
ധർമ്മശാല: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി- 20 പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് ബൗളിംഗിൽ മികച്ച പ്രകടനം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 20 ഓവറിൽ 117 റൺസിനാണ് ഇന്ത്യ ഓൾ ഔട്ടാക്കി കളിയിൽ ആധിപത്യം ഉറപ്പിച്ചത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിന്റെ അവസാന ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി കുൽദീപ് യാദവ് ആതിഥേയർക്ക് മികച്ച ഫിനിഷിംഗാണ് നൽകിയത്. ഡോനോവൻ ഫെറേരിയ (20) നടത്തിയ ചെറുത്തുനിൽപ്പിൽ വരുൺ ചക്രവർത്തിയാണ് തിരശ്ശീലയിട്ടത്.
വരുൺ ചക്രവർത്തി, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോവിക്കറ്റുകൾ വീതവും ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, ശിവം ദുബെ എന്നിവർ രണ്ട് വിക്കറ്റുകൾ വീതമാണ് വീഴ്ത്തിയത്. മത്സരത്തിന്റെ തുടക്കം തന്നെ ഹർഷിത് റാണ ക്വിന്റൺ ഡി കോക്കിനെ ഒരു റൺസിന് പുറത്താക്കി ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ ഓവറിൽ തന്നെ റീസ ഹെൻഡ്രിക്സിനെ പൂജ്യത്തിന് പുറത്താക്കി അർഷ്ദീപ് സിംഗ് ആധിപത്യം ഉറപ്പിച്ചിരുന്നു. ട്രിസ്റ്റൻ സ്റ്റബ്സിനെ പുറത്താക്കിയതിലൂടെ ഹാർദിക് പാണ്ഡ്യ ട്വന്റി- 20യിൽ തന്റെ നൂറാം വിക്കറ്റ് തികച്ചു. പരമ്പരയിൽ ഇന്നത്തെ മത്സരം ഇന്ത്യയ്ക്ക് ലീഡ് നൽകുമോ എന്ന് കാത്തിരുന്ന് കാണാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |