തിരുവനന്തപുരം: നിലയ്ക്കലിൽ പാർക്കിംഗ് ഫീസ് പിരിക്കുന്നതിന് ടെൻഡർ നൽകിയതിലെ ക്രമക്കേട് കണ്ടെത്തിയ വിജിലൻസ്, രണ്ട് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കും കരാറുകാരനുമെതിരേ ഇന്നലെ കേസെടുത്തു. 2022-23 ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടന കാലഘട്ടത്തിലായിരുന്നു ക്രമക്കേട്.
പരാതികളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേടുണ്ടെന്ന് കണ്ടെത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ദേവസ്വം കമ്മിഷണറായിരുന്ന ബി.എസ്.പ്രകാശ്,ശബരിമല എക്സിക്യുട്ടിവ് ഓഫീസറായ എച്ച്.കൃഷ്ണകുമാർ എന്നിവർ കോൺട്രാക്ടറായ സജീവനുമായി ഗൂഢാലോചന നടത്തിയതായി കണ്ടെത്തി. ടെൻഡർ നോട്ടീസിന് വേണ്ട പ്രചാരണം നൽകിയില്ല,കോൺട്രാക്ടർ സമർപ്പിച്ച രേഖകൾ ശരിയായ വിധത്തിൽ പരിശോധിച്ചില്ല,ബാങ്ക് ഗ്യാരണ്ടി വാങ്ങുന്നതടക്കം മാനദണ്ഡങ്ങൾ പാലിക്കാതെ ടെൻഡർ അനുവദിച്ചു,കരാറുകാരൻ അടയ്ക്കേണ്ട ബാലൻസ് തുക അടച്ചതുമില്ല എന്നിങ്ങനെയാണ് ക്രമേക്കേടുകൾ. ഇതുകാരണം ദേവസ്വം ബോർഡിന് 1,41,13,314 രൂപയുടെ നഷ്ടമുണ്ടായെന്നും വിജിലൻസ് കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |