SignIn
Kerala Kaumudi Online
Thursday, 24 July 2025 10.38 PM IST

കെ.പി.സി.സിക്ക് പുതിയ നേതൃത്വം

Increase Font Size Decrease Font Size Print Page
kpcc

കെ.പി.സി.സിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുത്തിരിക്കുകയാണ്. സാധാരണഗതിയിൽ ഉണ്ടാകുന്ന പതിവ് പൊട്ടിത്തെറികളൊന്നും സ്ഥാനാരോഹണത്തിന് അകമ്പടിയായി ഉണ്ടായില്ല എന്നതാണ് ഇത്തവണ എടുത്തുപറയേണ്ട വ്യത്യസ്തത. പഴയ പ്രസിഡന്റ് കെ. സുധാകരനും പുതിയ പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എയും ഒരേ വാഹനത്തിലാണ് സ്ഥാനാരോഹണ ചടങ്ങിന് ഇന്ദിരാഭവനിൽ വന്നിറങ്ങിയത്. അതുതന്നെ ഒരു അപൂർവതയാണ്. കേരളത്തിൽ പരക്കെ അറിയപ്പെടുന്ന തലയെടുപ്പുള്ള നേതാവൊന്നുമല്ല സണ്ണി ജോസഫ്. പക്ഷേ അദ്ദേഹത്തിന്റെ പക്വതയോടെയുള്ള പ്രതികരണങ്ങളും അഭിപ്രായപ്രകടനങ്ങളുമൊക്കെ ഒരു വലിയ നേതാവായി ഉയരുമെന്ന പ്രതീക്ഷ നൽകുന്നതാണ്.

കെ.പി.സി.സി നേതൃത്വത്തിന് താരതമ്യേന യുവത്വം പകർന്നതാണ് ഇത്തവണത്തെ മാറ്റങ്ങൾ. ഷാഫി പറമ്പിൽ എം.പി, എം.എൽ.എമാരായ പി.സി. വിഷ്‌ണുനാഥ്, എ.പി. അനിൽകുമാർ എന്നിവർ വർക്കിംഗ് പ്രസിഡന്റുമാരും അടൂർ പ്രകാശ് എം.പി യു.ഡി.എഫ് കൺവീനറുമായാണ് സ്ഥാനമേറ്റിരിക്കുന്നത്. കോൺഗ്രസിന്റെ സൗമ്യ മുഖങ്ങളാണ് ഇവരെല്ലാം. അതേസമയം ജനപ്രതിനിധികൾ എന്ന നിലയിൽ കഴിവ് തെളിയിച്ചിട്ടുള്ളവർ എന്നതിനു പുറമെ കോൺഗ്രസുകാർ അല്ലാത്തവർക്കിടയിൽക്കൂടി അംഗീകാരം പിടിച്ചുപറ്റിയവർ തന്നെയാണ്. തീർച്ചയായും കോൺഗ്രസിന് നവോന്മേഷം പകരുന്ന പുതിയ ശൈലിയിലുള്ള ഒരു പ്രവർത്തനം ഇവരിൽ നിന്ന് ഉണ്ടാകാതിരിക്കാൻ തരമില്ല. തലയെടുപ്പുമുള്ള നേതാക്കൾ വഴിമുടക്കാതെ നിന്നാൽ പുതിയ വഴി വെട്ടിത്തെളിക്കാൻ ഇവർ എന്തുകൊണ്ടും പ്രാപ്തരാണ്.

ഏതാണ്ട് പത്തുവർഷമായി യു.ഡി.എഫ് അധികാരത്തിൽ നിന്ന് അകന്നു നിൽക്കുകയാണ്. അതിനാൽ,​ വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വെന്നിക്കൊടി പാറിക്കേണ്ടത് ഇവരുടെ നിലനിൽപ്പിന്റെ കൂടി പ്രശ്നമാണ്. പിണറായി വിജയനെയും കുടുംബത്തിലുള്ളവരെയും വിമർശിച്ചതുകൊണ്ടു മാത്രം യു.ഡി.എഫിന് അധികാരത്തിൽ വരാനാവില്ലെന്നു മാത്രമല്ല,​ അത് അതിരുകടന്നാൽ തിരിച്ചടിക്കുകയും ചെയ്യും. വിമർശനം കൂടുന്തോറും വർദ്ധിച്ച ശക്തി കൈവരിക്കുന്ന നേതാവാണ് പിണറായി. ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ കാര്യവും വ്യത്യസ്തമല്ല. അതിനാൽ വ്യക്തിപരമായ വിമർശനങ്ങൾക്ക് മുൻതൂക്കം നൽകാതെ എൽ.ഡി.എഫിന്റെ ഭരണപരാജയങ്ങൾ തുറന്നുകാട്ടുന്ന തന്ത്രം ആവിഷ്‌കരിക്കാതെ കോൺഗ്രസിന് നഷ്ടപ്പെട്ട ബഹുജനാടിത്തറ വീണ്ടെടുക്കാനാവില്ല. ഓരോ നിയമസഭാ മണ്ഡലത്തിലും പലവിധ പരിഗണനയുടെയും പേരിൽ തട്ടിൻപുറത്തുള്ളവരെ സ്ഥാനാർത്ഥികളാക്കാതെ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളിൽ ചടുലമായി ഇടപെടുന്ന യുവനിരയ്ക്ക് പ്രാധാന്യം നൽകിയാൽത്തന്നെ പകുതി വിജയം ഉറപ്പാക്കാനാവും.

സ്ഥാനാർത്ഥി നിർണയത്തിൽ സമൂഹത്തിലെ ചില പ്രമുഖ സമുദായങ്ങളെ മുൻവിധിയുടെ അടിസ്ഥാനത്തിൽ തഴഞ്ഞാൽ അത് തിരിച്ചടിയാകുമെന്ന് പുതിയ നേതൃത്വം കരുതുന്നത് ഗുണമല്ലാതെ ദോഷം വരുത്തില്ല.

തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും മിന്നുന്ന വിജയം എന്ന ദൗത്യമാണ് ഏറ്റെടുക്കുന്നതെന്നാണ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പ്രസ്താവിച്ചത്. അഴിമതിയിലും ധൂർത്തിലും ജനദ്രോഹ നടപടികളിലും മുങ്ങിക്കുളിച്ച പിണറായി ഭരണത്തോട് സന്ധിയില്ലാത്ത പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മറ്റ് ഉപതിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് ഗംഭീര വിജയം നേടിക്കൊടുത്തതിനു ശേഷമാണ് കെ. സുധാകരൻ പാർട്ടി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിരിക്കുന്നത്. ഈ വിജയങ്ങൾ ഇതേപടി തുടരാനാകുമോ എന്ന 'മില്യൺ ഡോളർ" ചോദ്യമാണ് പുതിയ നേതൃത്വത്തെ ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള ചക്കളത്തിപ്പോരാട്ടം ഒഴിവാക്കി, ചിട്ടയോടെ പ്രവർത്തിച്ചാൽ യു.ഡി.എഫിനെ സംബന്ധിച്ച് പുതിയ പ്രഭാതം അകലെയാണെന്ന് പറയാനാവില്ല.

TAGS: KPPC, SUDHAKARAN, SUNNYJOSEPH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.