#വെടിനിറുത്തൽ താത്കാലികം
#പാകിസ്ഥാന്റെ ഭാവി അവരുടെ കൈയിൽ
# സിന്ദൂരം മായ്ചതിന് പകരംവീട്ടി
# യുദ്ധക്കരുത്ത് ലോകം കണ്ടു
ന്യൂഡൽഹി: ആണവ ഭീഷണി ഇങ്ങോട്ടു വേണ്ടെന്നും ഭീകരരെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ ഭാവി അവരുടെ പെരുമാറ്റത്തെ ആശ്രയിച്ചാവുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർശന താക്കീത്.
ഭീകരതയും സൗഹൃദവും ഒന്നിച്ച് പോകില്ല. വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ല. നടപടി നിറുത്തിയത് തത്കാലത്തേക്ക്. രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും. ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി ആഞ്ഞടിച്ചു.
ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ അമ്മമാർക്കും സഹോദരിമാർക്കും പ്രധാനമന്ത്രി സമർപ്പിച്ചു. പഹൽഗാമിൽ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചതിനുള്ള പ്രതികാരം. കോടിക്കണക്കിന് പൗരൻമാരുടെ ചിന്തകളുടെ പ്രതിഫലനവുമാണത്.
ഓപ്പറേഷൻ സിന്ദൂർ ഭാരതത്തിന്റെ നീതി സന്ദേശവും പുതിയ യുദ്ധ രീതിയുമാണ്. ഭീകരാക്രമണമുണ്ടായാൽ വേരോടെ പിഴുതെടുക്കുമെന്ന് തെളിയിച്ചു. വരും ദിവസങ്ങളിൽ പാകിസ്ഥാന്റെ ഓരോ നീക്കവും നിരീക്ഷിക്കും. മൂന്ന് സായുധ സേനകളും ബി.എസ്.എഫും അർദ്ധ സൈനിക വിഭാഗങ്ങളും ജാഗ്രതയിലാണ്.
രാജ്യമൊട്ടാകെ ജാതിമത വർഗ രാഷ്ട്രീയ ഭേദമന്യേ അണി നിരന്നപ്പോൾ മേയ് ഏഴിന് പ്രതിജ്ഞ നടപ്പാക്കി. സേന പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ കനത്ത പ്രഹരമേൽപ്പിച്ചു. ഇത്രയും വലിയ പ്രഹരം അവർ സ്വപ്‌നത്തിൽ പോലും പ്രതീക്ഷിച്ചില്ല. രാജ്യം ആദ്യമെന്ന ചിന്ത കരുത്തായി.
ആധുനിക യുദ്ധമുറകളിലും ഇന്ത്യ കരുത്ത് തെളിയിച്ചു. മേക്ക് ഇൻ ഇന്ത്യയുടെ കഴിവ് വ്യക്തമായി. എല്ലാ ഭാരതിയരും ശാന്തിയോടെ ജീവിക്കാൻ ഇന്ത്യ ശക്തിശാലിയാകണം. എല്ലാവരും ഒന്നിച്ച് നിൽക്കണം. അതാണ് ഏറ്റവും വലിയ ശക്തി. സേനാ വിഭാഗങ്ങൾക്ക് ബിഗ് സല്യൂട്ട്.
സാഹസം കാട്ടി;
തരിപ്പണമാക്കി
ഭീകരർക്ക് സഹായം നൽകിയ പാകിസ്ഥാൻ തിരിച്ചടിയുടെ നിരാശയിൽ മറ്റൊരു സാഹസം കാട്ടി. ഇന്ത്യൻ അതിർത്തി കടന്ന് ആക്രമിച്ചു. സ്‌കൂൾ, കോളേജ്, ഗുരുദ്വാരകൾ, ക്ഷേത്രങ്ങൾ, സാധാരണക്കാരുടെ വീടുകൾ, സൈനിക താവളങ്ങൾ എന്നിവ ലക്ഷ്യമിട്ടു. അതിന് കിട്ടിയ തിരിച്ചടി ലോകം കണ്ടു. പാക് ഡ്രോണുകളും മിസൈലുകളും തവിടുപൊടിയായി. നമ്മുടെ വ്യോമ സംവിധാനങ്ങൾ അവയെ ആകാശത്തു വച്ച് തന്നെ തീർത്തു. മൂന്ന് ദിവസത്തിനുള്ളിൽ പാകിസ്ഥാൻ കണക്കുകൂട്ടിയതിന് അപ്പുറമുള്ള നാശം വിതച്ചു. അതോടെ ആഗോള സമൂഹത്തിന്റെ സഹായം തേടിയ പാകിസ്ഥാൻ, മേയ് 10ന് വെടിനിറുത്തലിനായി കേണപക്ഷേിച്ചു. എല്ലാ ഭീകര പ്രവർത്തനങ്ങളും സൈനിക ആക്രമണങ്ങളും അവസാനിപ്പിക്കുമെന്ന ഉറപ്പിൻമേലാണ് ഇന്ത്യ വഴങ്ങിയത്.
സുരക്ഷാ നയം
മൂന്നിനങ്ങളിൽ
1 ഇന്ത്യയ്‌ക്കെതിരായ ഏതൊരു ഭീകരാക്രമണത്തിനും അതിശക്ത മറുപടി. ഭീകര കേന്ദ്രങ്ങളെ അതിർത്തി കടന്ന് നശിപ്പിക്കും
2 ആണവായുധ ഭീഷണികൾക്ക് ഭയപ്പെടില്ല. അതിന്റെ മറവിൽ പ്രവർത്തിക്കുന്നതെന്തും ആക്രമിക്കും
3 ഭീകരരെയും അവരെ പിന്തുണയ്ക്കുന്ന സർക്കാരുകളെയും വേറിട്ട് കാണില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |