലെ ശമ്പളം..!
കഴിഞ്ഞ കുറെയേറെ വർഷങ്ങളായി ശമ്പള പരിഷ്‌കരണവും ഡി.എയും ലഭിക്കാതെയാണ് 82 ഓളം ജീവനക്കാർ തൊഴിലെടുക്കുന്നത്. 8000 മുതൽ 15000 രൂപ വരെയാണ് ഇതുമൂലം ഓരോ മാസവും ജീവനക്കാർക്ക് നഷ്ടം. 1970 മുതൽ കെ.എസ്.ഇ.ബിയിലെ ജീവനക്കാർക്ക് തത്തുല്യമായ ശമ്പളമാണ് കോർപറേഷനിലെ വൈദ്യുതി വകുപ്പ് ജീവനക്കാർക്കും നൽകാറ്. കഴിഞ്ഞ പിണറായി സർക്കാരിന്റെ അവസാനകാലത്ത് 2018ൽ കെ.എസ്.ഇ.ബി ജീവനക്കാർക്ക് അനുവദിച്ച ശമ്പള പരിഷ്‌കരണം ഇവിടെയും നടപ്പാക്കണമെന്നാണ് വാദം. ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ മാർച്ചിൽ ടൂൾ കിറ്റ് ഡൗൺ സമരം ഉൾപ്പെടെ സംഘടിപ്പിച്ചിരുന്നു.
ധനവകുപ്പിന്റെ കോർട്ടിൽ
സാമ്പത്തിക നഷ്ടമൊന്നുമില്ലെങ്കിലും തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. മന്ത്രി എം.ബി.രാജേഷുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ധനവകുപ്പിന്റെ മുമ്പിലാണ് ഇപ്പോൾ ശുപാർശ. പേ റിവിഷൻ സെല്ലാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. സർക്കാർ ജീവനക്കാരുടെയും കെ.എസ്.ഇ.ബി ജീവനക്കാരുടെയും ശമ്പളപരിഷ്‌കരണത്തിന്റെ രണ്ട് മാതൃകകൾ ധനവകുപ്പിൽ നൽകിയത് വിനയാകുമോയെന്നാണ് ആശങ്ക. കെ.എസ്.ഇ.ബിക്ക് സമാന പരിഷ്‌കരണം ഉണ്ടാകാതിരുന്നാൽ നഷ്ടമുണ്ടാകുമെന്ന് തൊഴിലാളികൾ പറയുന്നു.
കൂടുതൽ പണി, കുറവ് ശമ്പളം
തൃശൂർ പൂരവും പുലിക്കളിയുമെല്ലാം നടക്കുന്ന നഗരത്തിലെ എട്ടോളം ഡിവിഷനുകളാണ് കോർപറേഷൻ വൈദ്യുതി വിഭാഗത്തിന് കീഴിലുള്ളത്. ഉത്സവങ്ങൾക്കെല്ലാം പിടിപ്പത് പണിയുണ്ടാകും. പൂരത്തിന് തൊട്ടുമുൻപുണ്ടായ പേമാരിയിൽ വൻനാശമുണ്ടായപ്പോൾ അതിവേഗം അറ്റകുറ്റപ്പണി ചെയ്ത് വൈദ്യുതി വിതരണം മണിക്കൂറുകൾക്കകം പുനഃസ്ഥാപിച്ചിരുന്നു. കെ.എസ്.ഇ.ബിയേക്കാൾ പണിയുണ്ടായിട്ടും അവഗണിക്കുന്നതിൽ നിരാശരാണ് തൊഴിലാളികൾ. 229 തസ്തകയുണ്ടായിട്ടും 82 സ്ഥിരം ജീവനക്കാർ മാത്രമേ ഇപ്പോഴുള്ളൂ. മറ്റുള്ളവർ കരാർ തൊഴിലാളികളാണ്.
ചരിത്രം പേറുന്ന വൈദ്യുതി വിഭാഗം
മദ്രാസിലെ ചാന്ദ്‌നി ആൻഡ് കമ്പനിയുടെ സഹായത്തോടെ കോട്ടപ്പുറത്ത് ഡീസൽ എൻജിൻ സ്ഥാപിച്ചാണ് അളഗപ്പ മില്ലലേക്ക് ആദ്യം വൈദ്യുതി എത്തിച്ചത്. 1937ൽ തൃശൂർ നഗരസഭ ഇത് ഏറ്റെടുത്തു. 20 വർഷം കഴിഞ്ഞപ്പോഴാണ് കെ.എസ്.ഇ.ബി രൂപീകൃതമായത്. ഇവിടെ നിന്നും വൈദ്യുതി വാങ്ങിയാണ് ഇപ്പോൾ വിതരണം. 1970ലെയും 71ലെയും ഉത്തരവുകൾ പ്രകാരമാണ് ശമ്പള സേവന വ്യവസ്ഥകൾ കെ.എസ്.ഇ.ബിയോടൊപ്പം ഏകീകരിച്ചത്.
കോർപറേഷൻ വൈദ്യുതി വിഭാഗം ജീവനക്കാർക്ക് വേണ്ടി മുൻ മേയർ കൂടിയായ മന്ത്രി ഡോ. ആർ.ബിന്ദു ഇടപെടണം. ജീവനക്കാരുടെ കാര്യം ടീച്ചർക്ക് നേരിട്ടറിയാം. രക്ഷയില്ലെങ്കിൽ സമരത്തിലേക്ക് കടക്കേണ്ടി വരും.
-സംയുക്ത സമരസമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |