ന്യൂഡൽഹി: വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ എതാനും മീറ്ററുകൾ മാത്രം ശേഷിക്കെയാണ് ലാൻഡറുമായുള്ള ആശയവിനിമയം ഐ.എസ്.ആർ.ഒയ്ക്ക് നഷ്ടപെട്ടത്. വിജയത്തിന് തൊട്ടടുത്ത് എത്തുമ്പോൾ അത് കൈവിട്ടു പോകുന്നത് ആരുടേയും ഉള്ളുലയ്ക്കുന്ന കാര്യം തന്നെയാണ്. അതുകൊണ്ടാണ് തിരിച്ചടി നേരിട്ടതറിഞ്ഞ് വിങ്ങിപ്പൊട്ടിയ ഐ.എസ്.ആർ.ഒ ചെയർമാൻ കെ.ശിവനോടൊപ്പം രാജ്യവും കണ്ണീരണിഞ്ഞത്. ഈ സമയത്താണ് ഇന്ത്യയുടെ 'മിസൈൽ മാൻ' ഡോക്ടർ എ.പി.ജെ അബ്‌ദുൾ കലാമിന്റെ വാക്കുകൾ പ്രസക്തമാകുന്നത്.
1979ൽ ഇന്ത്യയുടെ എസ്.എൽ.വി 3 കൃത്രിമ ഉപഗ്രഹ വിക്ഷേപണത്തിനിടെ ഉണ്ടായ പരാജയം വകവയ്ക്കാതെ അബ്‌ദുൾ കലാമും ഐ.എസ്.ആർ.ഒയും മുന്നോട്ട് പോയത് കൊണ്ടാണ് ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങളിൽ പലതും യാഥാർഥ്യമായത്. 2013ൽ ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അബ്‌ദുൾ കലാം ഇക്കാര്യം വെളിപ്പെടുത്തിയത്. എസ്.എൽ.വി 3യുടെ വിക്ഷേപണ സമയത്ത് മിഷൻ കൺട്രോളിലുള്ള കമ്പ്യൂട്ടറിൽ ദൗത്യത്തിലുള്ള തകരാർ കാണിച്ചിരുന്നു.
എന്നാൽ ദൗത്യം വിജയിപ്പിക്കാനുള്ള ആഗ്രഹത്തിൽ പ്രോജക്ട് കോർഡിനേറ്ററായ അബ്‌ദുൾ കലാം ലോഞ്ചിന് അനുമതി നൽകി. എന്നാൽ വിക്ഷേപിച്ച റോക്കറ്റ് ഉപഗ്രഹവുമായി ബംഗാൾ ഉൾക്കടലിൽ പതിക്കുകയായിരുന്നു. കലാമിന് പഴി കേൾക്കാതിരിക്കാൻ പരാജയത്തിന്റെ ഉത്തരവാദിത്തം അന്നത്തെ ഐ.എസ്.ആർ.ഒ ചെയർമാനായ പ്രൊഫസർ സതീഷ് ധവാൻ ഏറ്റെടുക്കുകയായിരുന്നു.
'മിഷന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം എന്നിൽ നിന്നും അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. അന്ന് ഞാൻ ഏറെ പ്രധാനപ്പെട്ട ഒരു പാഠമാണ് പഠിച്ചത്. അന്നവിടെ പരാജയം സംഭവിച്ചപ്പോൾ സ്ഥാപനത്തിന്റെ മേധാവി അതിന്റെ പരാജയം ഏറ്റെടുത്തു. എന്നാൽ വിജയം വന്നെത്തിയപ്പോഴോ അദ്ദേഹം ദൗത്യത്തിന്റെ ഭാഗമായ ടീമിനാണ് അതിന്റെ എല്ലാ ക്രെഡിറ്റും നൽകിയത്. സംഘടനാ ചുമതലയെ കുറിച്ചുള്ള ഏറ്റവും വലിയ പാഠമാണ് ഞാൻ അന്ന് പഠിച്ചത്. അത് പുസ്തകവായനയിലൂടെ ലഭിക്കുന്നതല്ല. അനുഭവത്തിലൂടെ മാത്രം കിട്ടുന്നതാണ്.' ഇന്ത്യ കണ്ട മഹാശാസ്ത്രഞ്ജന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |