കേരളത്തിൽ കശുവണ്ടിയുടെ പ്രധാന ഉത്പാദന മേഖലയാണ് കണ്ണൂർ കാസർകോട് ജില്ലകൾ. ഇവിടത്തെ മലയോര കർഷകരുടെ പ്രധാന വരുമാനമാർഗം കൂടിയാണ് കശുവണ്ടി. എന്നാൽ വേനൽ മഴയും സർക്കാർ തലത്തിൽ നടപടി ഇല്ലാത്തതും കശുവണ്ടി കർഷകരെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. ഒരു കാലത്ത് മലയോര കർഷകർക്കു കശുവണ്ടിക്കാലം സമൃദ്ധിയുടെ പൂക്കാലമായിരുന്നു. കുറച്ചു വർഷങ്ങളായി പക്ഷേ കർഷകന് കടുത്ത നിരാശയാണ് സമ്മാനിക്കുന്നത്.
ഉത്പാദനക്കുറവും വിലയിടിവും
കശുവണ്ടിക്കുണ്ടായ വിലയിടിവും ഉത്പാദനക്കുറവും ഒപ്പം വന്യമൃഗ ശല്യവും, മലയോര മേഖലയിലെ കശുവണ്ടി കർഷകരെ നിരാശയിലാക്കി. ഇക്കുറി തുടക്കത്തിൽ 165 രൂപയുണ്ടായിരുന്ന കശുവണ്ടിയുടെ വില വേനൽമഴ എത്തിയതോടെ കുറഞ്ഞ് 125-130 രൂപയായി. വേനൽ മഴയിൽ കുതിർന്ന് നിറം മങ്ങിയതോടെയാണ് കശുവണ്ടിയുടെ വില കുത്തനെ ഇടിഞ്ഞത്. വേനൽമഴ ചൂടിന് അൽപം ആശ്വാസം നൽകിയെങ്കിലും കർഷകർ നിരാശയിലാണ്. വില ഇനിയും കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്. മഴ പെയ്യാൻ സാദ്ധ്യതയുള്ളതിനാൽ ഉത്പാദനത്തെയും ഗണ്യമായി ഇത് ബാധിക്കും. കാലം തെറ്റി പെയ്യുന്ന മഴ പൂ കരിച്ചിലിനും, രോഗബാധക്കും കാരണമാകുന്നുണ്ട്. കൂടാതെ മലയോര മേഖലയിലെ വന്യമൃഗ ശല്യം കശുവണ്ടി ശേഖരണത്തെ കാര്യമായി ബാധിക്കുന്നുണ്ട്. കാട്ടാന, കുരങ്ങ്, മുള്ളൻ പന്നി, കാട്ടുപന്നി, മലാൻ തുടങ്ങിയവയെല്ലാം കൂട്ടത്തോടെ തമ്പടിച്ചിരിക്കുന്നതിനാൽ കശുവണ്ടി ശേഖരിക്കാൻ പോലും പോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. മുള്ളൻ പന്നിയും കുരങ്ങും മലയണ്ണാനും വ്യാപകമായി കശുവണ്ടി തിന്ന് നശിപ്പിക്കുന്നുമുണ്ട്. മികച്ച വിളവും ഉയർന്ന വിലയും പ്രതീക്ഷിച്ചു ലക്ഷങ്ങൾ കടമെടുത്ത് തോട്ടം പാട്ടത്തിനെടുത്ത നിരവധി പേർ ഇന്ന് കടക്കെണിയിലാണ്. കർഷകർ വിൽപ്പനക്ക് എത്തിക്കുന്ന കറുപ്പ് നിറമുളള കശുവണ്ടി വാങ്ങാൻ വ്യാപാരികളും മടികാണിക്കാനും തുടങ്ങി. തുടർച്ചയായി മഴ പെയ്താൽ കശുവണ്ടി കറുപ്പ് നിറത്തിലാകും. ഇത്തരം കശുവണ്ടി വാങ്ങാൻ മൊത്തവ്യാപാരികൾ തയാറാകില്ല.
തറവിലയിലും തിരിച്ചടി
സർക്കാർ തറവില പ്രഖ്യാപിക്കുന്നത് കാത്തിരുന്ന കശുവണ്ടി കർഷകർക്ക് ഇക്കുറി തിരിച്ചടി നേരിട്ടു. കിലോഗ്രാമിന് 110 രൂപയാണ് പ്രഖ്യാപിച്ചത്. മുൻവർഷം 114 രൂപയായിരുന്നു. 150 രൂപയെങ്കിലും തറവില ഉണ്ടാകുമെന്നാണ് കർഷകർ പ്രതീക്ഷിച്ചത്. പ്ലാന്റേഷൻ കോപ്പറേഷന്റെ അധീനതയിലുള്ള കശുവണ്ടി കഴിഞ്ഞവർഷം 130 രൂപയ്ക്ക് സംഭരിച്ചിരുന്നു. അത്രപോലും വന്നില്ല ഇത്തവണ. മുൻകാലങ്ങളിൽ സഹകരണ സംഘങ്ങൾ വഴി നേരിട്ട് കശുവണ്ടി വികസന കോർപ്പറേഷൻ സംഭരിച്ചിരുന്നു. സഹകരണ സംഘങ്ങൾക്ക് മുൻകൂറായി പണം അനുവദിക്കുന്നതിലും സംഭരിച്ച കശുവണ്ടി യാഥാസമയം സംഘങ്ങളിൽനിന്ന് ഏറ്റെടുക്കാൻ കഴിയാഞ്ഞതും വലിയ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. ഉത്പാദനച്ചെലവ് കൂടിയിരിക്കെ തുച്ഛമായ തറവിലകൊണ്ട് കർഷകന് ഒന്നും മിച്ചമില്ലാത അവസ്ഥയാണ് ഉണ്ടാകുന്നത്.
കശുമാങ്ങയ്ക്ക് 15 രൂപ
കശുവണ്ടി വികസന കോർപ്പറേഷന്റെ അധീനതയിലുള്ള വിവിധ സംരംഭങ്ങളിലൂടെ കശുമാങ്ങയിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായാണ് കശുമാങ്ങയ്ക്ക് കിലോയ്ക്ക് 15 രൂപ കണക്കാക്കിയുള്ള വിലനിർണയം നടത്തിയിരിക്കുന്നത്. അച്ചാർ, ജാം, സ്ക്വാഷ് തുടങ്ങിയ ഉത്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്. പതിവിന് വിപരീതമായി ഇക്കുറി 15 രൂപ തറവില നിശ്ചയിച്ചെങ്കിലും ഒരു കിലോ മാങ്ങ പോലും എവിടെയും ശേഖരിച്ചില്ല. കാലാകാലമായി ടൺകണക്കിന് കശുമാമ്പഴം പാഴാക്കിക്കളയുകയാണ് കർഷകർ. മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിച്ച് വിപണി കണ്ടെത്തിയാൽ കശുവണ്ടിക്ക് തുല്യമായ വില കശുമാങ്ങയ്ക്കും ഉറപ്പാക്കാൻ കഴിയുമെന്നാണ് കർഷകർ പറയുന്നത്. റബ്ബറിനും തേങ്ങയ്ക്കുമുണ്ടായ വിലത്തകർച്ചയെ തുടർന്ന് കശുമാവ് കൃഷിക്കാണ് അടുത്ത കാലത്ത് കർഷകർ പ്രധാന്യം നൽകിയത്. പുതിയ മാവിനങ്ങൾ എത്തിയതും പ്രതീക്ഷയായി. എന്നാൽ, കൃഷിവകുപ്പ് ഈ കൃഷിക്ക് വേണ്ടത്ര പ്രോത്സാഹനം നൽകുന്നില്ലെന്ന പരാതി കർഷകർക്കുണ്ട്. തടതുരപ്പൻ പുഴു, തേയിലക്കൊതുക് എന്നിവയുടെ ശല്യവും തുടരുകയാണ്. ഇതിനിടയിൽ വിലയിലെ ചാഞ്ചാട്ടം കൂടിയായതോടെ കശുമാവ് കൃഷിയിൽനിന്ന് കർഷകർ പിന്തിരിയുന്ന സ്ഥിതിയുണ്ട്. അധികൃതർ കർഷകരുടെ പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിച്ചാൽ കശുവണ്ടി കൃഷി ഉപേക്ഷിക്കാൻ കർഷകർ നിർബന്ധിതരാവും. മഴയുടെ പേരിൽ വൻതോതിൽ വിലയിടിവ് നേരിടുന്ന കശുവണ്ടി കൃഷിയെ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ ഇന്നും സംവിധാനമില്ല.
കണ്ണൂർ ഫെനി കടലാസിൽ
പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ സർക്കാർ അനുമതി നൽകാൻ തീരുമാനിച്ചതോടെ പ്രതീക്ഷ വാനോളമുയർന്നിരുന്നു. ഉപയോഗിക്കാതെ നശിച്ചപോകുന്ന കശുമാങ്ങയ്ക്ക് ഇനി നല്ല വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കണ്ണൂരിലെ കർഷകർ. പയ്യാവൂർ സർവീസ് സഹകരണ ബാങ്കിനാണ് ഉത്പാദന അനുമതി. ബിവറേജസ് കോർപ്പറേഷൻ വഴിയാണ് മദ്യം വിൽക്കുക. മദ്യം ഉത്പാദിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിക്കഴിഞ്ഞിരുന്നു. 1991 മുതൽ ഇതിനായുള്ള പരിശ്രമങ്ങൾ തുടങ്ങിയിരുന്നു. നിലവിൽ ഗോവയിൽ മാത്രമാണ് സർക്കാർ അംഗീകാരത്തോടെ കശുമാങ്ങയിൽ നിന്നും മദ്യം ഉത്പാദിപ്പിക്കുന്നത്. പഴങ്ങൾ ഉപയോഗിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള നിർദ്ദേശം 2022ലെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് കശുമാങ്ങായിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കാൻ പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് സർക്കാർ അനുമതി നൽകിയത്. 2016ലാണ് ബാങ്ക് ഭരണ സമിതി ഇത് സംബന്ധിച്ച വിശദമായ പദ്ധതി രേഖ മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. എക്സൈസ് വകുപ്പിന്റെ അന്തിമാനുമതി ലഭിക്കുന്ന മുറക്ക് എത്രയും പെട്ടന്നു തന്നെ ഫെനിയുടെ ഉത്പാദനം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ബാങ്ക് ഭരണസമിതി പറഞ്ഞു. 200 രൂപയാണ് ഒരു ലിറ്റർ ഫെനിയുടെ ഉത്പാദന ചെലവ് പ്രതീക്ഷിക്കുന്നത്. ബീവറേജ് കോർപറേഷൻ വഴി 500 രൂപ നിരക്കിൽ വിൽപന നടത്തിയാൽ തന്നെ ലാഭകരമാകും. പയ്യാവൂരിൽ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള രണ്ടര ഏക്കർ സ്ഥലത്താണ് ഫെനി ഉത്പാദിപ്പിക്കുക. ചെലവുകുറഞ്ഞ കൃഷിയാണ് കശുമാവ്. തരിശായ സ്ഥലം മാത്രം മതി. വെള്ളവും വളവും വേണ്ട. നിലവിൽ പോഷകസമൃദ്ധമായ കശുമാങ്ങ തോട്ടങ്ങളിൽ ചീഞ്ഞളിഞ്ഞു പോവുകയാണ്. ഫെനി ഉത്പാദനം തുടങ്ങിയാൽ കശുമാങ്ങയ്ക്കും വില കിട്ടന്നതോടെ കശുമാവ് കൃഷിയും വർദ്ധിക്കും. ഒരു കിലോ കശുവണ്ടിയുടെ പഴത്തിന്റെ തൂക്കം ശരാശരി 9.700 കിലോയാണ്. ഇത്രയും പഴത്തിൽ നിന്ന് 5.5 ലീറ്റർ നീര് കിട്ടും. ഈ നീര് സംസ്കരിച്ചാൽ അര ലീറ്റർ ഫെനി കിട്ടും. കശുവണ്ടി വിലയിൽ ഏറ്റകുറച്ചിലുകളുണ്ടായാലും ഫെനിയുടെ വിലയിൽ മാറ്റമുണ്ടാകില്ല. അതുകൊണ്ടു തന്നെ കശുമാങ്ങ കശുവണ്ടിയേക്കാൾ മൂല്യമേറിയതായി മാറും. വിദേശ വിനോദ സഞ്ചാരികളുടെ ജനപ്രിയ പാനീയമാണ് ഗോവൻ ഫെനി. കേരളത്തിൽ സമൃദ്ധമായി ലഭിക്കുന്ന കശുമാങ്ങയിൽ നിന്നും മദ്യം ഉണ്ടാക്കുന്നതിലൂടെ ടൂറിസം മേഖലയെയും പരിപോഷിപ്പിക്കാൻ കഴിയും.
വീണടിയുന്നു കോടികളുടെ മുതൽ
ലോകത്തിലെ മേൽത്തരം കശുമാവുകളുടെ കേന്ദ്രമായ കണ്ണൂർ, കാസർകോട് ജില്ലകളിൽ കോടിക്കണക്കിന് രൂപയുടെ പോഷകസമൃദ്ധമായ കശുമാങ്ങയാണ് വർഷന്തോറും വീണടിയുന്നത്. ഗോവൻ മാതൃകയിൽ കശുമാങ്ങയിൽ നിന്ന് ഫെനിക്ക് സമാനമായ മദ്യം ഉത്പാദിപ്പിക്കാമെന്നിരിക്കെയാണ് കശുമാവിനെ പാടെ അവഗണിക്കുന്നതും കർഷകനെ സഹായിക്കാനുള്ള അവസരം കളഞ്ഞുകുളിക്കുന്നതും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |