കണ്ണൂർ: പിണറായി കായലോട് പറമ്പായിയിൽ സദാചാര വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി. താലിബാനിസമാണ് നടന്നതെന്നും ഭർത്താവല്ലാത്ത ആളോട് മുസ്ലീം സ്ത്രീകൾ സംസാരിക്കാൻ പാടില്ലെന്നത് ചിലരുടെ ചിന്താഗതിയാണെന്നും ശ്രീമതി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
തീവ്രവാദ പ്രവർത്തനത്തിന്റെ ഭീകരത ബോദ്ധ്യപ്പെടുത്തുന്ന സംഭവമാണിത്. ആത്മഹത്യയെന്ന പേര് പറയാമെങ്കിലും ആൾക്കൂട്ട കൊലപാതകമാണ് നടന്നതെന്നും പഞ്ചാലി വസ്ത്രാക്ഷേപം പോലെ ആൾക്കൂട്ടത്തിന്റെ മുന്നിൽ പെൺകുട്ടി അപമാനിതയായെന്നും ശ്രീമതി വ്യക്തമാക്കി. സംഭവത്തിന് പിന്നിലുള്ള മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്നും അവർ കൂട്ടിച്ചേർത്തു.
സംഭവത്തിൽ അറസ്റ്റിലായ മൂന്ന് എസ് ഡി പി ഐ പ്രവർത്തകരെ റിമാൻഡ് ചെയ്‌തിട്ടുണ്ട്. രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ ഉണ്ടെന്നും സൂചനയുണ്ട്. പറമ്പായി റസീന മൻസിലിൽ റസീനയെ (40) ചൊവ്വാഴ്ചയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പറമ്പായി എം സി മൻസിലിൽ വി സി മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ എ ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി കെ റഫ്സാൻ (24) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച വൈകിട്ട് മൂന്നിന് കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികിൽ റസീന ആൺസുഹൃത്തിനോട് സംസാരിച്ച് നിൽക്കുന്നതിനെ ചോദ്യം ചെയ്താണ് അഞ്ചംഗ സംഘം സദാചാര വിചാരണ നടത്തിയത്. തുടർന്ന് റസീനയെ അസഭ്യവർഷം നടത്തി വീട്ടിലേക്ക് അയച്ചു. ആൺ സുഹൃത്തിനെ കുട്ടിച്ചാത്തൻ മഠത്തിന് സമീപത്തെ ബിഗ് നഴ്സറിയുടെ ഗ്രൗണ്ടിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. മൊബൈലും ടാബും പിടിച്ചെടുത്തു. രാത്രി എട്ടരയോടെ പറമ്പായിലെ എസ് ഡി പി ഐ ഓഫീസിൽ എത്തിച്ചും വിചാരണ തുടർന്നു. അർദ്ധരാത്രി ബന്ധുക്കളെ വിളിച്ചുവരുത്തിയാണ് വിട്ടയച്ചത്.
റസീനയുടെ ബന്ധുക്കളെയും വിളിച്ചു വരുത്തിയിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലൂടെ അപവാദ പ്രചാരണവും നടത്തി. പ്രതികൾ പിടിച്ചെടുത്ത മൊബൈലും ടാബും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രവാസിയായ ധർമ്മടം ഒഴയിൽ എം കെ റഫീഖിന്റെ ഭാര്യയാണ് റസീന. പിതാവ് എ.മുഹമ്മദിന്റെ പരാതിയിലാണ് കേസെടുത്തത്.
റസീനയുടെ വസ്ത്രത്തിൽ നിന്ന് ലഭിച്ച ആത്മഹത്യക്കുറിപ്പിൽ പ്രതികളുടെ പേരുകളടക്കം സദാചാര വിചാരണയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. തുടർന്ന് പിണറായി സ്റ്റേഷൻ ഇൻസ്‌പെക്ടർ എൻ അജീഷ് കുമാർ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |