തിരക്കഥ - വിൻസന്റ് വടക്കൻ
അമൽനീരദ് ചിത്രത്തിൽ മോഹൻലാൽ. സാഗർ ഏലിയാസ് ജാക്കി റീ ലോഡഡ് എന്ന ചിത്രത്തിനുശേഷം മോഹൻലാലും അമൽനീരദും ഒരുമിക്കുന്ന ചിത്രത്തിന് വിൻസന്റ് വടക്കൻ രചന നിർവഹിക്കുന്നു. അൻവർ റഷീദിന്റെ സംവിധാനത്തിൽ ഫഹദ് ഫാസിലും നസ്രിയയും പ്രധാന വേഷത്തിൽ എത്തിയ ട്രാൻസിന് രചന നിർവഹിച്ചത് വിൻസന്റ് വടക്കൻ ആണ്. ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് അമൽ നീരദ് ആയിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിൾ ക്ളബ് എന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയുമാണ്. ഇലവീഴാപൂഞ്ചിറ, ക്രിസ്റ്രി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവത്തിനുശേഷം അമൽ നീരദ് ചിത്രത്തിൽ അഭിനയിക്കാനാണ് മോഹൻലാൽ ഒരുങ്ങുന്നത്. ചിത്രത്തെക്കുറിച്ച് ഒൗദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് വിവരം. മോഹൻലാൽ ചിത്രത്തിനുശേഷം മമ്മൂട്ടി ചിത്രമാണ് അമൽ നീരദിന്റെ അടുത്ത പ്രോജക്ട്. ബോഗയ്ൻ വില്ലയ്ക്കുശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ബിലാൽ ആയിരിക്കും എന്ന് വാർത്തകൾ ഉണ്ടായിരുന്നു. അതേസമയം തുടരും നേടുന്ന ചരിത്ര വിജയത്തിനുശേഷം എത്തുന്ന ഹൃദയപൂർവം ഒാണം റിലീസായി സെപ്തംബറിൽ തിയേറ്ററിൽ എത്തും.മാളവിക മോഹനൻ ആണ് നായിക. ലാലു അലക്സ്, സംഗീത, സംഗീത് പ്രതാപ്, സ്രിന്ധ തുടങ്ങിയവരാണ് കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലെ മറ്റു താരങ്ങൾ.കഥ അഖിൽ സത്യൻ, സോനു ടി.പി തിരക്കഥയും സംഭാഷണവും എഴുതുന്നു. അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവഹിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |