തിരുവനന്തപുരം: പുൽവാമയിലെ ക്രൂരതയ്ക്ക് പാകിസ്ഥാനോട് കണക്കുതീർക്കുന്നതിൽ നിർണയക റോൾ വഹിച്ചത് ഇന്ത്യയുടെ അഭിമാനമായ ബ്രഹ്മോസാണ്. ലോകം കണ്ട ഏറ്റവും വേഗതയേറിയ ക്രൂസ് മിസൈൽ. റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമത്താവളമുൾപ്പെടെ കൃത്യയതോടെ തകർത്തു.
ബ്രഹ്മോസിന്റെ നിർമ്മാണത്തിൽ മലയാളികൾക്കും അഭിമാനിക്കാം. ബ്രഹ്മോസ് നിർമ്മാണം നടക്കുന്ന രാജ്യത്തെ മൂന്ന് കേന്ദ്രങ്ങളിലൊന്ന് തിരുവനന്തപുരത്താണ്. ഹൈദരാബാദിലും പിലാനിയിലുമാണ് മറ്റ് കേന്ദ്രങ്ങൾ.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേർന്നുള്ള യൂണിറ്റിൽ 2007 മുതലാണ് നിർമ്മാണം തുടങ്ങിയത്. ബ്രഹ്മോസ് മിസൈലുകളുടെ ലോഹ ഘടകങ്ങൾ, ലോഞ്ചർ കണ്ടെയ്നറുകൾ എന്നിവ നിർമ്മിക്കുന്നത് തിരുവനന്തപുരത്താണ്.
ഇന്ത്യയും റഷ്യയുമായി ചേർന്ന സംയുക്ത സംരംഭമാണ് ബ്രഹ്മോസ്. പദ്ധതി തുടങ്ങിയപ്പോൾ മുൻ രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈൽ മാനുമായ എ.പി.ജെ. അബ്ദുൽ കലാമാണ് തിരുവനന്തപുരത്തെ നിർദ്ദേശിച്ചത്. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം, ഐ.എസ്.ആർ.ഒ.യുടെ റോക്കറ്റ് നിർമ്മാണത്തിൽ പങ്കാളികളായിരുന്ന കേരള ഹൈടെക് ഇൻഡസ്ട്രീസ് ലിമിറ്റഡ് തിരുവനന്തപുരത്ത് ബ്രഹ്മോസിന്റെ നിർമ്മാണ യൂണിറ്റ് സ്ഥാപിച്ചു. പിന്നീട് ഡി.ആർ.ഡി.ഒ ഏറ്റെടുത്തു.
തിരുവനന്തപുരം വിമാനത്താവള വികസനത്തിന് കൂടുതൽ സ്ഥലം വേണ്ടിവന്നതോടെ ബ്രഹ്മോസിന്റെ 15 ഏക്കർ വിട്ടുനൽകാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പകരം നെട്ടുകാൽത്തേരിയിൽ 189 ഏക്കർ നൽകാമെന്നാണ് വാഗ്ദാനം. ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല.
ബ്രഹ്മോസ് ഒരു
ചെറു റോക്കറ്റ്
ഐ.എസ്.ആർ.ഒ ഉപഗ്രഹവിക്ഷേപണത്തിന് ഉപയോഗിക്കുന്ന റോക്കറ്റിന്റെ ചെറുപതിപ്പാണ് ബ്രഹ്മോസ്. ശബ്ദത്തെക്കാൾ 2.8 ഇരട്ടി വേഗത്തിൽ കുതിക്കും. 500- 800കിലോമീറ്റർ അകലെവരെയുള്ള ലക്ഷ്യം തകർത്തെറിയും ദീർഘദൂര റാംജെറ്റ് (എയർ ബ്രീതിംഗ്) സൂപ്പർസോണിക് മിസൈലാണ്. റോക്കറ്റിലേത് പോലെ ഖര ഇന്ധനം ഉപയോഗിക്കുന്ന ഒരു ബൂസ്റ്റർ എൻജിനും ദ്രാവക റാംജെറ്റ് എൻജിനുമുണ്ട്. ഖര ഇന്ധനമുള്ള ആദ്യഘട്ടം ജ്വലിച്ചു തുടങ്ങിയാൽ മിസൈൽ സെക്കൻഡിൽ 900 മീറ്റർ വേഗതയിൽ കുതിക്കും. ഒന്നാം ഘട്ടം ജ്വലിച്ചു തീർന്നാൽ ദ്രാവക റാംജെറ്റ് ജ്വലിച്ച് ലക്ഷ്യസ്ഥാനത്തെ അതിശക്തിയിൽ ആക്രമിക്കും. വായുവിൽ നിന്ന് ഓക്സിജൻ വലിച്ചെടുത്താണ് ജ്വലിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |