മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയുമടക്കം നാലുപേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കേഡൽ ജിൻസൺ രാജ എന്ന മുപ്പത്തിനാലുകാരന് 12 വർഷം കഠിനതടവും പിന്നാലെ ജീവപര്യന്തവും 15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരിക്കുന്നു. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന വാദം തള്ളിയാണ് തിരുവനന്തപുരം ആറാം അഡിഷണൽ ജില്ലാ ജഡ്‌ജി കെ. വിഷ്ണു ശിക്ഷ വിധിച്ചത്. ജീവപര്യന്തം ശിക്ഷയ്ക്കു മുൻപായി പ്രതി 12 വർഷം കഠിന തടവ് അനുഭവിക്കണമെന്ന് കോടതി പ്രത്യേകം ഉത്തരവിട്ടിട്ടുണ്ട്. ആത്മാവിനെ ശരീരത്തിൽ നിന്ന് മോചിപ്പിക്കുന്നതിന് ഈ കൊലപാതകങ്ങൾ ഉതകുമെന്നാണ് സാത്താൻ സേവയിൽ ആകൃഷ്ടനായിരുന്ന പ്രതി വിശ്വസിച്ചിരുന്നതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
തിരുത്താൻ കഴിയാത്ത തെറ്റുകളെ സംബന്ധിച്ച ഓർമ്മകളാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഭാരം. ഈ ഭാരവും താങ്ങി ഒരു മനുഷ്യായുസിന്റെ ഏറിയ പങ്കും സ്വാതന്ത്ര്യം നഷ്ടപ്പെട്ട് ജയിലിൽ കഴിയേണ്ടിവരുന്ന ശിക്ഷയ്ക്ക് എന്തുകൊണ്ടും തികച്ചും അർഹനാണ് നിഷ്ഠുരനായ കേഡൽ എന്ന ഈ കുറ്റവാളി. 2017 ഏപ്രിലിൽ നന്തൻകോട് ബെയിൻസ് കോമ്പോണ്ട് 117-ൽ റിട്ട. പ്രൊഫ. രാജ തങ്കം, ഭാര്യ ഡോ. ജീൻ പത്മ, മകൾ കാരലിൻ, ബന്ധു ലളിത എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്. പ്രതിക്കു ലഭിച്ച ശിക്ഷയനുസരിച്ച് ഏറ്റവും കുറഞ്ഞത് മുപ്പതു വർഷം ഇയാൾ ജയിലിൽ കഴിയേണ്ടിവരും. തുടക്കത്തിൽ ചില മാനസികാസ്വാസ്ഥ്യങ്ങൾ ഇയാൾ പ്രകടിപ്പിച്ചിരുന്നെങ്കിലും ഇപ്പോൾ ഇയാൾ നിശബ്ദനായാണ് തടവിൽ കഴിയുന്നത്. മാനസിക പ്രശ്നമുണ്ടെന്നു പറഞ്ഞ് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ നോക്കിയെങ്കിലും അതു ഫലിച്ചില്ല.
കൃത്യമായ ആസൂത്രണത്തിനു ശേഷമാണ് പ്രതി കുറ്റകൃത്യം നടപ്പാക്കിയത്. ഇതിനായി മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾ നടത്തുകയും കൊല്ലാൻ ഉപയോഗിച്ച ആയുധമായ മഴു ഓൺലൈനിലൂടെ വാങ്ങിവയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ മനുഷ്യശരീരത്തിന്റെ ഡമ്മിയുണ്ടാക്കി അതിൽ കൊലപാതകം പരിശീലിക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിനു ശേഷം മൃതദേഹങ്ങൾ ഒളിപ്പിക്കാനും പെട്രോൾ ഒഴിച്ച് കത്തിക്കാനുമൊക്കെ ശ്രമിച്ച പ്രതി ശരിയായ ബോധത്തോടു കൂടിത്തന്നെയാണ് കൊലപാതകങ്ങൾ നടത്തിയതെന്ന നിഗമനത്തിലാണ് കോടതി എത്തിയത്. മാത്രമല്ല, കുറ്റകൃത്യം നടത്തുമ്പോൾ മാനസിക പ്രശ്നത്തിന് പ്രതി ചികിത്സ തേടിയിരുന്നുമില്ല. ഈ നാലുപേർക്കു പുറമെ, അമ്മാവൻ ജോസ് സുന്ദരത്തെക്കൂടി വധിക്കാൻ ഇയാൾക്ക് പദ്ധതിയുണ്ടായിരുന്നു എന്നാണ് പൊലീസ് വെളിപ്പെടുത്തിയത്. നാല് കൊലപാതകങ്ങൾ നടത്തിയതിനു ശേഷം ജോസിന്റെ വീട്ടിലെത്തിയിരുന്നെങ്കിലും സാഹചര്യങ്ങൾ അനുകൂലമാകാത്തതിനാലാണ് ജോസിനെ വധിക്കാൻ കഴിയാതിരുന്നതെന്നാണ് പൊലീസിന്റെ നിഗമനം.
കേസിൽ ഒന്നാം സാക്ഷിയായ ജോസിന്റെ നിർണായക മൊഴിയാണ് പ്രോസിക്യൂഷന് ബലം പകർന്നത്.
മൃതദേഹങ്ങൾ കത്തിക്കാൻ ശ്രമിക്കവെ വീടിനാകെ തീപിടിച്ചതാണ് അരുംകൊല പുറംലോകമറിയാൻ ഇടയാക്കിയത്. വീട്ടുകാരുടെ നിരന്തര അവഗണനയാണ് കൊലപാതകങ്ങൾക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രതി കോടതിയിൽ നൽകിയിരിക്കുന്ന മൊഴി. എന്നാൽ, സാത്താൻ സേവയായ ആസ്ട്രൽ പ്രൊജക്‌ഷന്റെ ഭാഗമായാണ് താൻ കൊലപാതകങ്ങൾ നടത്തിയതെന്നാണ് പ്രതി ആദ്യം കോടതിയിൽ നൽകിയിരുന്ന മൊഴി.
ഈ കേസ് കൃത്യമായ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ സമർത്ഥമായി തെളിയിക്കാൻ കഴിഞ്ഞ പൊലീസ് അന്വേഷണ ഉദ്യോഗസ്ഥരും പഴുതുകളടച്ച വാദങ്ങളുയർത്തി ശിക്ഷ വാങ്ങി നൽകിയ പ്രോസിക്യൂഷനും അഭിനന്ദനം അർഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |